Sorry, you need to enable JavaScript to visit this website.

പടിവാതിൽക്കൽ ധോണിയും ഭുവനേശ്വറും

ലോകേഷ് രാഹുൽ പരിശീലനത്തിൽ.

തിരുവനന്തപുരം- തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തെ ചരിത്രം കാത്തിരിക്കുകയാണ്. ഇന്ത്യക്കു വേണ്ടി 10,000 റൺസ് തികക്കുന്ന അഞ്ചാമത്തെ ബാറ്റ്‌സ്മാനാവാൻ മഹേന്ദ്ര ധോണിക്ക് വ്യാഴാഴ്ച ഒരു റൺ കൂടി മതി. ഏഷ്യൻ ഇലവന് നേടിയ റൺസ് കൂടി പരിഗണിച്ചാൽ ധോണി ഇതിനകം 10,000 പിന്നിട്ടു കഴിഞ്ഞു. 
സചിൻ ടെണ്ടുൽക്കർ, സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ്, വിരാട് കോഹ്‌ലി എന്നിവരാണ് ഏകദിനത്തിൽ 10,000 റൺസ് തികച്ച മറ്റ് ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ. രണ്ട് പേരെ പുറത്താക്കിയാൽ ഭുവനേശ്വർകുമാറിന് ഏകദിനത്തിൽ 100 വിക്കറ്റ് പൂർത്തിയാക്കാം.
ആദ്യ മൂന്ന് ഏകദിനങ്ങളിൽ ഇന്ത്യയോട് തോളോട് തോൾ പൊരുതിയ വെസ്റ്റിൻഡീസ് ബ്രാബോൺ സ്‌റ്റേഡിയത്തിലെ വൻ തകർച്ചയിൽ നിന്ന് കരകയറുമോ? മുംബൈയിൽ നടന്ന നാലാം മത്സരത്തിൽ വൻ പരാജയം ഏറ്റുവാങ്ങിയ സന്ദർശകർക്ക് ഇന്ന് ജയിച്ചാലേ പരമ്പര സമനിലയാക്കാനാവൂ. ഇന്ത്യൻ ടീമാവട്ടെ നാട്ടിൽ മറ്റൊരു പരമ്പര ജയത്തിന് തൊട്ടരികിലാണ്. എങ്കിലും ഇന്ത്യയിൽ സമീപ കാലത്ത് ഒരു പരമ്പരയിൽ രണ്ട് മത്സരം ജയിച്ച ഏക ടീമാണ് വിൻഡീസ്. 
പരമ്പരയിലുടനീളം ഇന്ത്യയുടെ മുൻനിര ത്രിമൂർത്തികൾ ഉജ്വല ഫോമിലാണ്. മധ്യനിര പലപ്പോഴും പതറിയെങ്കിലും മുൻനിരയുടെ ഫോം ഇന്ത്യയെ കരകയറ്റുകയായിരുന്നു. അതേസമയം വിൻഡീസിന് പ്രശ്‌നം മുൻനിരയാണ്. കീരൺ പവലും ചാന്ദർപോൾ ഹേംരാജും ഇതുവരെ പവർപ്ലേ അതിജീവിച്ചിട്ടില്ല. മധ്യനിരയിൽ ഷായ് ഹോപും ഷിംറോൻ ഹെത്മയറുമാണ് ടീമിനെ ചുമലിലേറ്റുന്നത്. 
മുപ്പത്തേഴുകാരായ രണ്ടു പേരുടെ കരിയർ ഇനിയെത്ര നീളും എന്നതിനും ഈ മത്സരം ഉത്തരം നൽകും. മഹേന്ദ്ര ധോണി ബാറ്റിംഗ് ഫോം കണ്ടെത്തുമോയെന്നതാണ് ഇന്ത്യയുടെ പ്രധാന ചോദ്യം. വിക്കറ്റ് കീപ്പിംഗിലും ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്ക് ഉപദേശം നൽകുന്നതിലും ഇപ്പോഴും ധോണി അഗ്രഗണ്യനാണ്. എന്നാൽ ബാറ്റിംഗ് ഫോം ധോണിയെ കൈവിട്ടിരിക്കുകയാണ്. വിൻഡീസിന്റെ മാർലൺ സാമുവേൽസും ഫോം കണ്ടെത്താൻ വിഷമിക്കുകയാണ്. 
കഴിഞ്ഞ വർഷം ഇന്ത്യ-ന്യൂസിലാന്റ് ട്വന്റി20 മത്സരത്തിലൂടെ രാജ്യാന്തര അരങ്ങേറ്റം നടത്തിയ ഗ്രീൻഫീൽഡ് സ്റ്റേഡിയം ആദ്യമായാണ് ഏകദിനത്തിന് വേദിയൊരുക്കിയത്. വരണ്ട പിച്ചിൽ റണ്ണൊഴുകുമെന്നാണ് കരുതുന്നത്. കടുത്ത ഹ്യുമിഡിറ്റിയായിരിക്കും കളിക്കാരെ കാത്തിരിക്കുന്നത്.

 

Latest News