Sorry, you need to enable JavaScript to visit this website.

മിനർവയെ ഞെട്ടിച്ച് റിയൽ കശ്മീർ,  ഗോകുലത്തിന് വീണ്ടും സമനില

ഗുഡ്ഗാവ് - നിലവിലെ ചാമ്പ്യന്മാരായ മിനർവ പഞ്ചാബിനെ അട്ടിമറിച്ച് റിയൽ കശ്മീർ ഐലീഗിൽ സ്വപ്‌നതുല്യമായ അരങ്ങേറ്റം നടത്തി. മിനർവയുടെ തട്ടകത്തിൽ 74-ാം മനിറ്റിൽ നോഹർ ക്രിസോ നേടിയ ഗോളിനാണ്, ജമ്മു കശ്മീരിൽ നിന്ന് ഐലീഗിന് യോഗ്യത നേടുന്ന ആദ്യ ക്ലബായ റിയൽ കശ്മീർ ചരിത്രം കുറിച്ചത്. ലീഗിലെ മറ്റൊരു മത്സരത്തിൽ കേരള ടീമായ ഗോകുലം എഫ്.സി നെറോക്കയെ അവരുടെ തട്ടകത്തിൽ സമനിലയിൽ തളച്ചു
രണ്ടാം ഡിവിഷൻ ചാമ്പ്യന്മാരായെത്തിയ റിയൽ കശ്മീരിനെതിരെ ആദ്യ പകുതിയിൽ ആധിപത്യം പുലർത്താനായെങ്കിലും  മിനർവക്ക് സന്ദർശകരുടെ ശക്തമായ പ്രതിരോധത്തെയും ഗോൾകീപ്പർ ബിലാൽ ഖാന്റെ കൈകളെയും കീഴടക്കാനായില്ല. കൂടുതൽ സമയം പന്ത് കാലിൽ വെച്ച് ചടുലമായ നീക്കങ്ങളുമായി മിനർവ എതിർ ഹാഫിൽ തമ്പടിച്ചെങ്കിലും ക്യാപ്ടൻ ലവ്‌ഡേ എനിന്നയ, ഇംഗ്ലീഷ് താരം മേസൺ റോബർട്‌സൺ, ധർമരാജ് രാവണൻ എന്നിവർ നയിച്ച കശ്മീരി പ്രതിരോധം ഉറച്ചു നിന്നു. ഗോളെന്നുറച്ച ഒന്നിലധികം അവസരങ്ങൾ തട്ടിയകറ്റി ബിലാൽ ഖാനും ഫോമിലേക്കുയർന്നു.
രണ്ടാം പകുതിയിൽ കളിയുടെ ഗതിക്കു വിപരീതമായാണ് മത്സരത്തിലെ ഏക ഗോൾ പിറന്നത്. ഫ്രീകിക്കിന തുടർന്ന് സാംബിയൻ താരം ആരോൺ കതെബെ ബോക്‌സിലേക്കു നൽകിയ പന്തിൽ നിന്ന് ക്ഷണവേഗത്തിലുള്ള ഷോട്ടുതിർത്താണ് ഐവറി കോസ്റ്റ് താരമായ ക്രിസോ വല കുലുക്കിയത്. അതുവരെ കനത്ത മാർക്കിങ്ങിനാൽ വിഷമിച്ച ക്രിസോ തന്നെ തടഞ്ഞ ഡിഫന്റർക്കും പൊസിഷൻ പാലിച്ച ഗോൾ കീപ്പർക്കും അവസരം നൽകാതെയാണ് പന്ത് ലക്ഷ്യത്തിലെത്തിച്ചത്. ലീഡ് നേടിയതോടെ കൂടുതൽ ആക്രമണത്വര കാണിച്ച റിയൽ കശ്മീർ നിമിഷങ്ങൾക്കുള്ളിൽ ഗോളിന് തൊട്ടടുത്തെത്തിയെങ്കിലും ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കെ ബാസി അർമന്ദിനെ മിനർവ പ്രതിരോധം നിരായുധനാക്കുകയായിരുന്നു. അവസാന ഘട്ടത്തിൽ കശ്മീരിന്റെ മറ്റൊരു ഗോൾശ്രമം ഗോൾകീപ്പറുടെ വിരലിലും ക്രോസ്ബാറിലും തട്ടി മടങ്ങിയത് മിനർവയുടെ തോൽവിയുടെ ഭാരം കുറച്ചു. കശ്മീർ ആദ്യ മത്സരത്തിൽ തന്നെ മൂന്നു പോയിന്റു നേടിയപ്പോൾ രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റ് മാത്രമാണ് മിനർവയുടെ സമ്പാദ്യം. 
കോഴിക്കോട് നടന്ന ആദ്യ മത്സരത്തിൽ കരുത്തരായ മോഹൻ ബഗാനെ സമനിലയിൽ തളച്ച ഗോകുലം എഫ്.സി ഇന്നലെ ഒരു ഗോളടിച്ച ശേഷമാണ് സമനില വഴങ്ങിയത്. നാല് മാറ്റങ്ങളോടെ ഇറങ്ങിയ ഗോകുലം ടീമിന്റെ സ്റ്റാർട്ടിങ് ഇലവനിൽ റാഷിദ്.കെ, പ്രീതം സിങ്, മൊനോതോഷ്, രാജേഷ്.എസ് എന്നിവർ ഇടം പിടിച്ചു. 35-ാം മിനുട്ടിൽ റാഷിദിനെ പിൻവലിച്ച് ബൊറിങ്ദാവോ ബോഡോയെ കളത്തിലിറക്കാനുള്ള കോച്ച് ബിനോയ് ജോർജിന്റെ തീരുമാനം നിർണായകമായി. 45-ാം മിനുട്ടിൽ നെറോക്ക പ്രതിരോധത്തെ ഉലച്ച് മുന്നോട്ടു നൽകിയ പാസ് ഗോൾകീപ്പർ ബോർച്ചിയോയെ നിസ്സഹായനാക്കി ബോഡോ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. രണ്ടാം പകുതിയിൽ നെറോക്കോ ആക്രമണം ശക്തമാക്കിയപ്പോൾ ഗോകുലത്തിന് ബാക്ക്ഫൂട്ടിലാവേണ്ടി വന്നു. 59-ാം മിനുട്ടിൽ ഫ്രീകിക്കിനെ തുടർന്ന് ബ്രസീലിയൻ താരം എഡ്വാഡോ ഫെറേറ ആണ് ആതിഥേയരെ തോൽവിയിൽ നിന്നു രക്ഷിച്ചത്. 

 

Latest News