പ്രഥമ അൽജൗഫ് ഒട്ടകമേളയ്ക്ക് ഇന്ന്  തുടക്കം; പത്തു ദിവസം നീണ്ടുനിൽക്കും

സകാക്ക- അൽജൗഫിൽ ഇതാദ്യമായി സംഘടിപ്പിക്കുന്ന ഒട്ടകമേളയ്ക്ക് ഇന്ന് തുടക്കം. ഫൈസൽ ബിൻ നവാഫ് ബിൻ അബ്ദുൽ അസീസ് രാജകുമാരന്റെ നേതൃത്വത്തിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. അൽജൗഫ് മേഖല ഒട്ടക ക്ലബിന്റെ സഹകരണത്തോടെയാണ് ഒട്ടക ലേലത്തിന്റെ ആദ്യ പതിപ്പ് സംഘടിപ്പിച്ചിരിക്കുന്നത്. അൽജൗഫ്-ഹായിൽ റോഡിലെ നഫുദ് ലേജിൽ നടക്കുന്ന പ്രഥമ ഒട്ടകമേള 10 ദിവസം നീണ്ടുനിൽക്കും.
ലേലം വിളിക്കുന്നതിനുള്ള ഫീൽഡ് പൂർത്തിയായി. ലൈറ്റിംഗ്, വൈദ്യുതി ജോലികളും പൂർത്തിയായി. ക്യാമ്പുകളും വിവിധ സൈറ്റുകളും സജ്ജീകരിക്കുന്നതിനായി മാസങ്ങളോളം ഇവിടെ ജോലി തുടരുകയായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒട്ടകപ്രേമികൾ ഇവിടെ എത്തിച്ചേർന്നു കൊണ്ടിരിക്കുന്നു.
ലേലത്തിനെത്തുന്ന സന്ദർശകരെ സ്വീകരിക്കാൻ അൽജൗഫ് നിവാസികളും തയാറെടുത്തു കഴിഞ്ഞു. 
പല സർക്കാർ ഏജൻസികളുടേയും പവലിയനുകൾ, ഹോട്ടൽ, റസ്‌റ്റോറന്റുകൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എല്ലാം ഒരുങ്ങിക്കഴിഞ്ഞു. വെറ്റിനറി ക്ലിനിക്കുകൾ, കാലിത്തീറ്റ വിപണി എന്നിവയും ഉൾപ്പെടുന്നു. ഒട്ടക വിപണിയെ പുനരുജ്ജീവിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സൗദി വിഷൻ-2030 ന്റെ പിന്തുണയും താൽപര്യവും അനുസരിച്ചാണ് ഒട്ടകമേള സംഘടിപ്പിച്ചിരിക്കുന്നത്. വസന്ത കാലമായതിനാൽ അൽജൗഫ് ലേലം അനുയോജ്യമായ സമയത്താണ് എത്തിയിരിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.

Tags

Latest News