Sorry, you need to enable JavaScript to visit this website.

നവകേരള നിർമിതിക്കായി    മലപ്പുറത്ത് സൗഹൃദ ഫുട്‌ബോൾ

നവകേരള നിർമിതിക്കു പണം സ്വരൂപിക്കാൻ മലപ്പുറത്തു നടക്കുന്ന സൗഹൃദ ഫുട്‌ബോൾ മത്സരങ്ങളുമായി  ബന്ധപ്പെട്ടു കലക്ടർ അമിത് മീണയുടെ അധ്യക്ഷതയിൽ ചേർന്ന ആലോചനാ യോഗം 

മലപ്പുറം- പ്രളയത്തിൽ മുങ്ങിയ കേരളത്തിന്റെ പുനർനിർമാണ പ്രവർത്തനങ്ങളിൽ സഹായിക്കാൻ  മലപ്പുറത്ത് സൗഹൃദ ഫുട്‌ബോൾ മത്സരം സംഘടിപ്പിക്കുമെന്നു ജില്ലാ കലക്ടർ അമിത് മീണ അിറയിച്ചു. 
നവംബർ ഒന്നിനു വൈകുന്നേരം മൂന്നു മുതൽ മലപ്പുറം കോട്ടപ്പടി ഫുട്‌ബോൾ സ്റ്റേഡിയത്തിലാണ് മൽസരങ്ങൾ നടക്കുക. ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി. ജില്ലാ ഫുട്‌ബോൾ അസോസിയേഷനും വെട്രൻ ഫുട്‌ബോൾ അസോസിയേഷനും പരിപാടിയിൽ പൂർണമായും സഹകരിക്കും. 
കാണികളിൽ നിന്നു നിശ്ചിത നിരക്കിൽ ഫീസ് ഈടാക്കിയാണ് ദുരിതാശ്വാസ നിധിയിലേക്കു പണം കണ്ടെത്തുക. ഇതിനായി കൂപ്പൺ തയാറാക്കി വിതരണം ചെയ്യും. 
വ്യാപാരി വ്യവസായികൾ, വിദ്യാർഥികൾ, സ്‌പോർട്‌സ് സംഘടനകൾ എന്നിവരെ പരിപാടിയിൽ പങ്കാളികളാക്കുന്നതിന് പദ്ധതി തയാറാക്കും. കൂപ്പൺ നൽകുന്നവരെയും അല്ലാത്തവരെയും കളി കാണാൻ അനുവദിക്കുന്ന രീതിയിലായിരിക്കും സംഘാടനം. രാജ്യത്തിനു മാതൃകയായ ജില്ലയുടെ ഫുട്‌ബോൾ ആവേശം പ്രളയത്തിൽ മുങ്ങിയ സംസ്ഥാനത്തിന്റെ പുനർനിർമാണത്തിനു എത്രമാത്രം ഉപയോഗിക്കാൻ കഴിയുമെന്നതിന്റെ തെളിവായിരിക്കും മത്സരത്തിൽ നിന്നു ലഭിക്കുന്ന ധനസഹായം. 
മത്സരത്തിലൂടെ സമാഹരിക്കുന്ന തുക  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു  നൽകുന്നതിനായി ജില്ലാ കലക്ടർക്കു കൈമാറും. പ്രവർത്തനങ്ങൾക്കായി വിവിധ സബ് കമ്മിറ്റികൾ രൂപീകരിക്കും. മത്സരത്തിൽ സുബ്രതോ കപ്പ് സംസ്ഥാന ജേതാക്കളായ ചേലേമ്പ്ര എൻ.എൻ.എം.എച്ച്.എസ് ടീമും സുബ്രതോ കപ്പ് മുൻ ഫൈനലിസ്റ്റുകളായ മലപ്പുറം എം.എസ്.പി സ്‌കൂളും തമ്മിലാണ് പ്രധാന മത്സരം. നവംബർ എട്ടു മുതൽ ദൽഹിയിൽ നടക്കുന്ന  സുബ്രതോ കപ്പിൽ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന ടീമാണ് ചേലേമ്പ്ര സ്‌കൂൾ. 
ഇതിനു പുറമെ ജില്ലാ കലക്ടറുടെ ഇലവൻസ്, ജില്ലാ പോലീസ് ടീം, പ്രസ് ക്ലബ് ടീം, വ്യാപാരികളുടെ ടീം തുടങ്ങിയ ടീമുകളും വിവിധ മത്സരങ്ങളിലായി ഏറ്റുമുട്ടും. കലക്ടറേറ്റിൽ നടന്ന യോഗത്തിൽ സ്‌പോർട്‌സ് കൗൺസിൽ  പ്രസിഡന്റ് പി. ഷംസുദ്ദീൻ, സെക്രട്ടറി പി.രാജു വെട്രൻ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് കൂടിയായ മലപ്പുറം എം.എസ്.പി കമാൻഡന്റ് യു. അബ്ദുൾ കരീം,  ജില്ലാ സ്‌പോർട്‌സ് കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗങ്ങളായ കെ.എ നാസർ, റിഷികേശ് കുമാർ, ഡിഎഫ്എ സെക്രട്ടറി സുരേന്ദ്രൻ മങ്കട, പ്രസിഡന്റ് അബ്ദുൾ കരീം, ട്രഷറർ സുരേഷ്, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളായ പരി ഉസ്മാൻ, അബ്ദുൾ അസീസ്  തുടങ്ങിയവർ പങ്കെടുത്തു.

 

Latest News