Sorry, you need to enable JavaScript to visit this website.

ജിദ്ദയിൽ പുതിയൊരു പ്രവാസി കൂട്ടായ്മ കൂടി -സൗദി ഇന്ത്യൻ അസോസിയേഷൻ

സൗദി ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികൾ ജിദ്ദയിൽ വാർത്താ സമ്മേളനത്തിൽ.

ജിദ്ദ- പ്രവാസികൾക്കിടയിലെ ക്ഷേമ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങൾ കാഴ്ചവെക്കുകയെന്ന ലക്ഷ്യവുമായി ജിദ്ദയിൽ പുതിയ സംഘടന പിറവിയെടുത്തു. സൗദി ഇന്ത്യൻ അസോസിയേഷൻ എന്ന പേരിൽ വിവിധ തലങ്ങളിലുള്ളവരുടെ സഹകരണത്തോടെയാണ് സംഘടന രൂപീകരിച്ചിരിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 
സൗദിയിലെ ഇന്ത്യൻ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും അവരവരുടെ മത രാഷ്ട്രീയ ജാതി വർഗ വിത്യസ്തതകൾ നിലനിർത്തിക്കൊണ്ടു തന്നെ ഒരു കുടക്കീഴിൽ അണിനിരത്തി പ്രവാസികളുടെ സാമൂഹ്യ, സാംസ്‌കാരിക, സാമ്പത്തിക മേഖലകളിൽ ശക്തമായ ഇടപെടലുകൾ നടത്തുകയാണ് സംഘനടയുടെ ലക്ഷ്യം. ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ പ്രവാസികൾ നേരിടുന്ന പ്രശ്‌നങ്ങളെ കൃത്യമായി അഡ്രസ് ചെയ്യുക, സാമ്പത്തിക മേഖലകളിൽ സുസ്ഥിരത ഉണ്ടാക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങളും പദ്ധതികളും ആവിഷ്‌കരിക്കുക, അവരുടെ സാമൂഹ്യവും സാംസ്‌കാരികവുമായ പുരോഗതിക്കു വേണ്ടി പ്രവർത്തിക്കുക, നിയമപരമായ പരിരക്ഷ ഉറപ്പു വരുത്തുക, ഇന്ത്യൻ കോൺസുലേറ്റിനെ സാധാരണക്കാർക്ക് കൂടുതൽ പ്രാപ്യമാക്കുന്ന രൂപത്തിൽ പ്രവർത്തനങ്ങളെ ക്രോഡീകരിക്കുക, സൗദി തൊഴിൽ നിയമങ്ങളെ കുറിച്ച് കൂടുതൽ അവബോധം ഉണ്ടാക്കുക തുടങ്ങിയ സദുദ്ദേശത്തോടെയാണ് സംഘടന രൂപീകരിച്ചിരിക്കുന്നതെന്ന് ഭാരവാഹികൾ വിശദീകരിച്ചു. 


പ്രവാസി സമൂഹം നേരിടുന്ന നിരവധി പ്രശ്‌നങ്ങളുണ്ട്. ആ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരു പൊതു വേദിയെന്നതാണ് ഉദ്ദേശ്യം. ഏതാനും മാസങ്ങളായി വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി കുറെയറെ കാര്യങ്ങൾ ചെയ്തതിനു ശേഷമാണു സംഘടനാ സംവിധാനത്തിലേക്ക് കൊണ്ടു വന്നിട്ടുള്ളതെന്ന് അവർ വ്യക്തമാക്കി. 
സംഘടനക്ക് നേതൃത്വം വഹിക്കുന്നത് സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തും കലാസാംസ്‌കാരിക ജീവകാരുണ്യ മേഖലകളിലും ദീർഘകാല പാരമ്പര്യമുള്ളവരും ജിദ്ദ സമൂഹത്തിൽ സജീവമായുള്ളവരുമാണ്. നിലവിലെ സംഘടനകളോട് സമദൂരം നിലനിർത്തി എല്ലാവരുടെയും നന്മകളിൽ സഹകരിച്ച് ഒറ്റകെട്ടായി പോകാനാണ് ആഗ്രഹിക്കുന്നത്. 
എല്ലാ പ്രവാസികളായ ഇന്ത്യക്കാരുടെയും പൊതു വേദിയായി ആർക്കും കടന്നു വരാൻ കഴിയുന്ന സുതാര്യമായ സംഘടനാ സംവിധാനമാണ് സംഘടനക്കുള്ളത്. ജന്മനാട് കാണാൻ ആഗ്രഹിച്ചിട്ടും നിയമ കുരുക്കിന്റെ മാറാപ്പ് പേറി വർഷങ്ങളോളം അലയേണ്ടി വരുന്നവരെയും മാറാരോഗങ്ങളാൽ പ്രയാസപ്പെടുന്നവരെയും, പലവിധ ക്ലേശങ്ങളാൽ ബുദ്ധിമുട്ടുന്നവരെയും ചേർത്തുപിടിക്കുകയാണ്  പരമമായ ലക്ഷ്യമെന്നും അവർ വിശദീകരിച്ചു. 


വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് നാസർ വെളിയങ്കോട്, ജനറൽ സെക്രട്ടറി ഡോ. വിനീത പിള്ള, ഓർഗനൈസേഷൻ സെക്രട്ടറി വിജേഷ് ചന്ദ്രു, ചീഫ് കോ-ഓർഡിനേറ്റർ നജീബ് കോതമംഗലം, ട്രഷറർ ഹിജാസ് കളരിക്കൽ, വൈസ് പ്രസിഡന്റുമാരായ യു.എം. ഹുസൈൻ മലപ്പുറം, സുരേഷ് പടിയം, കോ-ഓർഡിനേറ്റർമാരായ കെ.പി. ഉമ്മർ മങ്കട, ശ്യാംരാജ്, കമ്മിറ്റി അംഗം അബ്ബാസ് പെരിന്തൽമണ്ണ എന്നിവർ സംബന്ധിച്ചു. 
 

Tags

Latest News