Sorry, you need to enable JavaScript to visit this website.

ലീഗിന് രാഷ്ട്രീയ ജീർണത ബാധിച്ചു; പുറത്താക്കാൻ ചരടുവലിച്ചത് കുഞ്ഞാലിക്കുട്ടിയെന്നും കെ.എസ് ഹംസ

- പി.എം.എ സലാം തന്നെ ലീഗ് രാഷ്ട്രീയം പഠിപ്പിക്കേണ്ട. ഇ.ടി മുഹമ്മദ് ബഷീറിന് ചോറ് യു.ഡി.എഫിലും കൂറ് എൽ.ഡി.എഫിലുമെന്ന് വിമർശം.

കോഴിക്കോട് - ഇന്നലെ കോഴിക്കോട്ടു നടന്ന മുസ്‌ലിം ലീഗ് സംസ്ഥാന കൗൺസിൽ തെരഞ്ഞെടുപ്പ് നിയമവിരുദ്ധമെന്ന് പുറത്താക്കപ്പെട്ട മുൻ സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസ പറഞ്ഞു. കൗൺസിൽ ചേരുന്നതിനെതിരെ കോടതിയുടെ മൂന്ന് ഇൻജങ്ഷൻ ഉത്തരവുകൾ നിലവിലുണ്ട്. ഇത് അവഗണിച്ചാണ് കൗൺസിൽ ചേർന്നത്. രാജ്യത്തെ നിയവവ്യവസ്ഥയെ വെല്ലുവളിക്കുകയാണ് ലീഗ് ചെയ്തതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
 സംസ്ഥാന കൗൺസിലിൽ പങ്കെടുക്കുന്നതിൽ നിന്നും തന്നെ തടയരുതെന്ന് കോടതി പറഞ്ഞിരുന്നു. എന്നാൽ, കൗൺസിലിൽ പങ്കെടുത്താൽ ഭാരവാഹി സ്ഥാനത്തേക്ക് മത്സരിക്കരുതെന്ന് ഇവർ നിബന്ധന വച്ചു. ഇത് അംഗീകരിക്കാത്തതുകൊണ്ടാണ് ഇന്നലെ തന്നെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി നേതൃത്വം വാർത്താക്കുറിപ്പ് നൽകിയത്. കേസ് അനുകൂലമാക്കാൻ നേതാക്കൾ കോടതിയിൽ കൃത്രിമ രേഖകൾ സമർപ്പിച്ചിട്ടുണ്ടെന്നും ഇതിനെതിരെ നിയമ പോരാട്ടം തുടരുമെന്നും അദ്ദേഹം അറിയിച്ചു.
 സാദിഖലി തങ്ങൾ ഒരു ഖാദിയാണ്. ഖാദി ഒരു നിയമജ്ഞനാണ്. അദ്ദേഹമാണ് നിയമവിരുദ്ധ നടപടിക്ക് സാക്ഷ്യം വഹിച്ചത്. നടന്നത് കോടതിയലക്ഷ്യമാണ്. ലീഗിൽ രാഷ്ട്രീയ ജീർണ്ണത പലരേയും ബാധിച്ചിരിക്കുകയാണ്. അംഗത്വ ക്യാമ്പയിൻ വെറും ചടങ്ങായിരുന്നു. വോട്ടർ പട്ടികയിൽ വെറുതെ അംഗങ്ങളെ എഴുതി ചേർത്തു. തന്നെ സംസ്ഥാന കൗൺസിലിൽ എടുക്കാൻ സാദിഖലി തങ്ങൾ തയ്യാറായിരുന്നു. എന്നാൽ കുഞ്ഞാലിക്കുട്ടി എതിർത്തുവെന്നാണ് ഇ.ടി ബഷീർ പറഞ്ഞത്. കൗൺസിലിൽ മത്സരിക്കരുതെന്നാണ് അനുരഞ്ജനത്തിന് വന്നവരുടെ ആവശ്യം. എന്നാൽ തനിക്കത് സ്വീകാര്യമായില്ല. പി.എം.എ സലാം ഉൾപ്പെടെയുള്ളവർ തന്നെ ലീഗ് എന്തെന്ന് പഠിപ്പിക്കാൻ വരേണ്ട.
പി.കെ കുഞ്ഞാലിക്കുട്ടി മത്സരിച്ച് എം.പിയായി. പിന്നെ ഇവിടെ വന്ന് എം.എൽ.എയായി. ഇതിനെയൊക്കെ ഞാൻ ചോദ്യം ചെയ്തു. ലീഗിൽ ശുദ്ധികലശം വേണം. ലീഗ് കാട്ടുകള്ളൻമാരുടെയും അധോലോക നായകരുടേയും കയ്യിലാണ്. യു.ഡി.എഫ് നേതാക്കൾക്കുവരെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ളവരെ വിശ്വാസമില്ല. ഇ.ടി മുഹമ്മദ് ബഷിറിന് ചോറ് യു.ഡി.എഫിലും കൂറ് എൽ.ഡി.എഫിലുമാണ്. ബി.ജെ.പിയുമായി ഇ.ടി ചങ്ങാത്തത്തിലാണെന്നും ഹംസ ആരോപിച്ചു.

Latest News