Sorry, you need to enable JavaScript to visit this website.

അൽഹസ ലേബർ ഓഫീസിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥ സംഘമെത്തി

ഇന്ത്യൻ എംബസി ലേബർ സെക്ഷനിലെ ഓഫീസർ ആഷിഖ് തലയൻകണ്ടിയും സാമൂഹ്യ പ്രവർത്തകരും അൽഹസയിൽ.

അൽഹസ- അൽഹസ ലേബർ ഓഫീസിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥ സംഘം സന്ദർശനം നടത്തി. സൗദി ഭരണാധികാരികളുടെ കാരുണ്യത്താൽ ഇന്ത്യൻ എംബസി സൗദി ലേബർ ഡിപ്പാർട്ട്‌മെന്റിന്റെ സഹകരണത്തോടെ നടപ്പിലാക്കി വരുന്ന പ്രത്യേക മിഷന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം ഇന്ത്യൻ എംബസി ലേബർ സെക് ഷനിലെ ഓഫീസർ ആഷിഖ് തലയൻകണ്ടിയും സംഘവും അൽഹസ ലേബർ ഓഫീസിൽ ഔദ്യോഗിക സന്ദർശനം നടത്തിയത്.
 രാവിലെ തന്നെ ലേബർ ഓഫീസിലെത്തിയ മുപ്പതോളം ഇന്ത്യക്കാരുടെ ഫൈനൽ എക്‌സിറ്റ് സംബന്ധമായ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനായതായി ആഷിഖ് പറഞ്ഞു. ഇന്ത്യൻ എംബസി സൗദി ലേബർ ഡിപ്പാർട്ട്‌മെന്റിന്റെ സഹകരത്തോടെ തികച്ചും സൗജന്യമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഈ പദ്ധതി അർഹരായ ആവശ്യക്കാരെല്ലാം പരമാവധി പ്രയോജനപ്പെടുത്തണമെന്നും, ഇടനിലക്കാരെ സമീപിക്കാതെ ഇന്ത്യൻ എംബസിയുടെ ഇതു സംബന്ധമായ ലിങ്കിൽ ആവശ്യമായ രേഖകൾ അപ് ലോഡ് ചെയ്ത് ഈ പദ്ധതി പ്രയോജനപ്പെടുത്തണമെന്നും ആഷിഖ് പറഞ്ഞു.
ഈ വിഷയവുമായി നിരവധി ഗാർഹിക തൊഴിലാളികളായ ഇന്ത്യക്കാരും ലേബർ ഓഫീസിലെത്തിയിരുന്നെങ്കിലും ഡൊമസ്റ്റിക്ക് വർക്കേർസിന്റ കാര്യത്തിൽ ലേബർ ഓഫീസിൽനിന്നും നേരിട്ട് ഫൈനൽ എക്‌സിറ്റ് ശരിയാക്കാൻ നിലവിലെ സാഹചര്യത്തിൽ സാധിക്കില്ലെന്ന് ലേബർ ഓഫീസർ അറിയിച്ചതായി ആഷിഖ് പറഞ്ഞു. അൽഹസ ലേബർ ഓഫീസിലെത്തിയ ഇന്ത്യൻ സമൂഹത്തെ സഹായിക്കാനായി വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സാമൂഹ്യ സന്നദ്ധ പ്രവർത്തകരായ പ്രസാദ് കരുനാഗപ്പള്ളി, ഉമർ കോട്ടയിൽ, നിസാം വടക്കേകോണം (ഒ.ഐ.സി.സി), മുജീബു റഹ്മാൻ പൊന്നാനി, സുനിൽ കുമാർ കണ്ണൂർ (നവോദയ) എന്നിവർ രാവിലെ മുതൽ തന്നെ സജീവമായി രംഗത്തുണ്ടായിരുന്നു. ആവശ്യമെങ്കിൽ വരും മാസങ്ങളിൽ അൽഹസയിൽ ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക സന്ദർശനങ്ങൾ ഇനിയുമുണ്ടാവുമെന്ന് ഉറപ്പും നൽകിയാണ് സംഘം റിയാദിലേക്ക് മടങ്ങിയത്.

Tags

Latest News