Sorry, you need to enable JavaScript to visit this website.

ഖശോഗി സംഭവത്തിലെ  സൗദി നിലപാട് സുതാര്യം

ഖശോഗി സംഭവത്തിൽ നീതിയുടെയും കണക്കുചോദിക്കലിന്റെയും പാത അംഗീകരിച്ചതിലൂടെ ദുഃഖകരമായ സംഭവത്തെ നിയമ, നീതിന്യായ പശ്ചാത്തലത്തിലേക്ക് സൗദി അറേബ്യ തിരികെയെത്തിച്ചിരിക്കുന്നു.  


വ്യക്തികളുടെ ജീവിതത്തിലെ പോലെ തന്നെ രാജ്യങ്ങളുടെ ചരിത്രത്തിലും പ്രയാസകരവും വേദനാജനകവുമായ സംഭവങ്ങൾ അരങ്ങേറുന്ന സമയങ്ങളുണ്ട്. സുധീരമായും ഉത്തരവാദിത്തത്തോടെയും സുതാര്യമായും അവ അഭിമുഖീകരിക്കുകയാണ് ഏറ്റവും മികച്ച മാർഗമെന്ന് അനുഭവങ്ങൾ വ്യക്തമാക്കുന്നു. അത്തരം പ്രശ്‌നങ്ങളുടെ പശ്ചാത്തലങ്ങളും അവയിലേക്ക് നയിച്ച കാരണങ്ങളും മനസ്സിലാക്കുകയും അവക്കു പിന്നിലെ ഉത്തരവാദികളെ നിർണയിക്കുകയും കുറ്റക്കാരോടും വീഴ്ചകൾ വരുത്തിയവരോടും കണക്കുകൾ ചോദിച്ചും അവ കൈകാര്യം ചെയ്യണം. ഇതോടൊപ്പം തന്നെ ഭാവിയിൽ അത്തരം സംഭവങ്ങൾ ആവർത്തിക്കാതെ നോക്കുന്നതിന് ഗുണപാഠങ്ങൾ ആറ്റിക്കുറുക്കിയെടുക്കുകയും വേണം. 
വ്യക്തികൾക്കും രാജ്യങ്ങൾക്കും അബദ്ധങ്ങൾ സംഭവിക്കാവുന്നതാണ് എന്നതിന് അനുഭവങ്ങൾ സാക്ഷിയാണ്. മോശം കണക്കുകൂട്ടലുകളും അധികാരങ്ങൾ മറികടക്കുന്നതും കണക്കു ചോദിക്കപ്പെടുന്നതിൽ നിന്ന് രക്ഷപ്പെടുന്നതിന് കഴിയുമെന്ന മിഥ്യാധാരണയുമാണ് വ്യക്തികളെ അബദ്ധങ്ങളിൽ കൊണ്ടുചാടിക്കുന്നത്. സുരക്ഷാ ഏജൻസികൾക്കു കീഴിൽ സേവനമനുഷ്ഠിക്കുന്ന വ്യക്തികളും ചിലപ്പോൾ അധികാര പരിധികൾ വിസ്മരിച്ചും മാനദണ്ഡങ്ങൾ അവഗണിച്ചും മറ്റേതു വ്യക്തികളും ചെയ്യുന്നതു പോലെയുള്ള അബദ്ധങ്ങൾ പ്രവർത്തിക്കുന്നു. പിഴവുകളെ ഒരിക്കലും നമുക്ക് ന്യായീകരിക്കാൻ കഴിയില്ല. ഇത്തരം അബദ്ധങ്ങൾ സംഭവിക്കാതെ നോക്കുന്നതിനുള്ള സംവിധാനങ്ങൾ ഉണ്ടാകൽ അനിവാര്യമാണ്. 
സഹപ്രവർത്തകൻ ജമാൽ ഖശോഗിയുടെ തിരോധാന വാർത്ത അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും രാജ്യത്തിനും വേദനാജനകമായിരുന്നു. ജമാൽ ഖശോഗി പത്രപ്രവർത്തകനും വിമർശകനും ആകുന്നതിനു മുമ്പ് അദ്ദേഹം സൗദി പൗരനാണ്. ഏതെങ്കിലും പ്രശ്‌നങ്ങളിൽ സ്വീകരിക്കുന്ന നിലപാടുകൾ എന്തു തന്നെയായാലും സൗദി പൗരന്മാരിൽ പെട്ട ഏതൊരാൾക്കും സംഭവിക്കുന്ന കാര്യങ്ങളിൽ കൈകൾ കഴുകുന്നത് സൗദി അറേബ്യയുടെ പതിവല്ല. വിശാല ഹൃദയത്തോടെ ആഭ്യന്തര, വിദേശ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നത് സൗദി അറേബ്യ പിന്തുടരുന്ന ശൈലിയുടെ ഭാഗമാണ്. വിദേശങ്ങളിൽ കഴിഞ്ഞിരുന്ന നിരവധി വിമത പ്രവർത്തകർ രാജ്യത്ത് തിരിച്ചെത്തി സ്വന്തം രാജ്യത്ത് സാധാരണ ജീവിതം പുനരാരംഭിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ രണ്ടു ദശകത്തിനിടെ സൗദി അറേബ്യയുമായി ബന്ധപ്പെട്ട വാർത്തകൾ നിരീക്ഷിക്കുന്നവർ ഓർക്കുന്നുണ്ടാകും. സൗദിയിൽ ഭീകര പ്രവർത്തനങ്ങളിൽ പങ്കുവഹിച്ചവരും തെറ്റ് ബോധ്യപ്പെടുത്തുന്ന കൗൺസലിംഗ് പ്രോഗ്രാമുകൾക്കു ശേഷം പൊതുസമൂഹത്തിൽ ലയിച്ചുചേർന്നു. സംവാദത്തിനും വിയോജിപ്പുകളുടെ വിള്ളലുകൾ ഇല്ലാതാക്കുന്നതിനും പൊതുനിലപാടുകൾ കണ്ടെത്തുന്നതിനും ഊന്നൽ നൽകുന്ന, ആഭ്യന്തര തലത്തിൽ പിന്തുടരുന്ന അതേ നയം തന്നെയാണ് സൗദി അറേബ്യ വിദേശത്തും പിന്തുടരുന്നതെന്ന കാര്യം വ്യക്തമാണ്. 
ഇസ്താംബൂൾ സൗദി കോൺസുലേറ്റിലുണ്ടായ വേദനാജനകമായ സംഭവത്തിനു ശേഷം ജമാൽ ഖശോഗിക്ക് എന്താണ് സംഭവിച്ചത് എന്ന് അറിയാൻ ഏതാനും നടപടികൾ സൗദി അറേബ്യ സ്വീകരിച്ചിട്ടുണ്ട്. 
അന്വേഷണത്തിന് തുർക്കിയുമായി സഹകരിക്കുന്നതിന് സുരക്ഷാ സംഘത്തെ സൗദി അറേബ്യ തുർക്കിയിലേക്ക് അയച്ചു. തുർക്കി അന്വേഷണോദ്യോഗസ്ഥർക്കു മുന്നിൽ ഇസ്താംബൂൾ സൗദി കോൺസുലേറ്റും കോൺസുൽ ജനറലിന്റെ ഭവനവും തുറന്നിട്ടു. ഇതോടൊപ്പം തന്നെ സംഭവത്തിൽ ആഭ്യന്തര അന്വേഷണവും ആരംഭിച്ചു. തങ്ങൾക്ക് ഒന്നും മറച്ചുവെക്കാനില്ലെന്നും അന്വേഷണ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും സൗദി നേതാക്കൾ പ്രഖ്യാപിച്ചു.  ഇതിനു പിന്നാലെ ജമാൽ ഖശോഗി മരണപ്പെട്ടതായി സൗദി അറേബ്യ അറിയിച്ചു. ഉന്നതോദ്യോഗസ്ഥരെ പദവികളിൽ നിന്ന് നീക്കം ചെയ്തു. പതിനെട്ടു പേരെ അന്വേഷണ വിധേയമായി അറസ്റ്റ് ചെയ്തു. പദവികളിൽ നിന്ന് നീക്കം ചെയ്യപ്പെട്ടവരുടെ കൂട്ടത്തിൽ ഇന്റലിജൻസ് ഏജൻസിയിലെ മുതിർന്ന ഉദ്യോഗസ്ഥരുമുണ്ട്. സംഭവത്തിൽ പങ്കുള്ളവർ സംഭവം മൂടിവെക്കുന്നതിനും മറച്ചുവെക്കുന്നതിനും ശ്രമിച്ചതായി സൗദി ഔദ്യോഗിക പ്രസ്താവന പറഞ്ഞു. ഇതോടൊപ്പം തന്നെ രഹസ്യാന്വേഷണ ഏജൻസി പുനഃസംഘടിപ്പിക്കുന്നതിന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അധ്യക്ഷതയിൽ മന്ത്രിതല കമ്മിറ്റി രൂപീകരിച്ച് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഉത്തരവിടുകയും ചെയ്തു. നീതി നടപ്പാക്കുന്നതിലും കുറ്റക്കാരോടും വീഴ്ചകൾ വരുത്തിയവരോടും കണക്കു ചോദിക്കുന്നതിലും അന്വേഷണ വിവരങ്ങൾ പൊതുസമൂഹത്തെ സുതാര്യമായി അറിയിക്കുന്നതിലും ഊന്നിയാണ് ദുഃഖകരമായ സംഭവം സൗദി അറേബ്യ കൈകാര്യം ചെയ്യുന്നതെന്ന് ഈ നടപടികൾ വ്യക്തമാക്കുന്നു. ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതെ നോക്കുന്നതിനുള്ള കർശന വ്യവസ്ഥകൾ ബാധകമാക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. 
ഖശോഗിയുടെ തിരോധാനത്തിനും ഖശോഗി സംഘർഷത്തിനിടെ മരണപ്പെട്ടതായി സ്ഥിരീകരിക്കുകയും സംഭവത്തിൽ പങ്കുള്ള പതിനെട്ടു പേരെ അറസ്റ്റ് ചെയ്തതായി അറിയിക്കുകയും ചെയ്യുന്ന സൗദി പ്രസ്താവന പുറത്തു വരുന്നതിനുമിടയിലുള്ള സമയത്ത് ടി.വി ചാനലുകളിലും ഓൺലൈൻ പത്രങ്ങളിലും സൈറ്റുകളിലും പത്രങ്ങളിലും കിംവദന്തികളുടെയും തിരക്കഥകളുടെയും പെരുമഴയായിരുന്നു. ഖശോഗിയുടെ സ്ഥാനവും അനിഷ്ട സംഭവം നടന്ന സ്ഥലത്തിന്റെ പ്രത്യേകതയും കാരണം ഖശോഗി തിരോധാന കേസിൽ മാധ്യമങ്ങൾക്കുണ്ടാകുന്ന പ്രത്യേക താൽപര്യവും ശ്രദ്ധയും സ്വാഭാവികവുമാണ്. 
ഖശോഗി തിരോധാനം കൈകാര്യം ചെയ്ത രീതിയുടെ അടിസ്ഥാനത്തിൽ മാധ്യമ പ്രവർത്തകർ അടക്കമുള്ളവരെ രണ്ടു വിഭാഗമായി എളുപ്പത്തിൽ തരംതിരിക്കാൻ കഴിയും. ഒരു വിഭാഗം ഖശോഗിക്ക് എന്താണ് സംഭവിച്ചത് എന്ന കാര്യത്തിനാണ് മുഖ്യ ശ്രദ്ധ നൽകിയത്. ഇസ്താംബൂൾ സൗദി കോൺസുലേറ്റിൽ നടന്ന സംഭവവുമായി യാതൊരുവിധ ബന്ധവുമില്ലാത്ത കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിൽ രണ്ടാമത്തെ വിഭാഗം ഖശോഗി സംഭവത്തെ സൗദി അറേബ്യക്കെതിരായ പ്രചാരണത്തിനുള്ള സുവർണാവസരമായി കണ്ടു. ദുഃഖകരമായ സംഭവം സുതാര്യമായി കൈകാര്യം ചെയ്യുമെന്നും മുഴുവൻ യാഥാർഥ്യങ്ങളും പുറത്തു കൊണ്ടുവരുമെന്നും ഇക്കാര്യങ്ങളെല്ലാം പൊതുസമൂഹത്തെ അറിയിക്കുമെന്നും സൗദി അറേബ്യ പ്രഖ്യാപിച്ചതോടെ ആദ്യ സംഘത്തിന് തങ്ങൾ പ്രതീക്ഷിച്ച കാര്യങ്ങൾ ലഭിച്ചു. എന്നാൽ രണ്ടാമത്തെ വിഭാഗം തുടക്കം മുതൽ ഖശോഗി സംഭവം മുതലെടുത്ത് സൗദി അറേബ്യയെ ദുർബലപ്പെടുത്തുന്നതിനും സൗദി അറേബ്യയെ ലക്ഷ്യമിട്ട് പ്രചണ്ഡ പ്രചാരണം അഴിച്ചുവിടുന്നതിനും കിണഞ്ഞുശ്രമിച്ചു. അതുകൊണ്ടു തന്നെ കുറ്റം ചെയ്തവരെ നിയമാനുസൃതം ശിക്ഷിക്കുന്ന രീതി അവർക്ക് മാനസിക പ്രയാസമുണ്ടാക്കും. സൗദി അറേബ്യയുടെ അന്താരാഷ്ട്ര ബന്ധങ്ങളിൽ ഗുരുതരമായ പ്രതിസന്ധിയുണ്ടാക്കുന്നതിനാണ് അവർ ആഗ്രഹിക്കുന്നത്. സൗദി അറേബ്യയുമായി സഖ്യത്തിലും സഹകരണത്തിലുമുള്ള വൻകിട രാജ്യങ്ങളെയും സൗദി അറേബ്യയെയും ഏറ്റുമുട്ടലിന്റെ പാതയിലെത്തിക്കുന്നതിന് ഖശോഗി തിരോധാനത്തെ എന്തു വില കൊടുത്തും മുതലെടുക്കുന്നതിനാണ് ഇക്കൂട്ടർ ശ്രമിക്കുന്നത്. 
ഇതിലും വലിയ പ്രതിസന്ധികളും വെല്ലുവിളികളും സൗദി അറേബ്യ തരണം ചെയ്തിട്ടുണ്ടെന്ന കാര്യം അവർ വിസ്മരിക്കുന്നു. 2001 സെപ്റ്റംബർ 11 ന് യാത്രാ വിമാനങ്ങൾ തട്ടിയെടുത്ത് അൽഖാഇദ ഭീകരർ അമേരിക്കയിൽ നടത്തിയ ചാവേറാക്രമണം സൗദി അറേബ്യക്കെതിരായ വടിയായി ഉപയോഗിക്കുന്നതിനുണ്ടായ ശ്രമങ്ങൾ ഇതിന് ഉദാഹരണമാണ്. 
സൗദി അറേബ്യക്ക് കോട്ടം തട്ടിക്കാൻ തന്റെ പേര് ദുരുപയോഗം ചെയ്യുന്നത് ജമാൽ ഖശോഗി തന്നെ അംഗീകരിക്കില്ല എന്ന കാര്യവും ഇവർ വിസ്മരിക്കുന്നു. 
ഖശോഗി സംഭവത്തിൽ നീതിയുടെയും കണക്കു ചോദിക്കലിന്റെയും പാത അംഗീകരിച്ചതിലൂടെ ദുഃഖകരമായ സംഭവത്തെ നിയമ, നീതിന്യായ പശ്ചാത്തലത്തിലേക്ക് സൗദി അറേബ്യ തിരികെയെത്തിച്ചിരിക്കുന്നു. 

Latest News