Sorry, you need to enable JavaScript to visit this website.

സൗദി കായിക കരുത്തിന്  മൊഞ്ച് പകർന്ന് മലയാളികൾ

പി.എം. മായിൻകുട്ടി

ലോക കായിക ഭൂപടത്തിൽ ഇടം പിടിക്കാനുള്ള ഒരുക്കത്തിലാണ് സൗദി അറേബ്യ. നയങ്ങളിൽ കാതലായ മാറ്റങ്ങൾ വരുത്തി പാരമ്പര്യ വിശ്വാസ കെട്ടുപാടുകളാൽ പിന്തള്ളപ്പെട്ടു പോയ കായിക രംഗത്തെ പുനരുദ്ധരിക്കുക വഴി ആരോഗ്യമുള്ള യുവതയെ വാർത്തെടുക്കുന്നതോടൊപ്പം ഈ മേഖലയിൽ തൊഴിൽ സാധ്യതകൾ വർധിപ്പിക്കുകയും തങ്ങൾക്ക് എത്തിപ്പിടിക്കാൻ കഴിയാത്ത ഇടമല്ല കായിക രംഗമെന്നും തെളിയിക്കുകയായിരുന്നു. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെയും നേതൃത്വത്തിൽ രാജ്യം നവയുഗപ്പിറവിയുടെ പാതയിലാണ്.  ജനസംഖ്യയിൽ പകുതിയിലേറെ വരുന്ന യുവജനങ്ങൾ മറ്റെന്തിനേക്കാളുമേറെ രാജ്യത്തിന്റെ കരുത്തുറ്റ സമ്പത്താണെന്നും അവരെ കർമോൽസുകരാക്കേണ്ടത് അനിവാര്യമാണെന്നുമുള്ള  തിരിച്ചറിവാണ് തൊഴിൽ രംഗത്തെന്ന പോലെ മറ്റു രംഗങ്ങളിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റത്തിനു കാരണം.
അതിൽ പ്രധാനപ്പെട്ടൊരു മേഖലയാണ് കായിക രംഗം. 
ഇസ്‌ലാമിക പാരമ്പര്യം കാത്തുസൂക്ഷിച്ചുകൊണ്ട് സ്ത്രീകൾക്കും കായിക മത്സരങ്ങളിൽ  പങ്കെടുക്കാൻ അനുമതി നൽകിയും വിദ്യാലയങ്ങളിൽ കായിക മത്സരങ്ങളെ പ്രോൽസാഹിപ്പിച്ചും സ്റ്റേഡിയങ്ങളിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചും സമൂല മാറ്റമാണ് ഈ രംഗത്ത് വരുത്തിക്കൊണ്ടിരിക്കുന്നത്. ഇതോടൊപ്പം ലോക പ്രശസ്ത താരങ്ങളെ സൗദിയിൽ കൊണ്ടുവന്ന് അവരുടെ കഴിവുകളെ നേരിൽ കാണുന്നതിനുള്ള അവസരങ്ങളും സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ തുടക്കമായിരുന്നു ലോക പ്രശസ്ത ബോക്‌സിംഗ് താരങ്ങളുടെ സൗദിയിലെ പ്രകടനം. അതിന്റെ തുടർച്ചയാണ് സൂപ്പർ ക്ലാസിക്കോ ചതുർ രാഷ്ട്ര ഫുട്‌ബോൾ മാമാങ്കം. ഫുട്‌ബോൾ സൗദി അറേബ്യയുടെ രക്തത്തിൽ അലിഞ്ഞു ചേർന്നിട്ടുള്ള കളിയാണ്. കിടയറ്റ ടീമുകളെ പിന്തള്ളി ലോകകപ്പിൽ കളിക്കാനുള്ള ഇടം കണ്ടെത്തുന്നതും അതുകൊണ്ടാണ്. 
എന്നാൽ ലോക നിലവാരമുള്ള ലോകോത്തര താരങ്ങൾ കൺമുന്നിലെത്തി കളിക്കുന്നതു കാണാനുള്ള സൗഭാഗ്യം വിരളമായി മാത്രമേ സൗദിയിൽ കഴിയുന്നവർക്ക് ലഭിച്ചിട്ടുള്ളൂ. അതിനുള്ള സുവർണാവസരം തുറന്നുകൊടുത്തുകൊണ്ടാണ് സൂപ്പർ ക്ലാസിക്കോ സംഘടിപ്പിച്ചത്. ലോകത്തെ ഏറ്റവും കരുത്തുറ്റ രണ്ടു ടീമുകൾ പരസ്പരം ഏറ്റുമുട്ടുന്നത് കാണുകയെന്നത് ഏതൊരു ഫുട്‌ബോൾ കമ്പക്കാരുടെയും സ്വപ്‌നമാണ്. അതിമനോഹരമായ ജിദ്ദ കിംഗ് അബ്ദുല്ല സ്‌പോർട്‌സ് സിറ്റി സ്‌റ്റേഡിയത്തിൽ അതിനു വേദിയൊരുക്കിയപ്പോൾ സാക്ഷ്യം വഹിക്കാൻ ഒഴുകിയെത്തിയത് പതിനായിരങ്ങളാണ്. അതിൽ ശ്രദ്ധേയമായത് ഫുട്‌ബോൾ പ്രേമികളായ മലയാളികളുടെ സാന്നിധ്യമായിരുന്നു. 
ആകുലതകൾക്കും ആശങ്കൾക്കുമിടയിലും അതെല്ലാം മറന്ന് അവർ റിയാദിലെയും ജിദ്ദയിലെയും സ്‌റ്റേഡിയങ്ങളിൽ ആവേശത്തിന്റെ തിരകളുയർത്തി. ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ളവർ കാണികളായുണ്ടായിരുന്നുവെങ്കിലും അവരിൽ നിന്നെല്ലാം വേറിട്ട് തങ്ങളുടെ സാന്നിധ്യം അടയാളപ്പെടുത്തുവാൻ മലയാളികൾക്കായി. 60,000 ഓളം കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന ജിദ്ദ കിംഗ് അബ്ദുല്ല സ്‌പോർട്‌സ് സിറ്റി സ്‌റ്റേഡിയത്തിന്റെ നല്ലൊരു ഭാഗം സ്ത്രീകളും കുട്ടികളുമടങ്ങുന്ന മലയാളി സമൂഹം കൈക്കലാക്കിയിരുന്നു. 
പ്രവാസ ജീവിതത്തിനിടെ വീണു കിട്ടിയ അസുലഭ നിമിഷം അവർ ശരിക്കും പ്രയോജനപ്പെടുത്തി. ലോകകപ്പ് മൽസര വേളകളിൽ ഇഷ്ട താരങ്ങളുടെയും ടീമുകളുടെയും ജഴ്‌സി അണിഞ്ഞ് മിനി സ്‌ക്രീനിനു മുന്നിലിരുന്നും കൂറ്റൻ കട്ടൗട്ടുകൾക്ക് മുന്നിൽ നിന്നും തങ്ങളുടെ ഇഷ്ടവും ആവേശവും പ്രകടിപ്പിക്കാൻ കഴിഞ്ഞിരുന്നവർ താരങ്ങളുടെ കൺമുന്നിൽ നിന്നു തന്നെ അതു പ്രകടിപ്പിക്കാൻ ലഭിച്ച അവസരം ശരിക്കും മുതലാക്കുക തന്നെ ചെയ്തു. അതിനായി അർജന്റീനയുടെയും ബ്രസീലിന്റെയും ജഴ്‌സി അണിഞ്ഞ് വളരെ നേരത്തെ തന്നെ സ്‌റ്റേഡിയത്തിൽ സ്ഥാനം പിടിച്ചിരുന്നു. ജിദ്ദയിലെ മലയാളികളിലേറെയും മലബാറുകാരും ഫുട്‌ബോളിനെ നെഞ്ചോട് ചേർത്തുവെച്ചവരുമായതിനാൽ ടിക്കറ്റ് കിട്ടാതിരുന്നവർ അധിക തുക നൽകി ബ്ലാക്കിൽ ടിക്കറ്റ് സമ്പാദിച്ചാണ് സ്‌റ്റേഡിയത്തിനകത്തെത്തിയത്. സൗദിയുടെ മറ്റു പ്രദേശങ്ങളിലുള്ള മലയാളികളും കിലോമീറ്ററുകൾ താണ്ടി അവരോടൊത്ത് ചേർന്നപ്പോൾ കേരളത്തനിമയാർന്ന മെക്‌സിക്കൻ തിരമാലകൾ സ്‌റ്റേഡിയത്തിൽ രൂപപ്പെടുകയായിരുന്നു. 
കളി പ്രതീക്ഷക്കൊത്തുയർന്നില്ലെങ്കിലും പ്രിയപ്പെട്ട താരങ്ങളുടെ സാന്നിധ്യം മാത്രം മതിയായിരുന്നു അവർക്ക് സംതൃപ്തി പകരാൻ. യൂറോപ്പിലോ ലാറ്റിനമേരിക്കയിലോ കാണാവുന്ന ആവേശമായിരുന്നു സ്റ്റേഡിയത്തിൽ അലയടിച്ചത്. 
ഒരു പക്ഷേ ബ്രസീൽ, അർജന്റീന ടീമുകൾ തന്നെ ഇത്തരമൊരു ആവേശം പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. നെയ്മാറും സഹകളിക്കാരും മൈതാനത്തിലിറങ്ങിയപ്പോൾ ഗാലറി പ്രകമ്പനം കൊള്ളുകയായിരുന്നു. മെസ്സിയുടെ അഭാവം അർജന്റീന ആരാധകർക്ക് നിരാശ സമ്മാനിച്ചുവെങ്കിലും ആവേശത്തിൽ  ഒട്ടും കുറവു വരുത്താതെ 'മിസ് യു മെസ്സി' എന്ന ബാനർ ഉയർത്തി നിരാശ പങ്കുവെക്കാനും മലയാളി ആരാധകർ മറന്നില്ല. 
സ്ത്രീകളടക്കമുള്ള സ്വദേശി ആരാധകരും അത്യപൂർവമായി ലഭിച്ച നിമിഷങ്ങളെ മഞ്ഞയും നീലയും കൊണ്ട്  നിറച്ചാർത്തണിയിച്ച്  സ്വപ്‌ന തുല്യമാക്കി മാറ്റിയപ്പോൾ കിംഗ് അബ്ദുല്ല സ്‌റ്റേഡിയം ലോകത്തെ മറ്റേതൊരു വമ്പൻ സ്‌റ്റേഡിയത്തോടും കിടപിടിക്കാവുന്നതാണെന്ന് ബോധ്യപ്പെടുത്തുകയായിരുന്നു. അങ്ങനെ സ്വദേശികളെയും വിദേശികളെയും ഒരുപോലെ സന്തോഷത്തിലാറാടിച്ച ചതുർരാഷ്ട്ര ഫുട്‌ബോൾ മാമാങ്കത്തിന് കൊടിയിറങ്ങിയപ്പോൾ കായിക മേഖലയിലെ കരുത്തിന്റെ കാര്യത്തിലും തങ്ങൾ ഒട്ടും പിന്നിലല്ലെന്ന് കൂടി സൗദി അറേബ്യ തെളിയിക്കുകയായിരുന്നു.

Latest News