Sorry, you need to enable JavaScript to visit this website.

ഐ ലീഗ്: ഗോകുലം ഇന്ന് ബഗാനെതിരെ

കോഴിക്കോട് - ഐ ലീഗിൽ ഗോകുലം കേരള എഫ്.സിയുടെ സീസണിലെ ആദ്യ മത്സരം ഇന്ന്. ഇന്ത്യൻ ഫുട്‌ബോളിലെ അതികായരായ മോഹൻ ബഗാനാണ് എതിരാളികൾ. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ വൈകീട്ട് അഞ്ചിനാണ് കിക്കോഫ്. 
ഇന്നലെ ഐ ലീഗിലെ ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സിറ്റി 4-1ന് ഇന്ത്യൻ ആരോസിനെ തകർത്തു. പെഡ്രോ ക്രൂസ് ഹാട്രിക് നേടി.
നേരത്തെയുണ്ടായിരുന്ന വിദേശ പരിശീലകന് പകരം ടീമിന്റെ ടെക്‌നിക്കൽ ഡയറക്ടർ കൂടിയായ ബിനോ ജോർജിനെ വീണ്ടും മുഖ്യ പരിശീലകനാക്കിയാണ് ഗോകുലം ഇന്ന് കളത്തിലിറങ്ങുന്നത്. 25 കളിക്കാരിൽ 13 പേരും മലയാളി താരങ്ങൾ. ഉഗാണ്ടൻ താരം മുഡേമാസയാണ് ക്യാപ്റ്റൻ. മലയാളി താരം റാഷിദ് വൈസ് ക്യാപ്റ്റൻ.
മുഡേ മാസക്കു പുറമെ, യു.കെ. താരം അന്റോണിയോ ജർമൻ, ഘാനയുടെ ഡാനിയൽ അഡോ, അർജന്റീനയുടെ എസ്തബൻ ഒർട്ടിസ് എന്നിവരാണ് ടീമിലെ വിദേശ സാന്നിധ്യം. 
ഈസ്റ്റ് ബംഗാൾ താരമായിരുന്ന സുഹൈർ വി.പി, റയിൽവേയുടെ രാജേഷ്, പൂനെ എഫ്.സിക്ക് കളിച്ച കോഴിക്കോട്ടുകാരൻ ഗനി അഹമ്മദ് നീഗം എന്നിവരും ഗോകുലം ടീമിലുണ്ടാകും.
കഴിഞ്ഞ സീസണിലെ തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുമെന്നും നിരവധി പരിശീലന മത്സരങ്ങൾ നടത്തിയ ടീമിൽ നല്ല പ്രതീക്ഷയുണ്ടെന്നും ബിനോ ജോർജ് പറഞ്ഞു. കാണികളുടെ പ്രതീക്ഷ കാത്തു സൂക്ഷിക്കുമെന്ന് വൈസ് ക്യാപ്റ്റൻ മുഹമ്മദ് റാഷിദും പറഞ്ഞു. 
 

Latest News