Sorry, you need to enable JavaScript to visit this website.

'സ്റ്റുഡന്റ്സ് ഇന്ത്യ' തീർത്ത് മഅദിൻ അക്കാദമി

മലപ്പുറം- റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി നയന മനോഹര ഇന്ത്യ' തീർത്ത്, ഗ്രാന്റ് അസംബ്ലി സംഘടിപ്പിച്ച് മലപ്പുറം മഅദിൻ അക്കാദമി. 60 മീറ്റർ നീളത്തിലും 50 മീറ്റർ വീതിയിലുമൊരുക്കിയ സ്റ്റുഡന്റ്സ് ഇന്ത്യയിൽ രണ്ടായിരത്തിലധികം വിദ്യാർഥികൾ അണിചേർന്നു. 
ഓറഞ്ച്, വെള്ള, പച്ച നിറത്തിലുള്ള തൊപ്പികൾ ധരിച്ചെത്തിയ വിദ്യാർഥികൾ തങ്ങൾക്ക് നിശ്ചയിച്ച പോയന്റിൽ അച്ചടക്കത്തോടെ അണിനിരന്നപ്പോൾ വിണ്ണിലൊരുക്കിയ ഇന്ത്യയുടെ മനോഹര ചിത്രം തെളിയുകയായിരുന്നു. വിവിധ ഹാൻഡ് ഡിസ്‌പ്ലേകൾ ഗ്രാന്റ് അസംബ്ലിക്ക് മാറ്റുകൂട്ടി.  'എന്നുമെന്റെ ഇന്ത്യ' എന്ന പ്രമേയത്തിലൊരുക്കിയ ഗാനശിൽപം ഇന്ത്യയിലെ സാഹോദര്യ സ്‌നേഹം വരച്ചു കാട്ടുന്ന ഈരടികളായി മാറി. മഅദിൻ ഖുർആൻ കോളേജ് അധ്യാപകൻ ഹബീബ് സഅദി മൂന്നിയൂർ രചന നിർവഹിച്ച് ഈണം നൽകിയ ഗാനശിൽപത്തിന് മഅദിൻ ഹിഫ്ള് വിദ്യാർഥികളായ അസദ് പൂക്കോട്ടൂരും സംഘവും നേതൃത്വം നൽകി.  കഴിഞ്ഞ ഓഗസ്റ്റ് 15 ന് വിദ്യാർഥികളെ അണിനിരത്തി മഅദിൻ അക്കാദമി ഒരുക്കിയ 'ഐ ലൗവ് ഇന്ത്യ' ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു.
മഅദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹിമുൽ ഖലീൽ അൽ ബുഖാരി പതാക ഉയർത്തി സന്ദേശം  നൽകി. ഭരണഘടന വായനക്കും അദ്ദേഹം നേതൃത്വം നൽകി. മഅദിൻ സ്റ്റുഡന്റ്സ് പോലീസ് കാഡറ്റ് സല്യൂട്ട് സ്വീകരിച്ചു. 
മലപ്പുറം എഇഒ അബ്ദുസലാം മുഖ്യാതിഥിയായിരുന്നു. സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സൈതലവി സൗദി, ദുൽഫുഖാറലി സഖാഫി, മഅദിൻ പബ്ലിക് സ്‌കൂൾ സീനിയർ പ്രിൻസിപ്പൽ ഉണ്ണിപ്പോക്കർ, പ്രിൻസിപ്പൽ സൈതലവിക്കോയ, അക്കാദമിക് ഡയറക്ടർ നൗഫൽ കോഡൂർ, അബ്ദുറഹ്മാൻ ചെമ്മങ്കടവ്, ഫാറൂഖ് ചെറുമുക്ക് എന്നിവർ സംബന്ധിച്ചു.

Latest News