Sorry, you need to enable JavaScript to visit this website.

ആരാണ് ഗോട്, ടെന്നിസിലും ചര്‍ച്ച

മെല്‍ബണ്‍ - നോവക് ജോകോവിച് പത്താം ഓസ്‌ട്രേലിയന്‍ ഓപണ്‍ നേടിയതോടെ ടെന്നിസിലും എക്കാലത്തെയും മികച്ച താരമെന്ന ചര്‍ച്ച പൊടിപൊടിക്കുന്നു. മൂന്നാം സീഡ് സ്റ്റെഫനോസ് സിറ്റ്‌സിപാസിനെ 6-3, 7-6 (7/4), 7-6 (7/5) ന് തോല്‍പിച്ച നാലാം സീഡ് നോവക് ഇരുപത്തിരണ്ടാമത്തെ ഗ്രാന്റ്സ്ലാം കിരീടമാണ് നേടിയത്. ഇതോടെ റഫായേല്‍ നദാലിന്റെ റെക്കോര്‍ഡിനൊപ്പമെത്തി. 20 ഗ്രാന്റ്സ്ലാമുമായി റോജര്‍ ഫെദരര്‍ മൂന്നാം സ്ഥാനത്താണ്. നോവക് ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. 
വനിതാ വിഭാഗത്തില്‍ ഉടനീളം ഉജ്വലമായി കളിച്ച അരീന സബലങ്ക കരിയറിലാദ്യമായി ഗ്രാന്റ്സ്ലാം കിരീടമുയര്‍ത്തി. ആവേശകരമായ ഫൈനലില്‍ വിംബിള്‍ഡണ്‍ ചാമ്പ്യന്‍ എലേന റിബാഖീനക്കെതിരെ ആദ്യ സെറ്റ് കൈവിട്ട ശേഷമാണ് ബെലാറൂസുകാരി ഓസ്‌ട്രേലിയന്‍ ഓപണ്‍ ടെിസില്‍ ചാമ്പ്യനായത്. റോഡ് ലാവര്‍ അരീനയില്‍ രണ്ട് പവര്‍ ഹിറ്റര്‍മാരുടെ പോരാട്ടം ഗാലറിയെ രണ്ടര മണിക്കൂറോളം ത്രസിപ്പിച്ചു. 10 മത്സരങ്ങളിലാദ്യമായാണ് സബലങ്ക ഒരു സെറ്റ് ന്ഷടപ്പെടുത്തുന്നത് (4-6, 6-3, 6-4).   
കണ്ണീരോടെ കോര്‍ടില്‍ വീണ ഇരുപത്തിനാലുകാരിയെ മോസ്‌കൊ വംശജയായ റിബാഖിന ആലിംഗനം ചെയ്തു. റഷ്യയിലെയും ബെലാറൂസിലെയും കളിക്കാരെ വിലക്കിയ കഴിഞ്ഞ വിംബിള്‍ഡണില്‍ റിബാഖിനയായിരുു കിരീടം നേടിയത്. കസാഖിസ്ഥാന്റെ ബാനറിലാണ് റിബാഖീന മത്സരിച്ചത്. 
അഞ്ചാം സീഡായ സബലങ്ക കിരീട ജയത്തോടെ ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. പോളണ്ടിന്റെ ഈഗ ഷ്വിയോന്‍ടെക്കിനു പിന്നില്‍. മാരകമായ ഗ്രൗണ്ട്‌സ്‌ട്രോക്കുകളും ലേസര്‍ കൃത്യതയുള്ള സെര്‍വുകളും ഹരം പിടിപ്പിച്ച റാലികളും കൊണ്ട് ആവേശകരമായിരുന്നു ഫൈനല്‍. റിബാഖിന ലോക ഇരുപത്തിരണ്ടാം റാങ്കുകാരിയാണ്. ഫൈനലിലെത്തിയതോടെ കരിയറിലാദ്യമായി അവര്‍ ആദ്യ പത്തിലേക്കുയരും.
 

Latest News