ദോഹ- വിദ്വേഷത്തിന്റെ വിത്തുകൾ കേരളത്തിന്റെ സൗഹൃദ മണ്ണിനെയും മലിനമാക്കി തുടങ്ങിയിട്ടുണ്ടെന്നും ഇതിനെതിരെ ഒന്നിച്ചുള്ള ഒരു രാഷ്ട്രീയ പ്രതിരോധം ഉണ്ടാവേണ്ടതുണ്ടെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു. കൾച്ചറൽ ഫോറം സംഘടിപ്പിച്ച ഫ്രറ്റേണൽ മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു
അദ്ദേഹം.
പ്രവാസം തന്നെ വലിയ സാമൂഹിക പ്രവർത്തനമാണ്. പ്രവാസത്തിന്റെ കരുതലിലാണ് ഇന്ന് കാണുന്ന കേരളത്തെ കെട്ടിപ്പടുത്തത്. കേരളത്തിലെ സാമൂഹികാന്തരീക്ഷത്തിന് കാവലാകുന്ന ഒന്നിച്ചുള്ള പ്രവർത്തനങ്ങൾക്ക് പ്രവാസികൾക്ക് മാതൃകകൾ നൽകാൻ കഴിയും. സാധാരണക്കാരെ ചേർത്തു പിടിക്കുമ്പോഴാണ് ഒരു സാമൂഹിക സേവകന്റെ ജീവിതം സാർഥകമാകുന്നത്. വിവിധ ദർശനങ്ങളുടെയും മതത്തിന്റെയും ലക്ഷ്യം മനുഷ്യനെ മുന്നേറ്റത്തിലേക്കും പുരോഗതിയിലേക്കും നയിക്കലാണ്.
പക്ഷേ ചില ശക്തികൾ അത് ബോധപൂർവം അകൽച്ചയ്ക്കായി ദുരുപയോഗപ്പെടുത്തുകയാണ്. ഇന്ത്യൻ ഭരണഘടന മൂല്യങ്ങളെയും സാമൂഹിക നീതിയെയും കുറിച്ച് ധാരാളം സംസാരിക്കുന്നു. എപ്പോഴൊക്കെ ഇതിനെ തകർക്കാൻ ഛിദ്രശക്തികൾ ശ്രമിച്ചുവോ അപ്പോഴൊക്കെ ഇന്ത്യൻ ജനാധിപത്യവും ജുഡീഷ്യറിയും മാധ്യമങ്ങളും ചേർന്ന് അത്തരം ശ്രമങ്ങളെ ചെറുത്തു തോൽപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൾച്ചറൽ ഫോറം പ്രസിഡന്റ് എ.സി മുനീഷ് അധ്യക്ഷത വഹിച്ചു.
സ്‌കൂളുകൾ പോലും കേന്ദ്രീകരിച്ച് നടക്കുന്ന മയക്കുമരുന്ന് മാഫിയക്കെതിരെയും കുതിച്ചുയരുന്ന വിമാനയാത്രാ നിരക്കിലും സോഷ്യൽ മീഡിയയിലുൾപ്പെടെയുള്ള വിദ്വേഷ പ്രചാരണങ്ങളിലും സർക്കാർ തലത്തിൽ നടപടികളുണ്ടാവാൻ രാഷ്ട്രീയ പാർട്ടികൾ യോജിച്ച് പ്രവർത്തിക്കണമെന്ന് തുടർന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. അഷ്‌റഫ് ചിറക്കൽ, സുഹൈൽ ശാന്തപുരം, നൗഷാദ് പാലക്കാട്, ഗഫൂർ തിരുവനന്തപുരം, മജീദ് നാദാപുരം, ഹമീദ് പാലേരി, ഷുക്കൂർ തൃശൂർ, നിസാർ ചേന്ദമംഗല്ലൂർ, ജമാൽ പാപ്പിനിശ്ശേരി, സബീൽ ചാലിയം, നസീഹ മജീദ്, നൗഫൽ തിരൂർ, ജോളി ജോസഫ് തുടങ്ങിയവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ സാദിഖ് അലി സ്വാഗതവും കൾച്ചറൽ ഫോറം വൈസ് പ്രസിഡന്റ് സജ്‌ന സാക്കി നന്ദിയും പറഞ്ഞു.