Sorry, you need to enable JavaScript to visit this website.

ചിത്രങ്ങൾ  തുടച്ചുമായ്ക്കപ്പെടുമ്പോൾ

വാഗൺ ട്രാജഡി ചിത്രം മായ്ച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ തിരൂരിലും മലപ്പുറത്തുമൊക്കെ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. റെയിൽവേയുടെ നടപടിയോട് മൗനം പാലിച്ചവർ ചരിത്രത്തെ മായ്ക്കാൻ വെമ്പൽകൊള്ളുന്നവരാണ്. ദേശവ്യാപകമായി ശക്തി സംഭരിക്കാൻ ശ്രമിക്കുന്ന ചരിത്രനിഷേധികൾക്കായി കുഴലൂതുന്നവർ. 

ഉത്തർപ്രദേശിലെ ചരിത്ര നഗരങ്ങളായ അലഹാബാദിന്റെയും ഫൈസാബാദിന്റെയും അഹമ്മദാബാദിന്റെയുമൊക്കെ പേരുകൾ മാറ്റാൻ ബി.ജെ.പി സർക്കാർ ആലോചിക്കുന്നതായി പ്രഖ്യാപനങ്ങൾ വന്നതും കേരളത്തിലെ തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് മലബാർ ചരിത്രത്തിന്റെ ഭാഗമായ വാഗൺ ട്രാജഡി ചുമർചിത്രം തുടച്ചു മായ്ക്കപ്പെട്ടതും അടുത്തടുത്ത ദിവസങ്ങളിലാണ്. 
ബി.ജെ.പി സർക്കാരുകളുടെ താൽപര്യപ്രകാരം രാജ്യത്ത് കഴിഞ്ഞ ഒരു വർഷം 25 പ്രധാന നഗരങ്ങളുടെ പേരുകൾ മാറ്റുകയോ അതിനുള്ള ശ്രമങ്ങൾ ആരംഭിക്കുകയോ ചെയ്‌തെന്നാണ് ഏറ്റവുമൊടുവിൽ രാജ്യ തലസ്ഥാനത്തു നിന്ന് വരുന്ന വാർത്ത. സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളുടെ പേരുകൾ മുതൽ ഇന്ത്യൻ ചരിത്രത്തിന്റെ വേർപെടുത്താനാവാത്ത ഭാഗമായി നിൽക്കുന്ന ചെറുപട്ടണങ്ങളുടെ വരെ പേരുകൾ മാറ്റാനുള്ള ശ്രമങ്ങൾ നടന്നു വരുന്നു. തിരൂർ റെയിൽവേ സ്റ്റേഷനിലെ ചിത്രം മായ്ച്ചപ്പോൾ ഈ പ്രദേശത്തിന്റെ പ്രാദേശിക ചരിത്രവുമായി ബന്ധപ്പെട്ട ഒരു അടയാളം മായ്ച്ചു കളയുക എന്നതാണ് റെയിൽവേ മന്ത്രാലയം ചെയ്തത്. അതിന് അവരുടേതായ വാദങ്ങൾ ഉന്നയിക്കുകയും ചെയ്തു. 
ബ്രിട്ടീഷ് ഭരണത്തിനെതിരെ മലബാറിൽ നടന്ന പോരാട്ടത്തിന്റെ രക്തസാക്ഷിത്വമായിരുന്നു വാഗൺ ട്രാജഡി. അതിന് മുമ്പും ശേഷവും മലബാറിലെ ഒരു തലമുറയും ഭരണകൂടത്തിൽ നിന്ന് അത്രയും ക്രൂരമായ ദുരന്തം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടാകില്ല. ബ്രിട്ടീഷ് പട്ടാളക്കാർ മലബാറിലെ പോരാളികളായ മാപ്പിളമാരെ പിടികൂടി തീവണ്ടിയുടെ വാഗണിൽ അതിക്രൂരമായി കുത്തിനിറക്കുന്ന ചിത്രം തിരൂർ റെയിൽവേ സ്റ്റേഷനിൽ വരക്കപ്പെട്ടത് റെയിൽവേയുടെ അനുമതിയോടു കൂടി തന്നെയായിരുന്നു. പ്രാദേശികമായി പ്രാധാന്യമുള്ള ചിത്രങ്ങൾ റെയിൽവേ സ്റ്റേഷനുകളിൽ വരക്കാനും പ്രദർശിപ്പിക്കാനും റെയിൽവേ അധികൃതർ തന്നെയാണ് തീരുമാനിച്ചത്. എന്നാൽ തിരൂരിലെ ചിത്രത്തിന് എതിരെ പരാതികൾ ഉയർന്നതോടെയാണ് അത് മായ്ച്ചുകളയാൻ നിർദേശം നൽകിയതെന്നാണ് റെയിൽവേയുടെ വിശദീകരണം. സാമുദായിക സ്പർധ വളർത്തുന്ന ചരിത്രമാണ് ചിത്രീകരിച്ചതെന്നാണ് പരാതിക്കാരുടെ വാദം. അവരുടെ ഉദ്ദേശ്യം എന്തായാലും ലക്ഷ്യം വിജയം കണ്ടു. ചിത്രം എന്നന്നേക്കുമായി മാഞ്ഞു പോയി. എന്നാൽ ചരിത്രത്തെ ഇല്ലാതാക്കാനും വക്രീകരിക്കാനുമുള്ള നീക്കങ്ങൾ രാജ്യത്ത് സജീവമാണ് എന്ന സത്യമാണ് അതിലൂടെ വെളിപ്പെട്ടത്. കേന്ദ്ര സർക്കാറിന് കീഴിലുള്ള റെയിൽവേയുടെ ഭാഗത്തു നിന്ന് അത്തരം നീക്കം ആരംഭിക്കുമ്പോൾ ചില ചരിത്രങ്ങളെ മായ്ച്ചുകളയാനുള്ള ശ്രമങ്ങൾ രാജ്യത്തുടനീളം തീവണ്ടി പോലെ ഓടിക്കൊണ്ടിരിക്കുന്നുണ്ടെന്നുമാണ് മനസ്സിലാക്കേണ്ടത്.
ചരിത്രം വളച്ചൊടിക്കാനും മാറ്റിയെഴുതാനുമുള്ള ശ്രമങ്ങൾ എല്ലാകാലത്തും ഭരണകൂടങ്ങൾ നടത്തിയിട്ടുണ്ട്. പലപ്പോഴും അത് ആ ഭരണകൂടങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളെ പർവ്വതീകരിക്കാനോ എതിരാളികളുടെ അടയാളങ്ങളെ ഇല്ലാതാക്കാനോ വേണ്ടിയായിരുന്നു. സാമുദായികമായി പ്രാധാന്യമുള്ള ചരിത്ര ബിംബങ്ങളെ ഇല്ലാതാക്കാൻ ബ്രിട്ടീഷ് ഭരണകാലത്തു പോലും ശ്രമങ്ങൾ നടന്നിട്ടില്ല. ഇന്ത്യ ഭരിച്ച മുഗൾ രാജവംശവുമായി ബന്ധപ്പെട്ട പേരുകളും ചരിത്രസ്മാരകങ്ങളും പിന്നീട് ഇന്ത്യയിലെത്തിയ ബ്രിട്ടീഷുകാർ അതേ പടി നിലനിർത്തുകയും പ്രചരിപ്പിക്കുകയമാണ് ചെയ്തത്. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാറുകളും ഈ ചരിത്രത്തെ വിലമതിക്കുകയും സംരക്ഷിക്കുകയും ചെയ്തു. ആ ചരിത്രങ്ങളുടെയും താജ്മഹൽ ചരിത്രസ്മാരകങ്ങളുടെയും കൂടി പേരിലാണ് വിദേശ രാജ്യങ്ങളിൽ ഇന്ത്യ അറിയപ്പെട്ടത് എന്ന് തിരിച്ചറിഞ്ഞവരായിരുന്നു പഴയ കാല നേതാക്കൾ. ഇന്നത്തെ ഭരണകൂടത്തിനും നേതാക്കൾക്കും ഇല്ലാതെ പോകുന്നത് ആ തിരിച്ചറിവാണ്.
തിരൂർ റെയിൽവേ സ്റ്റേഷനിലെ ചിത്രം മായ്ച്ചതുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാക്കൾ നടത്തിയ പരാമർശങ്ങൾ വക്രീകരിക്കപ്പെട്ട ചരിത്ര വ്യാഖ്യാനത്തിന്റെ ആവർത്തനമായിരുന്നു. 1921 ൽ കേരളത്തിലെ വടക്കൻ മേഖലകളിൽ നടന്ന മലബാർ കലാപത്തെ മൂന്നു രീതിയിൽ നേരത്തെ ചരിത്രകാരൻമാർ വ്യാഖ്യാനിച്ചിട്ടുണ്ട്. ബ്രിട്ടീഷുകാർക്കെതിരെ മലബാറിലെ മാപ്പിളമാർ നടത്തിയ സ്വാതന്ത്ര്യ സമരമായിരുന്നു അതെന്നാണ് ഒരു വ്യാഖ്യാനം. മലബാറിലെ കർഷകർ ജനവിരുദ്ധരായ ബ്രിട്ടീഷ് ഭരണാധികാരികൾക്കെതിരെ നയിച്ച കാർഷിക വിപ്ലവമായും മലബാർ കലാപം ചിത്രീകരിക്കപ്പെട്ടിരുന്നു. ഖിലാഫത്ത് പ്രസ്ഥാനവുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി മാപ്പിളമാർ മലബാറിലെ ഹിന്ദുക്കൾക്കെതിരെ നടത്തിയ അക്രമമായിരുന്നു കലാപമെന്നതായിരുന്നു മറ്റൊരു വ്യാഖ്യാനം. ഇതിൽ കൂടുതൽ അംഗീകരിക്കപ്പെട്ടതും പിൽക്കാലത്ത് ഉദ്ധരിക്കപ്പെട്ടതും സ്വാതന്ത്ര്യ പോരാട്ടവും കാർഷക വിപ്ലവവുമായിരുന്നെന്ന നിലപാടുകളാണ്. സാമുദായിക ധ്രുവീകരണത്തിനും സംഘടനാബലത്തിനും വേണ്ടി മാത്രം പടച്ചുണ്ടാക്കിയ ഒന്നായിരുന്നു വർഗീയത ചാലിച്ച വ്യാഖ്യാനമെന്ന് പിൽക്കാലത്ത് നിശിതമായി വിമർശിക്കപ്പെട്ടിരുന്നു. റെയിൽവേ സ്റ്റേഷനിലെ ചിത്രം മായ്ക്കപ്പെട്ടപ്പോൾ ആ വ്യാഖ്യനത്തെ പിന്തുണക്കുന്നവരാണ് വീണ്ടും ചരിത്രത്തെ കുത്തിനോവിക്കാൻ എത്തുന്നതെന്ന് ദൃശ്യമായി.
മലബാർ കലാപത്തിന്റെ ചരിത്ര സ്മാരകങ്ങൾ മലബാറിന്റെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്നുണ്ട്. തിരൂരിൽ തന്നെ വാഗൺ ട്രാജഡിയുടെ ഓർമ്മക്കായി നഗരസഭ നിർമ്മിച്ച ടൗൺഹാൾ നിലനിൽക്കുന്നു. 
മലപ്പുറത്ത് മലബാർ കലാപത്തിന്റെ നായകരിലൊരാളും ബ്രിട്ടീഷ് പട്ടാളം വെടിവെച്ച് കൊലപ്പെടുത്തുകയും ചെയ്ത വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പേരിലാണ് നഗരസഭാ ടൗൺഹാൾ, വാഗൺ ട്രാജഡിയിൽ കൊല്ലപ്പെട്ടവരുടെ ഓർമ്മക്കായി പെരിന്തൽമണ്ണക്കടുത്ത് കുരുവമ്പലത്ത് സ്മാരക മന്ദിരമുണ്ട്. മലപ്പുറത്തിനടുത്ത് പൂക്കോട്ടൂരിൽ നടന്ന ബ്രിട്ടീഷ് വിരുദ്ധ യുദ്ധത്തിന്റെ സ്മാകരവും കാണാം. മഞ്ചേരിയിലും തിരൂരങ്ങാടിയിലുമൊക്കെ മലബാർ കലാപ ചരിത്രവുമായി ബന്ധപ്പെട്ട ചെറുതും വലുതമായ സ്മാരകങ്ങളുണ്ട്. ഇതൊന്നും പൊളിച്ചു കളയാനോ തേച്ചുമായ്ക്കാനോ കേരളത്തിലെ നിലവിലുള്ള ഭരണകൂടങ്ങൾ മുന്നോട്ടു വരില്ലെന്നുറപ്പാണ്. ചരിത്രത്തെ ബഹുമാനിക്കുകയും അതിന്റെ പ്രാധാന്യം മനസ്സിലാക്കകുയും ചെയ്യുന്ന ഭരണകൂടങ്ങൾ ചെയ്യുന്ന കാര്യങ്ങളല്ല അത്. ചരിത്രത്തെ മായ്ക്കുമ്പോൾ നമുക്ക് മുമ്പ് ഇവിടെ ജീവിച്ചുപോയ തലമുറകളെ നാം മറക്കുന്നുവെന്നാണ് അർഥം. ചരിത്രമില്ലാത്ത ജനത ഇന്നെലകളില്ലാത്ത മറവി രോഗം ബാധിച്ച ജനതയായി മാറും.
വാഗൺ ട്രാജഡി ചിത്രം മായ്ച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ തിരൂരിലും മലപ്പുറത്തുമൊക്കെ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. റെയിൽവേയുടെ നടപടിയോട് മൗനം പാലിച്ചവർ ചരിത്രത്തെ മായ്ക്കാൻ വെമ്പൽകൊള്ളുന്നവരാണ്. ദേശവ്യാപകമായി ശക്തി സംഭരിക്കാൻ ശ്രമിക്കുന്ന ചരിത്ര നിഷേധികൾക്കായി കുഴലൂതുന്നവർ. 
ഒരോ നാടിന്റെയും അതിജീവനത്തിൽ ചരിത്രം എത്ര വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് തിരിച്ചറിയാനാകാത്തവരാണവർ. ചിത്രങ്ങൾ മായുമ്പോൾ കുറെ നിറങ്ങൾ മാത്രമാകും അപ്രത്യക്ഷമാകുന്നത്. ചരിത്രം എന്നും പഴയ പ്രതാപത്തോടെ നിലനിൽക്കും.  

 

Latest News