Sorry, you need to enable JavaScript to visit this website.

യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ റോഹിംഗ്യന്‍ പ്രശ്‌നം ഉന്നയിച്ച് സൗദി അറേബ്യ

റിയാദ്- മ്യാന്മറില്‍ റോഹിംഗ്യന്‍ മുസ്‌ലിംകള്‍ നേരിടുന്ന ദുരിതത്തില്‍ അങ്ങേയറ്റത്തെ ആശങ്കയുണ്ടെന്നും റോഹിംഗ്യന്‍ മുസ്‌ലിംകളുടെ പ്രശ്‌നത്തിന് വലിയ ശ്രദ്ധയാണ് രാജ്യം നല്‍കുന്നതെന്നും യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ സൗദി പ്രതിനിധി ഡോ.അബ്ദുല്‍ അസീസ് അല്‍വാസില്‍. റാഖീന്‍ സംസ്ഥാനത്തും ഉത്തര മ്യാന്മറിലെ മറ്റു പ്രദേശങ്ങളിലും റോഹിംഗ്യന്‍ മുസ്‌ലിംകളുടെയും മറ്റു ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ ഗുരുതരമായി ലംഘിക്കപ്പെടുകയാണെന്നും അന്താരാഷ്ട്ര നിയമങ്ങള്‍ മ്യാന്മര്‍ സൈന്യം നഗ്നമായി ലംഘിക്കുകയാണെന്നും വ്യക്തമാക്കുന്ന അന്താരാഷ്ട്ര ദൗത്യ സംഘത്തിന്റെ റിപ്പോര്‍ട്ട് വേദനയുളവാക്കുന്നു.
റോഹിംഗ്യന്‍ മുസ്‌ലിംകളുടെ ഗ്രാമങ്ങള്‍ മ്യാന്മര്‍ സൈന്യം അപ്പാടെ അഗ്നിക്കിരയാക്കിയതായി അന്താരാഷ്ട്ര ദൗത്യ സംഘത്തിന്റെ റിപ്പോര്‍ട്ട് പറയുന്നു. കൂട്ടക്കുരുതികളുടെയും കൂട്ടബലാത്സംഗങ്ങളുടെയും ബാലപീഡനങ്ങളുടെയും തട്ടിക്കൊണ്ടു പോകലുകളുടെയും അടിച്ചമര്‍ത്തലുകളുടെയും നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് അനാവരണം ചെയ്യുന്നു. റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരെ മ്യാന്മര്‍ സൈന്യം നടത്തുന്ന ആക്രമണങ്ങളെ സൗദി പ്രതിനിധി രൂക്ഷമായ ഭാഷയില്‍ അപലപിച്ചു. ന്യൂനപക്ഷങ്ങള്‍ക്കെതിരെ മൃഗീയവും രക്തരൂഷിതവുമായ ഭീകരതയാണ് മ്യാന്മര്‍ നടത്തുന്നത്. ഈ ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതിനും റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്ക് അവകാശങ്ങള്‍ ഉറപ്പു വരുത്തുന്നതിനും അന്താരാഷ്ട്ര സമൂഹം സത്വര നടപടികള്‍ സ്വീകരിക്കണം. റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കിടയില്‍ വിദ്യാഭ്യാസ, ആരോഗ്യ പദ്ധതികള്‍ നടപ്പാക്കുന്നതിന് സൗദി അറേബ്യ അഞ്ചു കോടി ഡോളര്‍ സഹായം നല്‍കിയിട്ടുണ്ട്. രണ്ടര ലക്ഷത്തോളം റോഹിന്‍ംഗ്യന്‍ മുസ്‌ലിംകള്‍ക്ക് സൗദി അറേബ്യ അഭയം നല്‍കിയിട്ടുണ്ടെന്നും അബ്ദുല്‍ അസീസ് അല്‍ വാസില്‍ പറഞ്ഞു.
--

 

Latest News