Sorry, you need to enable JavaScript to visit this website.

കാറ്റൊഴിഞ്ഞ് കരീബിയ

രാജ്‌കോട് - ഇന്ത്യയുടെ ഉജ്വല ബാറ്റിംഗിനും ബൗളിംഗിനും മുന്നിൽ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ വെസ്റ്റിൻഡീസ് ചതഞ്ഞരഞ്ഞു. മൂന്നു സെഞ്ചുറികളുടെ ബലത്തിൽ ഒമ്പതിന് 649 റൺസെടുത്ത് ഡിക്ലയർ ചെയ്ത ആതിഥേയർക്കെതിരെ രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോൾ ആറിന് 94 ൽ വൻ തകർച്ച നേരിടുകയാണ് കരീബിയക്കാർ. നാല് വിക്കറ്റ് മാത്രം ശേഷിക്കെ 555 റൺസ് പിന്നിലാണ് അവർ. പിച്ച് കൂടുതൽ സ്പിന്നനുകൂലമാവുന്നതോടെ ജയം പൂർത്തിയാക്കാൻ ഇന്ത്യക്ക് എത്ര സമയം വേണ്ടിവരും എന്നതു മാത്രമാവും ചോദ്യം. 
ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ ഇരുപത്തിനാലാം സെഞ്ചുറിയും സ്വന്തം ഗ്രൗണ്ടിൽ രവീന്ദ്ര ജദേജയുടെ കന്നി സെഞ്ചുറിയും റിഷഭ് പന്തിന്റെ 92 റൺസുമാണ് ഇന്ത്യയെ വൻ സ്‌കോറിലേക്ക് നയിച്ചത്. ഓപണർമാരെ അഞ്ചാം ഓവറാവുമ്പോഴേക്കും മടക്കിയ മുഹമ്മദ് ഷാമി അവരുടെ മറുപടി അധികം നീളില്ലെന്ന് ഉറപ്പുവരുത്തി. 74 റൺസാവുമ്പോഴേക്കും വിൻഡീസിന് ആറ് വിക്കറ്റ് നഷ്ടപ്പെട്ടു. റോസ്റ്റൺ ചെയ്‌സും (27 നോട്ടൗട്ട്) കീമൊ പോളുമാണ് (13 നോട്ടൗട്ട്) ക്രീസിൽ. 
ഒമ്പതിന് 649 വിൻഡീസിനെതിരെ ഇന്ത്യയുടെ ഉയർന്ന സ്‌കോറാണ്. കോഹ്‌ലി (139) ഡോൺ ബ്രാഡ്മാന് ശേഷം ഏറ്റവും കുറഞ്ഞ ഇന്നിംഗ്‌സിൽ 24 സെഞ്ചുറി തികക്കുന്ന ബാറ്റ്‌സ്മാനായി. പക്ഷെ കന്നി സെഞ്ചുറി പൂർത്തിയാക്കിയ ജദേജയായിരുന്നു (100 നോട്ടൗട്ട്) ഇന്നലെ ഹീറോ. വാലറ്റക്കാർക്കൊപ്പം ജദേജ മുനയൊടിഞ്ഞ വിൻഡീസ് ബൗളിംഗിനെ തരിപ്പണമാക്കി. സെഞ്ചുറി നേടിയതിനു പിന്നാലെ സുനിൽ അംബ്രീസിന്റെ വിക്കറ്റെടുക്കുകയും ഷിംറോൻ ഹെത്മയറിനെ റണ്ണൗട്ടാക്കുകയും ചെയ്തു ഓൾറൗണ്ടർ. സുനിൽ സന്നാഹ മത്സരത്തിൽ സെഞ്ചുറിയടിച്ചിരുന്നു. 
രാവിലെ നാലിന് 364 ൽ ഇന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യക്കു വേണ്ടി കോഹ്‌ലിയും റിഷഭും അഞ്ചാം വിക്കറ്റിൽ 133 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 72 ൽ കളി പുനരാരംഭിച്ച കോഹ്‌ലി സ്പിന്നർ ദേവേന്ദ്ര ബിഷൂവിനെ ബൗണ്ടറി കടത്തിയാണ് പതിവില്ലാത്ത വിധം ശാന്തമായ സെഞ്ചുറി പൂർത്തിയാക്കിയത്. കോഹ്‌ലിയുടെ 123 ാം ഇന്നിംഗ്‌സാണ് ഇത്. ബ്രാഡ്മാൻ 66 ഇന്നിംഗ്‌സിൽ 24 സെഞ്ചുറി നേടിയിരുന്നു. ഇന്ത്യൻ സെഞ്ചൂറിയന്മാരിൽ വീരേന്ദർ സെവാഗിനെ കോഹ്‌ലി മറികടന്നു. സചിൻ ടെണ്ടുൽക്കറും രാഹുൽ ദ്രാവിഡും സുനിൽ ഗവാസ്‌കറും മാത്രമാണ് മുന്നിൽ. തുടർച്ചയായ മൂന്നാം കലണ്ടർ വർഷവും കോഹ്‌ലി 1000 റൺസ് പിന്നിട്ടു. ലഞ്ചിന് മുമ്പ് റിട്ടേൺ ക്യാച്ചിൽ നിന്ന് കോഹ്‌ലി രക്ഷപ്പെട്ടിരുന്നു. 
ഇടങ്കൈയൻ റിഷഭ് തുടക്കം മുതൽ അടിക്കാനുള്ള ഒരുക്കത്തിലായിരുന്നു. 84 പന്ത് നീണ്ട ഇന്നിംഗ്‌സിൽ നാല് സിക്‌സറും എട്ട് ബൗണ്ടറിയും പറത്തി. കോഹ്‌ലിക്ക് 55 റൺസ് പിന്നിലാണ് റിഷഭ് ഇന്നലെ തുടങ്ങിയതെങ്കിലും ക്യാപ്റ്റനെക്കാൾ മുന്നിൽ സെഞ്ചുറി പൂർത്തിയാക്കുമെന്ന് തോന്നി. കീമൊ പോളിനെതിരായ കൂറ്റൻ സിക്‌സറിലൂടെയാണ് അർധ ശതകം പിന്നിട്ടത്. ബിഷൂവിന്റെ ഗൂഗ്ലി സിക്‌സറിന് പറത്താനുള്ള ശ്രമത്തിൽ ബാക്‌വേഡ് പോയന്റിൽ പിടികൊടുത്തു. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ സെഞ്ചുറിയടിച്ച റിഷഭ് തുടർച്ചയായ രണ്ടാം ശതകത്തിനുള്ള അവസരമാണ് പാഴാക്കിയത്. ആദ്യ ദിനം പൃഥ്വി ഷായും സെഞ്ചുറിയടിച്ചിരുന്നു. 
ജദേജയും തകർത്തടിച്ചു. എതിർ നായകൻ ക്രയ്ഗ് ബ്രാത്‌വൈറ്റിനെ സിംഗിളിനു പായിച്ച് സെഞ്ചുറി പൂർത്തിയാക്കിയ ശേഷം ബാറ്റ് ചുഴറ്റി ജദേജ ആഘോഷിച്ചു. ഒന്നിലുള്ളപ്പോൾ ജദേജയെ കൈവിട്ടിരുന്നു. മുഹമ്മദ് ഷാമിയെ (2 നോട്ടൗട്ട്) കാഴ്ചക്കാരനാക്കിയാണ് അവസാന 21 റൺസ് ജദേജ നേടിയത്. അതിന് മുമ്പ് ഉമേഷ് യാദവുമൊത്ത് 55 റൺസ് കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. അർധ സെഞ്ചുറി പൂർത്തിയാക്കിയ ശേഷമാണ് ജദേജ വേഗം കൂട്ടിയത്. അടുത്ത പന്ത് സിക്‌സറിനുയർത്തി. അഞ്ച് സിക്‌സറുകളിൽ ആദ്യത്തേത്. അമ്പതിൽ നിന്ന് 34 പന്തിൽ 98 ലെത്തി. ഷാമിയെ സ്‌ട്രൈക്കിൽ നിന്ന് രക്ഷിച്ചിട്ടു കൂടിയാണ് ഇത്. 
അഞ്ചാം ഓവറാവുമ്പോഴേക്കും ഓപണർമാരായ ബ്രാത്‌വൈറ്റിനെയും (2) കീരൻ പവലിനെയും (1) ഷാമി മടക്കിയതോടെ വിൻഡീസിന്റെ തുടക്കം പാളി. ഷായ് ഹോപിനെ (10) ആർ. അശ്വിനും ഷെയ്ൻ ഡൗറിച്ചിനെ (10) കുൽദീപ് യാദവും ബൗൾഡാക്കി. ഷിംറോൻ ഹെത്മയർ (10) റണ്ണൗട്ടായി. 
 

Latest News