Sorry, you need to enable JavaScript to visit this website.

പുനർനിർമാണ പദ്ധതികൾക്ക് സഹായം നൽകുമെന്ന് ലോക ബാങ്ക്

പ്രളയവുമായി ബന്ധപ്പെട്ട റിപ്പോർട്ട് ലോക ബാങ്ക് സംഘം മുഖ്യമന്ത്രി പിണറായി വിജയന് മുന്നിൽ അവതരിപ്പിക്കുന്നു.

തിരുവനന്തപുരം- സംസ്ഥാനത്തിന്റെ പുനർനിർമാണ പദ്ധതികൾക്ക് സാങ്കേതികവും സാമ്പത്തികവുമായ സഹായം ലോക ബാങ്ക് വാഗ്ദാനം ചെയ്തു. 
കേരളത്തിലെ പ്രളയ ദുരന്തം വിലയിരുത്തി തയ്യാറാക്കിയ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും സാന്നിധ്യ
ത്തിൽ ലോക ബാങ്ക് സംഘം അവതരിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ പുനർനിർമാണ രൂപരേഖയ്ക്ക് ആവശ്യമായ സഹായം നൽകുമെന്ന് ലോക ബാങ്ക് പ്രതിനിധികൾ അറിയിച്ചു. 
ലോക ബാങ്ക് പ്രത്യേക പദ്ധതികൾക്കാണ് സാധാരണ സഹായം നൽകുന്നത്. എന്നാൽ ഇന്ത്യക്കായി തയ്യാറാക്കിയ പ്രത്യേക പദ്ധതിയനുസരിച്ച് സംസ്ഥാനങ്ങളുമായി സഹകരിച്ച് വിശാലമായ മേഖലകളിൽ സഹായം ലഭ്യമാക്കും. ഈ പദ്ധതിയിൽ കേരളത്തെയും പഞ്ചാബിനെയുമാണ് ആദ്യമായി ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രളയം ബാധിച്ച ശേഷമുള്ള പുനർനിർമാണ പ്രവർത്തനങ്ങളിലെ ത്വരിതവും ഫലപ്രദവുമായ ഇടപെടൽ കണ്ടാണ് കേരളത്തെ ഉൾപ്പെടുത്തിയത്. ലോക ബാങ്കിന്റെ പുതിയ രീതി അനുസരിച്ച് സംസ്ഥാന ബജറ്റിലെ പദ്ധതികൾക്കും നിലവിൽ നടപ്പാക്കുന്ന പദ്ധതികളുടെ ഫലം വിലയിരുത്തി അതിലേക്കും വായ്പ നൽകാനാവും.
സംസ്ഥാനത്തിന്റെ നിർദ്ദേശം പരിഗണിച്ച ശേഷമായിരിക്കും അന്തിമ റിപ്പോർട്ട് തയ്യാറാക്കുക. ഇതിനായി പ്രത്യേക സംഘത്തെ കേരളത്തിലേക്ക് അയക്കും. ഗതാഗതം, ഗ്രാമ-നഗര വികസനം, ജലവിഭവം, ജീവനോപാധി തുടങ്ങി വിവിധ മേഖലകളിലെ നഷ്ടവും ബാധിക്കപ്പെട്ട ജനങ്ങളുടെ എണ്ണവും ലോക ബാങ്ക് തിട്ടപ്പെടുത്തിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പെടെ വിദഗ്ധാഭിപ്രായവും മാതൃകകളും സ്വീകരിക്കണമെന്ന നിർദ്ദേശവുമുണ്ടായി. 
പുനർനിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവിധ ആശയങ്ങൾ ലോക ബാങ്ക് പ്രതിനിധികൾ അവതരിപ്പിച്ചു. കൃഷി, ആരോഗ്യം, സാമൂഹ്യ നീതി, പൊതുമരാമത്ത് തുടങ്ങിയ മേഖലകളെക്കുറിച്ച് ചർച്ച ചെയ്തു. കേരളത്തിന്റെ പുനർനിർമാണത്തിന് വിദേശ മലയാളികളുടെ സഹായം സ്വരൂപിക്കുന്നത് സംബന്ധിച്ചും ചർച്ചയുണ്ടായി. 
പ്രളയത്തിൽ തകർന്ന കേരളത്തെ പുനനിർമിക്കുന്നതിൽ മുഖ്യമന്ത്രിയുടെ വാക്കുകൾക്ക് നിർണായക സ്വാധീനമുണ്ടായിരുന്നുവെന്ന് സംഘത്തിന് നേതൃത്വം നൽകിയ ലോക ബാങ്ക് കൺട്രി ഡയറക്ടർ ജുനൈദ് അഹമ്മദ് പറഞ്ഞു. പ്രളയമുണ്ടായ വേളയിൽ എല്ലാ ദിവസവും മുഖ്യമന്ത്രി സ്വന്തം ജനതയോട് നേരിട്ട് പറഞ്ഞ കാര്യങ്ങൾ രാജ്യത്തിനപ്പുറം ലോക രാജ്യങ്ങളിൽ മുഴങ്ങിക്കേട്ടു. ഇതുമൂലം പുനർനിർമാണ സംരംഭങ്ങൾക്ക് ലോക രാജ്യങ്ങളുടെയാകെ പിന്തുണയുണ്ടായി. ഇത് തുടരണം -ജുനൈദ് പറഞ്ഞു.
മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, ഡോ. ടി.എം. തോമസ് ഐസക്, കെ.കെ. ശൈലജ, ജി. സുധാകരൻ, മാത്യു ടി. തോമസ്, പ്രൊഫ. സി. രവീന്ദ്രനാഥ്, എ.സി. മൊയ്തീൻ, വി.എസ്. സുനിൽ കുമാർ, ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണൽ ചീഫ് സെക്രട്ടറിമാരായ ബിശ്വാസ് മേത്ത, പി.എച്ച്. കുര്യൻ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജൻ, പ്രിൻസിപ്പൽ സെക്രട്ടറി (കോഓർഡിനേഷൻ) വി.എസ്. സെന്തിൽ എന്നിവർ സന്നിഹിതരായിരുന്നു. 
കൺട്രി ഡയറക്ടർ ജുനൈദ് അഹമ്മദിനു പുറമെ ഇന്ത്യാ കൺട്രി മാനേജർ ഹിഷാം, ലീഡ് അർബൻ സ്പെഷ്യലിസ്റ്റ് ബാലകൃഷ്ണ മേനോൻ, ലീഡ് ഇക്കണോമിസ്റ്റ് ദിലീപ് രാത്ത, ലീഡ് ഡിസാസ്റ്റർ മാനേജ്മെന്റ് സ്‌പെഷ്യലിസ്റ്റ് ദീപക് സിംഗ്, സുധീപ് എന്നിവരാണ് ലോക ബാങ്ക് സംഘത്തിലുണ്ടായിരുന്നത്

Latest News