ന്യൂഡൽഹി - പ്രതീക്ഷിച്ച മഴ ലഭിക്കാത്തത് ഇന്ത്യയിലെ പഞ്ചസാര ഉൽപാദനത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഇത് ആഗോള വിപണിയിൽ പഞ്ചസാരയുടെ വില വർധിക്കാൻ ഇടയാക്കുമെന്നും റിപ്പോർട്ട്. അതിനാൽ അഭ്യന്തര തലത്തിലെ ആവശ്യകത മുന്നിൽ കണ്ട് രാജ്യം പഞ്ചസാര കയറ്റുമതി നിരോധിച്ചേക്കുമെന്നാണ് റിപ്പോർട്ട്.
ഒക്ടോബർ മുതൽ തുടങ്ങുന്ന അടുത്ത സീസണിൽ പഞ്ചസാരയുടെ കയറ്റുമതി നിരോധിക്കാനാണ് കേന്ദ്രസർക്കാർ ആലോചന. കരിമ്പ് ഉൽപ്പാദക പ്രദേശങ്ങളിൽ ഇത്തവണ മഴയിൽ 50 ശതമാനത്തിന്റെ കുറവുണ്ടായതായാണ് ഉൽപാദനത്തെ പ്രതികൂലമായി ബാധിച്ചത്. പ്രധാന കരിമ്പ് ഉൽപ്പാദക സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ മഴ ശരാശരിയിലും താഴെയായിരുന്നു. ഇത് പഞ്ചസാര ഉൽപ്പാദനത്തെ ബാധിക്കുമെന്നന്നതിനാൽ ഭാവിയിലുണ്ടാകുന്ന പ്രതിസന്ധി മുന്നിൽ കണ്ട് പഞ്ചസാര കയറ്റുമതി നിരോധിക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്.
കഴിഞ്ഞ ഏഴുവർഷമായി പഞ്ചസാര കയറ്റുമതിക്ക് രാജ്യത്ത് നിരോധനമില്ല. എന്നാൽ, ഞങ്ങളുടെ പ്രാഥമിക ശ്രദ്ധ പ്രാദേശിക തലത്തിൽ പഞ്ചസാരയുടെ ആവശ്യകതകൾ നിറവേറ്റുകയും അധിക കരിമ്പിൽ നിന്ന് എത്തനോൾ ഉൽപ്പാദിപ്പിക്കുകയും ചെയ്യുക എന്നതാണെന്ന് പേര് വെളിപ്പെടുത്തരുതെന്ന നിർദേശത്തോടെ ഒരു സർക്കാർ വൃത്തം വ്യക്തമാക്കി. 'വരാനിരിക്കുന്ന സീസണിൽ, കയറ്റുമതി ക്വാട്ടകൾക്കായി നീക്കിവയ്ക്കാൻ ആവശ്യമായ പഞ്ചസാര ഞങ്ങൾക്ക് ഉണ്ടാകില്ലെന്നും ഒഫീഷ്യൽ സോഴ്‌സ് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ സീസണിൽ റെക്കോർഡ് 11.1 ദശലക്ഷം ടൺ വിൽക്കാൻ അനുവദിച്ചതിന് ശേഷം, സെപ്റ്റംബർ 30 വരെ നിലവിലെ സീസണിൽ 6.1 ദശലക്ഷം ടൺ പഞ്ചസാര മാത്രമേ കയറ്റുമതി ചെയ്യാൻ ഇന്ത്യ അനുവദിച്ചിട്ടുള്ളൂവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.