സൗദിയും സിയറലിയോണും തമ്മിൽ റിക്രൂട്ട്‌മെന്റ് കരാർ

റിയാദ് - ഗാർഹിക തൊഴിലാളികളെയും പൊതുവിഭാഗം തൊഴിലാളികളെയും സൗദിയിലേക്ക് റിക്രൂട്ട് ചെയ്യാൻ സൗദി അറേബ്യയും പശ്ചിമാഫ്രിക്കൻ രാജ്യമായ സിയറലിയോണും കരാർ ഒപ്പുവെച്ചു. സൗദി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവും സിയറലിയോണിലെ തൊഴിൽ, സാമൂഹിക സുരക്ഷാ മന്ത്രാലയവുമാണ് കരാർ ഒപ്പുവെച്ചത്. സൗദിയിലേക്ക് അയക്കുന്ന ഗാർഹിക തൊഴിലാളികളെ സൗദിയിലെ ആചാരങ്ങളെയും പാരമ്പര്യങ്ങളെയും തൊഴിൽ കരാർ വകുപ്പുകളെയും വ്യവസ്ഥകളെയും കുറിച്ച് തൊഴിൽ, സാമൂഹിക സുരക്ഷാ മന്ത്രാലയം ബോധവൽക്കരിക്കണമെന്നും, പ്രത്യേക ഇൻസ്റ്റിറ്റിയൂട്ടുകളിലും സെന്ററുകളിലും പരിശീലനം സിദ്ധിച്ച തൊഴിലാളികളെയാണ് സൗദിയിലേക്ക് അയക്കുന്നതെന്നും സൗദിയിലേക്ക് അയക്കുന്ന തൊഴിലാളികൾ മുമ്പ് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാകരുതെന്നും ഉറപ്പുവരുത്തണമെന്നും കരാർ ആവശ്യപ്പെടുന്നു. 
സൗദിയിലും സിയറലിയോണിലും ലൈസൻസുള്ള റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾ വഴിയാണ് തൊഴിലാളികളെ സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്നതെന്ന് ഉറപ്പുവരുത്തണമെന്നും റിക്രൂട്ട്‌മെന്റ് ചെലവുകൾ നിയന്ത്രിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും കരാർ വ്യവസ്ഥ ചെയ്യുന്നു. റിക്രൂട്ട്‌മെന്റ് ചെലവുകളുടെ പേരിൽ ഇരു രാജ്യങ്ങളിലെയും റിക്രൂട്ട്‌മെന്റ് കമ്പനികളും ഏജൻസികളും ഓഫീസുകളും സൗദിയിലെ തൊഴിലുടമകളും ഗാർഹിക തൊഴിലാളികളിൽനിന്ന് ഫീസുകൾ ഈടാക്കാനോ വേതനത്തിൽനിന്ന് പണം പിടിക്കാനോ പാടില്ലെന്നും കരാർ പറയുന്നു. 

Tags

Latest News