Sorry, you need to enable JavaScript to visit this website.

പണവും സമയവും നഷ്ടമാവില്ല; സൗദിയിലേക്ക് പുറപ്പെടും മുമ്പേ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

റിയാദ് / കോഴിക്കോട് - പുതിയ വിസയിൽ സൗദിയിലേക്ക് പുറപ്പെടുന്നവർ വിമാനം കയറും മുമ്പേ ഓൺലൈൻ മുഖേന വിസ നമ്പർ അടിച്ച് രേഖകൾ അപ്‌ഡേറ്റ് ചെയ്തുവോ എന്ന് ഉറപ്പാക്കണമെന്ന് അനുഭവസ്ഥർ. പുതിയ വിസയിൽ സൗദി വിമാനത്താവളത്തിൽ ഇറങ്ങിയ പല പ്രവാസി തൊഴിൽ അന്വേഷകർക്കും സൗദി എമിഗ്രേഷൻ പരിശോധനയിൽ വിസ അപ്‌ഡേഷൻ പൂർത്തീകരിക്കാത്തതിനാൽ നാട്ടിലേക്കു തന്നെ തിരിക്കേണ്ടി വന്ന സാഹചര്യത്തിലാണീ മുന്നറിയിപ്പ്.
 നാട്ടിൽനിന്ന് പുറപ്പെടും മുമ്പേ സൗദി ജവാസാത്ത് സംവിധാനങ്ങളിൽ വിസ രേഖകൾ ഓൺലൈൻ വഴി പരിശോധിച്ച് അപ്‌ഡേറ്റ് ചെയ്തുവോ എന്ന് ഉറപ്പാക്കണമെന്നാണ് പറയുന്നത്. ഇത് പാലിക്കാതെ യാത്ര തിരിക്കുന്നവർക്ക് അവിടെ വിമാനം ഇറങ്ങിയ ശേഷമുള്ള പരിശോധനയിൽ വിമാനത്താവളത്തിന് പുറത്തുകടക്കാനാവാത്ത സ്ഥിതിയാണുണ്ടാവുക. വിമാനത്താവളങ്ങളിലെ എമിഗ്രേഷൻ കൗണ്ടറിൽ പുതിയ വിസ നമ്പർ അടിക്കുമ്പോൾ വിവരങ്ങൾ സിസ്റ്റത്തിൽ കാണിക്കാത്തപക്ഷം തുടർ നടപടികൾ പൂർത്തിയാക്കാനാവാതെ അവരെ അധികൃതർ തിരിച്ചയക്കുകയാണ് ചെയ്യുന്നത്. 
 ഇത് ഏറെ സമയനഷ്ടവും ധനനഷ്ടവും ടെൻഷനും മാനഹാനിയും പേറി നാട്ടിലേക്കു തന്നെ തിരിക്കേണ്ട നിർബന്ധിതാവസ്ഥയാണുണ്ടാക്കുക. ഇത് ഒഴിവാക്കാൻ കാലേക്കൂട്ടി ട്രാവൽസുകളുമായും മറ്റും ബന്ധപ്പെട്ട് വിസ നമ്പർ അടിച്ച് എല്ലാം ഓകെയാണെന്ന് ഉറപ്പാക്കണമെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ നൽകുന്ന നിർദേശം. ഇക്കാര്യം മലയാളികൾ അടക്കമുള്ള ഇന്ത്യയിൽനിന്നുള്ള പ്രവാസി സഹോദരങ്ങളും തൊഴിൽ അന്വേഷകരും പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് ഇരു എംബസി വൃത്തങ്ങളെയും ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ.
 മതിയായ മുന്നൊരുക്കങ്ങളും അവശ്യമായ വിസ പരിശോധനകളും പൂർത്തീകരിക്കാതെ പോകുന്നതിനാലാണ് പലർക്കും തിരിച്ചുപോരേണ്ടി വരുന്നതെന്ന് വിവിധ ട്രാവൽ ഏജൻസികൾ പറയുന്നു. എന്നാൽ തങ്ങളിൽനിന്നും യാത്രാ ടിക്കറ്റുകളെടുത്ത ആർക്കും ഇതുവരെ ഇത്തരമൊരു ദുരനുഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും മുഖീം രജിസ്‌ട്രേഷൻ അടക്കം പൂർത്തീകരിച്ച ശേഷമാണ് തങ്ങൾ യാത്രക്കാർക്ക് ടിക്കറ്റ് ഇഷ്യൂ ചെയ്യുന്നതെന്നും കോഴിക്കോട്ടെ പ്രമുഖ ട്രാവൽ ഏജൻസിയായ സഫിയ ട്രാവൽസ് അധികൃതർ മലയാളം ന്യൂസിനോട് പ്രതികരിച്ചു.
 സൗദിയുടെ എല്ലാ മാർഗനിർദേശങ്ങളും പാലിച്ചാണ് തങ്ങൾ ഉപയോക്താക്കളെ യാത്രയ്ക്ക് അയക്കുന്നതെന്ന് അക്ബർ ട്രാവൽസിന്റെ മലപ്പുറം മഞ്ചേരി ഓഫീസിലെ വിസ വിഭാഗത്തിലെ ഷിഹാബ് തേഞ്ഞിപ്പലം പറഞ്ഞു. തങ്ങളെ സമീപിച്ച ഒരു യാത്രക്കാർക്കും ഇപ്രകാരം സൗദി വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം നാട്ടിലേക്ക് തിരിക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. എന്നാൽ പുതിയ വിസയിൽ പോയ പലർക്കും ഫിംഗർ പ്രിന്റിലേയും മറ്റും സാങ്കേതിക പ്രശ്‌നം കാരണം ബുദ്ധിമുട്ടുണ്ടായത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തേക്ക് പുറപ്പെടുമ്പോൾ അവിടത്തെ തൊഴിൽ സംബന്ധമായും മറ്റുമുള്ള എല്ലാ നിർദേശങ്ങളും പാലിച്ചുവെന്ന് ഉറപ്പാക്കാൻ ഓരോ തൊഴിൽ അന്വേഷകനും ബാധ്യതയുണ്ടെന്നും അറിവില്ലായ്മ കൊണ്ട് തല ചൊറിയാനേ സാധിക്കൂവെന്നും കഷ്ടനഷ്ടങ്ങൾ അതിനു പിന്നാലെ വേറെയും അനുഭവിക്കേണ്ടിവരുമെന്നും ഒരു എയർലൈൻസ് ഉദ്യോഗസ്ഥൻ പ്രതികരിച്ചു.
 പുതിയ വിസയിൽ സൗദിയിലേക്കു പുറപ്പെടാൻ ആഗ്രഹിക്കുന്ന എല്ലാ മലയാളികളും സൗദി ജവാസാത്തിന്റെ മുഖീം രജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ മറക്കരുതെന്നാണ് ട്രാവൽസ്-വിസ മേഖലയിൽ പരിചയസമ്പത്തുള്ളവരെല്ലാം പറയുന്നത്. കോവിഡ് വാക്‌സിൻ വിവരങ്ങൾ മുഖീമിൽ രജിസ്റ്റർ ചെയ്യുമ്പോൾ വിസ വിവരങ്ങൾ അപ്‌ഡേറ്റ് ആവുന്നില്ലെങ്കിൽ റിസ്‌ക്കെടുത്ത് സൗദിയിലേക്ക് യാത്ര പുറപ്പെടരുത്. അത്തരം സന്ദർഭങ്ങളിൽ ട്രാവൽസുമായി നേരിൽ ബന്ധപ്പെട്ടോ മുംബൈ സൗദി കോൺസുലേറ്റോ ദൽഹിയിലെ സൗദി എംബസി വഴിയോ വിസ നമ്പർ അപ്‌ഡേറ്റ് ആണെന്ന് ഉറപ്പാക്കണം. മുഖീം വഴി വിസ നമ്പർ ഉറപ്പാക്കിയവർ മാത്രമേ സൗദിയിലേക്ക് വിമാനം കയറേണ്ടതുള്ളൂവെന്നും ഇവർ ഓർമിപ്പിക്കുന്നു.
 

Latest News