കൊച്ചി / കോഴിക്കോട് / കൽപ്പറ്റ - കേരളത്തിൽ കൊടും ചൂടിനിടെ ആശ്വാസമായി വേനൽമഴ എത്തിയപ്പോൾ കൊച്ചിയിൽ ലഭിച്ചത് ആസിഡ് മഴ. ആ നിലയ്ക്ക് ബ്രഹ്മപുരം ദുരന്തത്തിനു ശേഷമുള്ള ആദ്യ വേനൽമഴ കൊച്ചിയിൽ ആശങ്കപ്പെഴ്ത്തായി.
മഴയ്ക്ക് പിന്നാലെ നഗരത്തിലെങ്ങും വെള്ളപ്പത പ്രത്യക്ഷപ്പെട്ടതാണ് ജനങ്ങളിൽ ആശങ്ക ഉയർത്തിയത്. മഴയിൽ അമ്ലത്തിന്റെ സാന്നിധ്യമുണ്ടെന്നാണ് പല വിദഗ്ധരും പറയുന്നത്. രണ്ടാഴ്ചയോളം വിഷപ്പുക മൂടി നിന്ന നഗരത്തിൽ പെയ്ത മഴയിൽ രാസപദാർത്ഥങ്ങളുടെ അംശങ്ങൾ കൂടുതൽ ഉണ്ടാവുമെന്നും അത് ആരോഗ്യത്തിന് നല്ലതാവില്ലെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പല വിദഗ്ധരും ചൂണ്ടിക്കാണിച്ചിരുന്നു.
തീ പിടുത്തമുണ്ടായ ബ്രഹ്മപുരത്തും നല്ല മഴ ലഭിച്ചു. ഇത് ഇവിടെ ക്യാമ്പ് ചെയ്യുന്നവർക്ക് ഏറെ ആശ്വാസകരമാണെന്ന് അഗ്‌നിരക്ഷാ സേന അംഗങ്ങൾ പറഞ്ഞു. മഴവെള്ളം മാലിന്യക്കൂമ്പാരത്തിന് താഴെ ഉള്ളിലേക്കിറങ്ങി തീ പുകച്ചിലിനുള്ള ചെറിയ സാധ്യത പോലും ഇല്ലാതാക്കുമെല്ലോ എന്നാണ് അവരുടെ ആശ്വാസം.
വയനാട്, കോഴിക്കോട്, പാലക്കാട്, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിവിധ മേഖലകളിലാണ് വേനൽച്ചൂടിന് ആശ്വാസം പകർന്ന് മഴ ലഭിച്ചത്. ബുധനാഴ്ച വൈകീട്ടും രാത്രിയുമായി മലയോരമേഖലകളിൽ കനത്ത മഴയും തണുത്ത കാറ്റുമാണ് ലഭിച്ചത്.