Sorry, you need to enable JavaScript to visit this website.

അന്യസംസ്ഥാന ഭക്തരെ എത്തിച്ച്  പ്രതിരോധിക്കുമെന്ന് രാഹുൽ ഈശ്വർ

കൊച്ചി - ശബരിമല വിഷയത്തിൽ റിവ്യൂ ഹരജികൾ പരിഗണിച്ച സുപ്രീം കോടതി യുവതി പ്രവേശനത്തെ തടയാത്ത സാഹചര്യത്തിൽ അന്യസംസ്ഥാനത്ത് നിന്നുള്ള ഭക്തരെ എത്തിച്ച് കൂടുതൽ പ്രതിരോധം തീർക്കുമെന്ന് അയ്യപ്പ ധർമ്മ സേന പ്രസിഡന്റ് രാഹുൽ ഈശ്വർ. 
ശബരിമലയിൽ യുവതി പ്രവേശനം തടയുമെന്ന പ്രഖ്യാപനത്തിൽ നിന്ന് പിന്നോട്ടില്ലെന്നും രാഹുൽ ഈശ്വർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജല്ലിക്കെട്ട് പോലുള്ള പ്രക്ഷോഭങ്ങൾ നയിച്ച തമിഴ്‌നാട്ടിൽ നിന്നുള്ള ഭക്തർക്ക് വിഷയം കൂടുതൽ വികാരപരമായി കൈകാര്യം ചെയ്യുവാൻ സാധിക്കും. തമിഴ്‌നാടിന് പുറമെ ആന്ധ്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും നാമജപ പ്രാർത്ഥനകൾക്കായി ഭക്തരെത്താമെന്ന് അറിയിച്ചിട്ടുണ്ട്. യുവതികൾ പ്രവേശിക്കുന്ന സാഹചര്യമുണ്ടാവുകയാണെങ്കിൽ ഇവരെ മുന്നിൽ നിർത്തി പ്രതിഷേധ പരിപാടികൾ നയിക്കുമെന്നും മറ്റ് അക്രമങ്ങളുണ്ടാവുകയാണെങ്കിൽ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
കോടതി വിധി എതിരാവുകയാണെങ്കിൽ മണ്ഡല-മകരവിളക്ക് മഹോൽസവത്തിനായി നട തുറക്കുന്നതിന് തലേന്ന് തന്നെ സന്നിധാനത്തെത്തി പ്രതിഷേധ പരിപാടികൾക്ക് രൂപം നൽകും. അക്രമങ്ങളെ പ്രോൽസാഹിപ്പിക്കുകയില്ലെന്നും ഗാന്ധി മാർഗത്തിലൂടെയുള്ള പ്രതിഷേധ പരിപാടികളാണ് നടപ്പിലാക്കുകയെന്നും രാഹുൽ ഈശ്വർ അറിയിച്ചു. ശബരിമല വിഷയത്തിൽ മനഃപൂർവം പ്രശ്‌നങ്ങൾ സൃഷ്ടിക്കുവാൻ മുഖ്യമന്ത്രിക്കൊപ്പം ഗൂഢാലോചന നടത്തിയെന്ന് ബിജെപി മുഖപത്രത്തിൽ വന്ന വാർത്തയെ പുഛിച്ച് തള്ളുന്നു. അത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് മനോരോഗമായിരിക്കും. വിവരമുള്ളവർ അത്തരം കഥകൾ വിശ്വസിക്കുമെന്ന് കരുതില്ല. 
ജെല്ലിക്കെട്ട് മാതൃകയിൽ ഓർഡിനൻസ് കൊണ്ടുവന്ന് സുപ്രീം കോടതി വിധിയെ മറികടക്കുവാൻ ഇനിയും സാധ്യതകളുണ്ട്. അതുവരെ യുവതി പ്രവേശനത്തിൽ നിന്ന് ശബരിമലയെ സംരക്ഷിക്കുന്നതിന് മുന്നിൽ നിന്ന് പ്രവർത്തിക്കും. മണ്ഡല-മകരവിളക്ക് കാലം പൂർത്തിയാകുന്നതുവരെ ശബരിമലയിൽ തങ്ങുമെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി. 

Latest News