Sorry, you need to enable JavaScript to visit this website.

ലൈംഗിക പീഡനം: ഗുഗ്ള്‍ പുറത്താക്കിയത് ഉന്നതരുള്‍പ്പെടെ 48 ജീവനക്കാരെ, ആന്‍ഡ്രോയ്ഡ് പിതാവും കുടുങ്ങി

സാന്‍ഫ്രാന്‍സിസ്‌കോ- ലൈംഗിക പീഡന ആരോപണങ്ങളെ തുടര്‍ന്ന് രണ്ടു വര്‍ഷത്തിനിടെ ഗുഗ്‌ളില്‍ നിന്ന് 48 ജീവനക്കാരെ പുറത്താക്കിയെന്ന് കമ്പനി മേധാവി സുന്ദര്‍ പിച്ചയ്. ആന്‍ഡ്രോയ്ഡിന്റെ പിതാവ് എന്നറിയപ്പെടുന്ന ആന്‍ഡി റൂബിന്‍ അടക്കം 13 ഉന്നതരും ഇവരില്‍ ഉള്‍പ്പെടുമെന്നും ഗൂഗ്ള്‍ വെളിപ്പെടുത്തി. സ്ത്രീകള്‍ക്കെതിരായ മോശം പെരുമാറ്റം സംബന്ധിച്ച പരാതികളോട് കടുത്ത നിലപാടാണ് കമ്പനിക്കുള്ളതെന്നും ഗൗരവത്തിലാണ് ഇതു പരിഗണിക്കുന്നതെന്നും പിച്ചയ് പറഞ്ഞു. ലൈംഗികാരോപണത്തെ തുടര്‍ന്ന് ആന്‍ഡി റൂബിനെ ഗൂഗ്ള്‍ ഒമ്പത് കോടി ഡോളര്‍ നല്‍കി പിരിച്ചുവിട്ടെന്ന ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ടിനെ തുടര്‍ന്നാണ് പിച്ചയ് വിശദീകരണ കുറിപ്പ് ഇറക്കിയത്. നടപടിക്കു വിധേയരായ 48 ജീവനക്കാരില്‍ ആര്‍ക്കും പിരിഞ്ഞു പോകല്‍ ആനുകൂല്യങ്ങള്‍ നല്‍കിയിട്ടില്ലെന്നും ഗൂഗ്ള്‍ വ്യക്തമാക്കുന്നു.

ഏതാനും വര്‍ഷങ്ങളായി ഉന്നത പദവികളിലിരിക്കുന്നവരില്‍ നിന്നുള്ള മോശം പെരുമാറ്റങ്ങളോട് കര്‍ക്കശമായ നിലപാടാണ് കമ്പനി സ്വീകരിച്ചു വരുന്നത്. സുരക്ഷിതവും എല്ലാവരേയും ഉള്‍ക്കൊള്ളുന്നതുമായി ഒരു തൊഴിലിടം ഉറപ്പു വരുത്തുന്നതിന് ഒരു വിട്ടുവീഴ്ചയ്ക്കും ഗൂഗ്ള്‍ തയാറല്ല. ഇത് അതീവ ഗൗരവത്തിലാണ് പരിഗണിക്കുന്നത്. ലൈംഗിക പീഡനം, മോശം പെരുമാറ്റം തുടങ്ങിയവ സംബന്ധിച്ച് ഓരോ പരാതിയും പരിശോധിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിച്ചു വരുന്നുണ്ടെന്നും പിച്ചയ് പറഞ്ഞു. റൂബിന്‍ അടക്കമുള്ളവര്‍ക്കെതിരായ റിപ്പോര്‍ട്ടുകള്‍ പ്രയാസമുണ്ടാക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു നിക്ഷേപ കമ്പനിയും ടെക്‌നോളജി സ്റ്റാര്‍ട്ടപ്പും തുടങ്ങാന്‍ ആന്‍ഡി റൂബിന്‍ ഗുഗ്‌ളില്‍ നിന്നും സ്വയം പിരിഞ്ഞു പോയതാണെന്നായിരുന്നു അദ്ദേഹത്തിന്റെ വക്താവിന്റെ പ്രതികരണം. എസന്‍ഷ്യല്‍ എന്ന പേരില്‍ ഒരു സ്മാര്‍ട്‌ഫോണ്‍ കമ്പനിയും റൂബിന്‍ തുടങ്ങിയിരുന്നു. 

എന്നാല്‍ റൂബിനേയും മറ്റു രണ്ടു ഉന്നത ഉദ്യോഗസ്ഥരേയും ലൈഗിക പീഡന പരാതി ഉയര്‍ന്നിട്ടും ഗൂഗ്ള്‍ വര്‍ഷങ്ങളോളം സംരക്ഷിച്ചു പോന്നുവെന്ന് കോടതി രേഖകളും അഭിമുഖങ്ങളും ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് കഴിഞ്ഞി ദിവസം റിപോര്‍ട്ട് ചെയ്തിരുന്നു. പേരു വെളിപ്പെടുത്താത്ത രണ്ട് ഗൂഗ്ള്‍ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞതാണ് ഈ റിപോര്‍ട്ടിലുള്ളത്. 2013ല്‍ ഒരു ഹോട്ടലില്‍ വച്ച് ലൈംഗികമായ പീഡിപ്പിച്ചെന്ന ഒരു യുവതി പരാതിപ്പെട്ടതിനെ തുടര്‍ന്ന് റൂബിന്‍ രാജിവയ്ക്കണമെന്ന് അന്നത്തെ മേധാവി ലാറി പേജ് ആവശ്യപ്പെട്ടിരുന്നു. ഗൂഗ്ള്‍ നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ പരാതി വിശ്വസനീയമാണെന്ന് തെളിഞ്ഞിരുന്നതായും കമ്പനി ഉദ്യോഗസ്ഥര്‍ പറയുന്നു. 


 

Latest News