Sorry, you need to enable JavaScript to visit this website.

അമ്മയുടെ സംരക്ഷണം ഉറപ്പാക്കാൻ മക്കളെ വിളിച്ചു വരുത്തും -വനിത കമ്മീഷൻ

വനിതാ കമ്മീഷൻ അംഗങ്ങൾ മലപ്പുറത്ത് അദാലത്തിൽ പരാതി കേൾക്കുന്നു.

മലപ്പുറം- വയോധികയായ അമ്മയുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് വിദേശത്ത് ജോലി ചെയ്യുന്ന മകനെയും മറ്റ് രണ്ട് പെൺമക്കളെയും വിളിച്ചു വരുത്തുന്നതിന് നടപടി സ്വീകരിക്കുമെന്ന് വനിത കമ്മീഷൻ അംഗങ്ങളായ വി.ആർ. മഹിളാമണി, അഡ്വ. പി. കുഞ്ഞായിഷ എന്നിവർ പറഞ്ഞു. മലപ്പുറം ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടത്തിയ സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു വനിത കമ്മീഷൻ അംഗങ്ങൾ. സ്വത്ത് കൈക്കലാക്കിയ ശേഷം മകൻ സംരക്ഷിക്കുന്നില്ലെന്ന് ആരോപിച്ചാണ് വൃദ്ധയായ മാതാവ് കമ്മീഷന് മുമ്പാകെ പരാതി നൽകിയത്.
സ്തീകൾക്കെതിരായ അതിക്രമങ്ങൾ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി വനിതാ കമ്മീഷൻ വിവിധ തലങ്ങളിൽ ജില്ലാ-സബ് ജില്ലാ സെമിനാറുകൾ സംഘപ്പിക്കും. കൂടാതെ 11 പ്രധാനപ്പെട്ട വിഷയങ്ങളിൽ പബ്ലിക് ഹിയറിംഗ് നടത്തി വരുകയാണ്. വനിതകൾ തൊഴിലെടുക്കുന്ന മേഖലകളിൽ അവർക്ക് നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളും പ്രയാസങ്ങളും വിഷയങ്ങളും ചർച്ച ചെയ്യുന്നതിനും അനിവാര്യമായ നയം രൂപീകരിക്കുന്നതിനും ഇവ സർക്കാർ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കണ്ടെത്തുന്നതിനുമാണ് വിവിധ ജില്ലകളിൽ പബ്ലിക് ഹിയറിംഗ് സംഘടിപ്പിക്കുന്നതെന്നും വനിത കമ്മിഷൻ അംഗങ്ങൾ പറഞ്ഞു.
 ആകെ 32 പരാതികളാണ് പരിഗണിച്ചത്. ഇതിൽ എട്ട് പരാതികൾ തീർപ്പാക്കി. അഞ്ച് പരാതികളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പോലീസിന് നിർദേശം നൽകി. 19 പരാതികൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. ദമ്പതികൾ തമ്മിലുള്ള പ്രശ്നങ്ങൾ, വസ്തു സംബന്ധമായ തർക്കങ്ങൾ, വഴി പ്രശ്നങ്ങൾ തുടങ്ങിയ പരാതികളാണ് പരിഗണനയ്ക്ക് എത്തിയവയിൽ കൂടുതലും. അഭിഭാഷകരായ ബീന കരുവാത്ത്, സുകൃത രജീഷ് തുടങ്ങിയവർ അദാലത്തിൽ പങ്കെടുത്തു.
 

Latest News