Sorry, you need to enable JavaScript to visit this website.

ഹരീഖിന്റെ സ്വന്തം മുസ്തഫ തൊഴില്‍ കരാര്‍ പുതുക്കുന്നില്ല; ഇനി നാട്ടിലേക്ക്

റിയാദ്- ഹരീഖ് ജില്ലാ ഗവര്‍ണര്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍സാഖിബ് ജോലിയില്‍ തുടരാന്‍ ആവശ്യപ്പെട്ടിട്ടും നാലു പതിറ്റാണ്ടിന്റെ അവിസ്മരണീയമായ പ്രവാസ ജീവിതം അവസാനിപ്പിക്കാന്‍ തന്നെ തീരുമാനിച്ചിരിക്കുകയാണ് മലയാളിയായ മുസ്തഫ അല്‍ഹരീഖ്.

നിയമാനുസൃതമായ വിരമിക്കല്‍ പ്രായം കഴിഞ്ഞിട്ടും പ്രത്യേക ഉത്തരവിലൂടെ ഹരീഖ് ഗവര്‍ണറേറ്റില്‍ ജോലിയില്‍ തുടരുകയായിരുന്ന കോഴിക്കോട് കുറ്റിച്ചിറ കുഞ്ഞിത്താന്‍ മാളിയേക്കല്‍ മുസ്തഫയാണ് ഇനി തൊഴില്‍ കരാര്‍ പുതുക്കേണ്ടതില്ലെന്നും നവംബറോടെ നാട്ടിലേക്ക് പോവുകയാണെന്നും ഗവര്‍ണറേറ്റിനെ അറിയിച്ചിരിക്കുന്നത്.
1979 ലാണ് മുസ്തഫ റിയാദിലെത്തുന്നത്. അതുവരെ ഇന്ത്യന്‍ സെന്‍ട്രല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സി.എസ്.എഫ്) അംഗമായിരുന്ന അദ്ദേഹം നിയമാനുസൃത വിടുതലിന് കാത്തുനില്‍ക്കാതെ സേവനം നിര്‍ത്തുകയായിരുന്നു. 18-ാം വയസ്സിലാണ് സി.എസ്.എഫില്‍ ചേര്‍ന്നത്. തമിഴ്‌നാട്, ബീഹാര്‍, രാജസ്ഥാന്‍, കേരളം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെല്ലാം സേവനം ചെയ്ത് ഒടുവില്‍ മദ്രാസ് റെജിമെന്റില്‍ ജോലി ചെയ്യവെ 1979-ല്‍ സൈനിക ജീവിതം അവസാനിപ്പിക്കുകയായിരുന്നു.

http://malayalamnewsdaily.com/sites/default/files/2018/10/02/p3rydmustafahareeq2.jpg
മൂംബൈയിലെ റിക്രൂട്ടിംഗ് ഏജന്‍സി വഴി റിയാദ് ഗവര്‍ണറേറ്റിലേക്ക് ഫോര്‍മാന്‍ തസ്തികയിലാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. റിയാദിലെത്തിയപ്പോള്‍ റിയാദ് പ്രവിശ്യക്ക് കീഴിലെ അല്‍ഹരീഖ് ജില്ലയിലെ ഗവര്‍ണറേറ്റില്‍ മെയിന്റനന്‍സ് ഫോര്‍മാനായി നിയമിതനായി. രണ്ടര വര്‍ഷത്തിന് ശേഷം മുനിസിപ്പല്‍ ചെയര്‍മാന്റെ ഓഫീസ് സെക്രട്ടറിയായി പ്രമോഷന്‍ ലഭിക്കുകയായിരുന്നു. സ്വദേശികള്‍ നഗര ശുചീകരണമടക്കമുള്ള എല്ലാ ജോലികളും ചെയ്യുന്ന, വളരെ കുറഞ്ഞ ജനസംഖ്യയുള്ള കുഗ്രാമമായിരുന്നു അന്ന് അല്‍ഹരീഖ്. 17 വര്‍ഷം മുമ്പ് സര്‍ക്കാര്‍ മേഖലയില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കിത്തുടങ്ങിയപ്പോള്‍ മുസ്തഫക്ക് ജോലിയില്‍ നിന്നിറങ്ങേണ്ടി വന്നു. പക്ഷേ ഒന്നര മാസം തികയും മുമ്പേ തിരികെ വിളിക്കുകയും മുനിസിപ്പല്‍ ചെയര്‍മാന്‍ ജോലിയില്‍ തുടരാന്‍ ആവശ്യപ്പെടുകയും ചെയ്തു. 2011ല്‍ 60 വയസ്സായപ്പോള്‍ വിരമിക്കാന്‍ തീരുമാനിച്ചെങ്കിലും വീണ്ടും അനിശ്ചിത കാലത്തേക്ക് സര്‍വീസില്‍ തുടരാന്‍ നിര്‍ദേശം ലഭിക്കുകയായിരുന്നു. ഇപ്പോഴും തുടരാന്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും ശിഷ്ടകാലം നാട്ടില്‍ കുടുംബത്തോടൊപ്പം കഴിയാനാണ് മുസ്തഫക്ക് താല്‍പര്യം. ഇതുവരെ 18 മുനിസിപ്പല്‍ ചെയര്‍മാന്‍മാരുടെ പ്രൈവറ്റ് സെക്രട്ടറിയായി സേവനം ചെയ്തു. നിലവില്‍ എഞ്ചിനീയര്‍ ഫഹദ് ഗാസി അല്‍ഉതൈബിയുടെ സെക്രട്ടറിയാണ്.
ഓറഞ്ചും മുന്തിരിയും അത്തിപ്പഴവും ഈത്തപ്പഴവും ഗോതമ്പും പച്ചക്കറികളും വിളയുന്ന തോട്ടങ്ങളാല്‍ സമ്പുഷ്ടമായ അല്‍ഹരീഖിലേക്ക് മലയാളികളടക്കമുള്ളവരെ ക്ഷണിച്ച് ഈ ഗ്രാമത്തെ പുറം ലോകത്തിന് പരിചയപ്പെടുത്തിയതിന് പിന്നില്‍ മുസ്തഫയുടെ കരങ്ങളായിരുന്നു പ്രവര്‍ത്തിച്ചത്. ഇക്കാരണത്താല്‍ തന്നെ നാട്ടുകാരുടെ പ്രിയങ്കരനാണ് ഇദ്ദേഹം. ഓറഞ്ച് ഫെസ്റ്റുകള്‍ സംഘടിപ്പിക്കുമ്പോള്‍ അതിന്റെ പ്രചാരണ തലവനായും ഇദ്ദേഹം രംഗത്തുണ്ടാവും. ഈ വര്‍ഷം ഡിസംബറില്‍ രണ്ടാഴ്ചയോളം ഓറഞ്ച് ഫെസ്റ്റ് നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഫെസ്റ്റ് കഴിഞ്ഞ ശേഷം നാട്ടില്‍ പോയാല്‍ മതിയെന്നാണ് ചിരകാല പരിചിതരായ സ്വദേശി പൗരന്മാര്‍ ഇദ്ദേഹത്തോടാവശ്യപ്പെട്ടിരിക്കുന്നത്.
എട്ട് കൊല്ലം മുമ്പ് സൗദി പൗരത്വത്തിന് വേണ്ടി ഗവര്‍ണറേറ്റിലെ ഉദ്യോഗസ്ഥരുടെ ശുപാര്‍ശ പ്രകാരം അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതിനായി ആഭ്യന്തര മന്ത്രാലയ ഓഫീസില്‍ പ്രത്യേക ഇന്റര്‍വ്യൂ നടക്കുകയും ചെയ്തു. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായി എന്നാണ് അറിയിച്ചിരുന്നതെങ്കിലും പിന്നീട് ഫയല്‍ തിരിച്ചയക്കുകയായിരുന്നു. എന്നാല്‍ പൗരത്വത്തിന് തന്റെ കുടുംബം ആദ്യമേ എതിരായിരുന്നുവെന്നും അപേക്ഷ തള്ളിയതില്‍ അവര്‍ സന്തുഷ്ടരാണെന്നും അദ്ദേഹം പറഞ്ഞു. ഭാര്യ: പി.കെ സഫിയ. ഹിശാം, സര്‍ഫറാസ്, നവാല്‍, സുനിത, ആദില്‍ മക്കളാണ്.

 

 

Latest News