Sorry, you need to enable JavaScript to visit this website.

മോദി, നദ്ദ പ്രഭാവമില്ല; ഹിമാചലിൽ പ്രിയങ്ക തരംഗം

ഷിംല - ദേശീയ രാഷ്ട്രീയത്തിൽ കടുത്ത അഗ്നിപരീക്ഷണങ്ങൾ നേരിടുന്ന കോൺഗ്രസിന് ഹിമാചൽ പ്രദേശിൽ  അധികാരത്തിലേക്ക് തിരിച്ചുവരാനുള്ള വഴിയൊരുക്കിയത് എ.ഐ.സി.സി ജനറൽസെക്രട്ടരി പ്രിയങ്ക ഗാന്ധിയുടെ വിശ്രമമില്ലാത്ത ഇടപെലുകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവത്തിൽ ബി.ജെ.പിയുടെ ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുടെ തട്ടകത്തിൽ അധികാരത്തുടർച്ചക്കുവേണ്ടി സംഘപരിവാർ നടത്തിയ സർവ്വ സന്നാഹങ്ങളെയും പൊളിച്ചടക്കിയാണ് പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ ഹിമാചലിൽ കോൺഗ്രസ് ഭരണത്തിലേക്ക് ചുവടുറപ്പിച്ചത്.
  ആകെയുള്ള 68 സീറ്റുകളിൽ 39 സീറ്റുകൾ സ്വന്തം അക്കൗണ്ടിൽ വരവ് ചേർത്താണ് കോൺഗ്രസ് ബി.ജെ.പി കേന്ദ്രങ്ങളെ ഞെട്ടിച്ചത്. വിമതശല്യം കൊണ്ട് പൊറുതിമുട്ടിയ ബി.ജെ.പിക്ക് 26 സീറ്റുകൾ കൊണ്ട് തൃപ്തിയടയേണ്ടി വന്നു. ഗുജറാത്തിലെ റെക്കോർഡ് നേട്ടത്തിനിടയിൽ മോദി-അമിത് ഷാ സംഘത്തിന് കനത്ത ആഘാതമാണ് ഹിമാചലിലെ ഫലം. മൂന്ന് സീറ്റുകളിൽ സ്വതന്ത്രർക്കാണ് മുന്നേറ്റം. അതിനിടെ സി.പി.എമ്മിന്റെ ആകെയുള്ള തിയോഗ് സീറ്റിലെ ഏകസമ്പാദ്യം ഹിമാചലിൽ അവർക്ക് നഷ്ടമായി. പ്രസ്തുത സീറ്റ് കോൺഗ്രസ് പിടിച്ചെടുക്കുയായിരുന്നു. ഇവിടെ നാലാം സ്ഥാനത്താണ് സി.പി.എമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ സിറ്റിംഗ് എം.എൽ.എ രാകേഷ് സിംഗയുടെ സ്ഥാനം.
 1985ന് ശേഷം ഹിമാചലിൽ ഒരു പാർട്ടിക്കും തുടർഭരണം ലഭിച്ചിട്ടില്ല. കഴിഞ്ഞ തവണ ബി.ജെ.പി ഇവിടെ 45 സീറ്റുകളാണ് നേടിയിരുന്നത്. വമ്പൻ വിജയത്തോടെ ഹിമാചലിൽ സർക്കാർ രൂപീകരണത്തിനുള്ള നീക്കം ശക്തമാക്കിയിരിക്കുകയാണ് കോൺഗ്രസ്. 
 അതിനിടെ, ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കേന്ദ്രത്തിന്റെ അഗ്‌നിവീർ പദ്ധതിയോടുള്ള വിധിയെഴുത്താണെന്നാണ് കോൺഗ്രസ് നേതാവ് ആനന്ദ് ശർമ്മ പ്രതികരിച്ചത്. ഒപ്പം, പ്രിയങ്ക ഗാന്ധിയുടെ ചിട്ടയായ നേതൃത്വം സംസ്ഥാനത്ത് വൻ തരംഗം സൃഷ്ടിച്ചതായും നേതൃത്വം വിലയിരുത്തുന്നു. തൊഴിലില്ലായ്മയും വിലക്കയറ്റവും ഹിമാചലിലെ ജനങ്ങളെ വലിയ തോതിൽ സ്വാധീനിച്ചതായും വോട്ടർമാർ പ്രതികരിച്ചു. പാർട്ടി വിമതരും ജയറാം താക്കൂരിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പിക്ക് തിരിച്ചുവരാൻ വലിയ വെല്ലുവിളിയുണ്ടാക്കി.

Latest News