Sorry, you need to enable JavaScript to visit this website.

നവകേരള സ്വപ്‌നങ്ങൾ  തകർക്കുന്ന ബി.ജെ.പി

നരേന്ദ്ര മോഡി സർക്കാരും ബിജെപിയും സംഘ്പരിവാറും മനുഷ്യത്വ ഹീനമായ ഉപരോധത്തിലൂടെയും സംസ്ഥാനത്ത് ആഭ്യന്തര കലാപം അഴിച്ചുവിട്ടും കേരളത്തെ യുദ്ധസമാനമായ അന്തരീക്ഷത്തിലേക്ക് തള്ളിനീക്കുകയാണ്. മഹാപ്രളയത്തിൽ തകർന്ന കേരളത്തിന്റെ പുനർനിർമാണം അസാധ്യമാക്കുക വഴി സംസ്ഥാനത്തെ ഇടതുപക്ഷ സർക്കാരിനെ ശ്വാസംമുട്ടിച്ച് തകർക്കാനുള്ള ശ്രമം കേന്ദ്ര സർക്കാർ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. കേരളത്തിന് സഹായ ഹസ്തവുമായി മുന്നോട്ടുവന്ന സുഹൃദ്‌രാഷ്ട്രങ്ങളെ മോഡി സർക്കാർ അതിൽ നിന്ന് വിലക്കി.
ലോകത്തെമ്പാടുമുള്ള പ്രവാസി മലയാളികളിൽ നിന്നും പുനർനിർമാണ പ്രവർത്തനങ്ങൾക്ക് ധനസമാഹരണം നടത്താനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങൾക്കും മോഡി ഭരണകൂടം ഉപരോധം ഏർപ്പെടുത്തി. പുനർനിർമാണ പ്രവർത്തനങ്ങൾക്കായി അടിയന്തര കേന്ദ്ര സഹായത്തിനായുള്ള കേരളത്തിന്റെ അഭ്യർഥനയോട് നിഷേധാത്മക നിലപാടാണ് ഇപ്പോഴും തുടരുന്നത്. സംസ്ഥാനത്ത് പ്രളയം തകർത്ത പൊതുസ്വകാര്യ ആസ്തികളുടെ പുനർനിർമാണത്തിനായി പ്രത്യേക പാക്കേജ് എന്ന ആവശ്യത്തോടും കേന്ദ്ര ഭരണകൂടം പുറംതിരിഞ്ഞുനിൽക്കുകയാണ്. 
മറ്റെല്ലാ വഴികളും അടഞ്ഞപ്പോഴാണ് ലോകത്തിന്റെ നാനാഭാഗങ്ങളിലുമുള്ള പ്രവാസി മലയാളി സമൂഹങ്ങളുടെ പിന്തുണ തേടാൻ സംസ്ഥാന സർക്കാർ നിർബന്ധിതമായത്. അതിനു വേണ്ടിയുള്ള കേരളത്തിന്റെ അഭ്യർഥനയോട് ഉദാരവും പ്രോത്സാഹജനകവുമായ പ്രതികരണമാണ് ഉണ്ടായത്. രാജ്യത്തെ മറ്റൊരു സംസ്ഥാനത്തിനുമില്ലാത്ത ലോക കേരള സഭ പോലെയുള്ള വ്യവസ്ഥാപിത സംവിധാനങ്ങൾ അത്തരത്തിലുള്ള സഹായ സഹകരണത്തിന് കരുത്തു പകരുന്നവയാണ്. അതിനായി മുഖ്യമന്ത്രിയും 17 മന്ത്രിമാരും വിദേശ പര്യടനത്തിന് കേന്ദ്ര സർക്കാരിന്റെ അനുമതി നേടുകയും ചെയ്തു. മുഖ്യമന്ത്രി തന്നെ പ്രധാനമന്ത്രിയെ ഇക്കാര്യം മുൻകൂട്ടി അറിയിച്ചിരുന്നു. മുഖ്യമന്ത്രിയൊഴിച്ച് മറ്റെല്ലാ മന്ത്രിമാരുടെയും സന്ദർശനാനുമതി നിഷേധിച്ചുകൊണ്ടാണ് കേന്ദ്ര സർക്കാർ പ്രതികരിച്ചിരിക്കുന്നത്. ഇത് ശത്രു രാജ്യത്തിനെതിരെ ഉപരോധം ഏർപ്പെടുത്തുന്നതിന് തുല്യമല്ലെങ്കിൽ മറ്റെന്താണ്?
സംസ്ഥാനത്തിന്റെ പുനർനിർമാണത്തിന് സർക്കാർ ഉദ്യോഗസ്ഥരടക്കം സ്ഥിര വരുമാനമുള്ളവർ അവരുടെ ഒരു മാസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരന്ത നിവാരണ ഫണ്ടിലേക്ക് നൽകണമെന്ന അഭ്യർഥന അട്ടിമറിക്കാൻ ശ്രമം തുടർന്നുവരവേയാണ് കേന്ദ്ര സർക്കാരിന്റെ ഉപരോധം. മഹാപ്രളയ ദിനങ്ങളിൽ സമാനതകളില്ലാത്ത രക്ഷാപ്രവർത്തനത്തിനും പ്രളയ ബാധിതരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനും എൽഡിഎഫ് സർക്കാരിന്റെ നേതൃത്വത്തിൽ കേരള ജനത ഒറ്റക്കെട്ടായി നിന്ന് വിജയിച്ചിരുന്നു. അത് സൃഷ്ടിച്ച പ്രതിഛായ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഡിഎഫും ബിജെപിയും കൈകോർത്ത് സാലറി ചലഞ്ചിനെ തകർക്കാൻ നീക്കം നടത്തിയത്. അത് വലിയൊരളവ് സർക്കാർ മേഖലയിൽ വിജയിപ്പിക്കാൻ കഴിഞ്ഞെങ്കിലും പ്രളയ കാലത്ത് സംസ്ഥാനം കൈവരിച്ച ജനകീയ ഐക്യത്തിൽ വിള്ളൽ വീഴ്ത്താൻ അവർക്ക് കഴിഞ്ഞു. 
എന്നിട്ടും ഈ സർക്കാരിന്റെ നേതൃത്വത്തിൽ കേരളം നിശ്ചയദാർഢ്യത്തോടെ മുന്നോട്ടു പോകുമെന്ന് വന്നപ്പോഴാണ് കേന്ദ്ര സർക്കാർ അധികാരം ദുരുപയോഗം ചെയ്ത് ഇപ്പോൾ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ ഉണ്ടായ പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാൻ വിദേശ ഫണ്ടുകളും പ്രവാസി ഗുജറാത്തികളുടെ ഉദാരമായ സഹായവും ഇരുകൈയും നീട്ടിവാങ്ങിയത് വിസ്മരിച്ചുകൊണ്ടാണ് അദ്ദേഹം കേരളത്തോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. 
സാലറി ചലഞ്ചിൽ കേരളത്തെ വഞ്ചിച്ച കോൺഗ്രസും യു ഡി എഫും മോഡി സർക്കാരിന്റെ കേരളത്തിനെതിരായ ഉപരോധത്തെപ്പറ്റി ഒരക്ഷരം ഉരിയാടാൻ സന്നദ്ധമായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. പകരം അവർ സ്വന്തം കൊടികളും പ്രത്യയശാസ്ത്രവും ഉപേക്ഷിച്ച് ശബരിമല സ്ത്രീപ്രവേശനത്തിന്റെ പേരിൽ സംസ്ഥാനത്ത് ആഭ്യന്തര കലാപം സൃഷ്ടിക്കാൻ സംഘ്പരിവാർ പാളയത്തിലേക്ക് കാലുമാറിയിരിക്കുന്നു.
കോ ഓപറേറ്റീവ് ഫെഡറലിസം, സബ്കാ സാത്ത്, സബ്കാ വികാസ് തുടങ്ങിയ മധുര മനോജ്ഞ മുദ്രാവാക്യങ്ങൾ പൊള്ളയായ വാചാടോപം മാത്രമാണെന്ന് നരേന്ദ്ര മോഡിയും ബി ജെ പിയും ആവർത്തിച്ചു തെളിയിക്കുകയാണ്.
 മോഡിക്കെതിരെ ദേശീയ തലത്തിൽ സമര കാഹളമുയർത്തുന്ന കോൺഗ്രസിന്റെ കേരള ഘടകവും അവർ നേതൃത്വം നൽകുന്ന യു ഡി എഫും ഫലത്തിൽ സംസ്ഥാനത്ത് സംഘ്പരിവാറുമായി അവിശുദ്ധ കൂട്ടികെട്ടിലാണ് ഏർപ്പെട്ടിരിക്കുന്നത്. കേരളത്തിന്റെ നിലനിൽപും സുസ്ഥിര ഭാവിയും കാംക്ഷിക്കുന്ന, ജനാധിപത്യത്തിലും മതനിരപേക്ഷതയിലും ഭരണഘടനയിലും വിശ്വസിക്കുന്ന മുഴുവൻ കേരളീയരും സംഘ്പരിവാറിന്റെയും കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെയും ഈ അവിശുദ്ധ കൂട്ടുകെട്ട് തിരിച്ചറിയുക തന്നെ ചെയ്യും.  

Latest News