Sorry, you need to enable JavaScript to visit this website.

യുവതിയെ വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച് സ്വര്‍ണം തട്ടിയ കേസില്‍ ശിക്ഷ

മണ്ണാര്‍ക്കാട്- പട്ടികജാതിക്കാരി യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും പിന്നാലെ ശുചിമുറിയില്‍ പൂട്ടിയിട്ട് സ്വര്‍ണവുമായി മുങ്ങുകയും ചെയ്ത യുവാവിന് കോടതി ശിക്ഷ വിധിച്ചു. മേനോന്‍പാറ പരമാനന്ദന്‍ചള്ള ആകാശ് നിവാസില്‍ സുനില്‍ കുമാര്‍ (36) ആണ് പ്രതി. ഇയാള്‍ക്ക് മണ്ണാര്‍ക്കാട് പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. 

ഒന്‍പത് വര്‍ഷം തടവും രണ്ടുലക്ഷം രൂപ പിഴയുമാണ് സുനില്‍ കുമാര്‍ യുവതിയെ വഞ്ചിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് സ്വര്‍ണം കവര്‍ന്ന കേസില്‍ ശിക്ഷ അനുഭവിക്കേണ്ടത്. ഇതില്‍ പിഴത്തുക പരാതിക്കാരിയായ യുവതിക്കാണ് നല്‍കേണ്ടത്. മണ്ണാര്‍ക്കാട് പ്രത്യേക കോടതി ജഡ്ജ് കെ. എം. രതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്. 

2016ല്‍ നടന്ന സംഭവം അന്നത്തെ പാലക്കാട് എ. എസ്. പിയായിരുന്ന പൂങ്കുഴലിയാണ് അന്വേഷിച്ചത്. യുവതിയുമായി അടുത്ത സുനില്‍ കുമാര്‍ വിവാഹ വാഗ്ദാനം നല്‍കി പഴനിയില്‍ കൊണ്ടുപോവുകയായിരുന്നു. പഴനിയില്‍വെച്ച് മഞ്ഞച്ചരട് കെട്ടി വിവാഹം നടന്നതായി വിശ്വസിപ്പിച്ച് ലോഡ്ജില്‍ മുറിയെടുത്ത് യുവതിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് കുളിക്കാനായി ശുചിമുറിയില്‍ കയറിയ യുവതിയെ അവിടെ പൂട്ടിയിട്ട് സ്വര്‍ണവുമായി സുനില്‍ കുമാര്‍ മുങ്ങുകയായിരുന്നു.

Latest News