ജിദ്ദ - അഴിമതിക്കേസുകളിൽ കഴിഞ്ഞ വർഷം (ഹിജ്‌റ 1444) 1312 പേരെ അറസ്റ്റ് ചെയ്തതായി ഓവർസൈറ്റ് ആന്റ് ആന്റി-കറപ്ഷൻ അതോറിറ്റി അറിയിച്ചു. അഴിമതിയും അധികാര ദുർവിനിയോഗവും പണം വെളുപ്പിക്കലും വ്യാജ രേഖാനിർമാണവുമായും ബന്ധപ്പെട്ട കേസുകളിൽ പ്രതികളാണെന്ന് സംശയിക്കുന്ന 2842 പേരെയാണ് കഴിഞ്ഞ വർഷം ചോദ്യം ചെയ്തത്. ഇക്കൂട്ടത്തിൽ കുറ്റക്കാരാണെന്ന് തെളിഞ്ഞ 1312 പേരെ അറസ്റ്റ് ചെയ്തു. ആഭ്യന്തര, നീതിന്യായ, പ്രതിരോധ, വിദ്യാഭ്യാസ, ആരോഗ്യ, മുനിസിപ്പൽ മന്ത്രാലയങ്ങൾ അടക്കം വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരും സക്കാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി, ഓവർസൈറ്റ് ആന്റ് ആന്റി-കറപ്ഷൻ അതോറിറ്റി അടക്കമുള്ള സർക്കാർ വകുപ്പ് ഉദ്യോഗസ്ഥരും സൗദി പൗരന്മാരും വിദേശികളും അഴിമതി കേസുകളിൽ അറസ്റ്റിലായിട്ടുണ്ട്. അഴിമതി കേസുകളുമായി ബന്ധപ്പെട്ട അന്വേഷണങ്ങളുടെ ഭാഗമായി ഓവർസൈറ്റ് ആന്റ് ആന്റി-കറപ്ഷൻ അതോറിറ്റി കഴിഞ്ഞ വർഷം 31,069 ഫീൽഡ് സന്ദർശനങ്ങളാണ് നടത്തിയത്.