Sorry, you need to enable JavaScript to visit this website.

ബലാത്സംഗ കേസിൽ ഗർഭഛിദ്രം അനുവദിച്ച് ഹൈക്കോടതി

- ബലാത്സംഗത്തിന് ഇരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഗർഭം ഒഴിവാക്കാനാണ് കോടതി അനുമതി
 ചണ്ഡീഗഢ് - ബലാത്സംഗത്തെ തുടർന്ന് ഗർഭിണിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് ഗർഭഛിദ്രത്തിന് കോടതി അനുമതി. 26 ആഴ്ച ഗർഭിണിയായ പെൺകുട്ടിയ്ക്കാണ് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ അനുമതി. പെൺകുട്ടിയുടെ അച്ഛൻ മുഖേന നൽകിയ ഹരജിയിലാണ് കോടതി വിധി.
 പെൺകുട്ടിയുടെ മുറിവേറ്റ ശരീരത്തിന്റെയും ആത്മാവിന്റെയും സാക്ഷ്യമാണ് കുഞ്ഞെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് വിനോദ് എസ് ഭരദ്വാജിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഗർഭഛിദ്രത്തിന് അനുമതി നൽകിയത്. കുഞ്ഞ് ജനിച്ചാൽ പെൺകുട്ടി അനുഭവിക്കേണ്ടി വരുന്ന ആഘാതത്തിന്റെയും വേദനയുടെയും ഓർമ്മപ്പെടുത്തലാണ് ഉണ്ടാവുകയെന്നും അത് നല്ല ഓർമ്മകളല്ല സമ്മാനിക്കുകയെന്നും കോടതി നിരീക്ഷിച്ചു. 
 പെൺകുട്ടിയ്ക്ക് താൽപ്പര്യമില്ലാതെയാണ് കുഞ്ഞ് ജനിക്കുന്നതെങ്കിൽ, കുഞ്ഞ് അവന്റെ/അവളുടെ ജനനത്തെ ശപിക്കുന്ന തരത്തിലുള്ള വേദനാജനകമായ ജീവിതം നയിക്കേണ്ടി വരികയോ ഉപേക്ഷിക്കപ്പെടുകയോ ചെയ്‌തേക്കാം. ജീവിതകാലും മുഴുവൻ അമ്മയ്ക്കും കുഞ്ഞിനും തീരാവേദന അനുഭവിക്കേണ്ടി വരുമെന്ന പെൺകുട്ടിയുടെ പിതാവിന്റെ വാദവും കോടതി പഗിണിച്ചു.
 'ഏത് സാഹചര്യത്തിലും, അമ്മയ്ക്കും കുട്ടിക്കും അവരുടെ ജീവിതകാലം മുഴുവൻ സാമൂഹിക കളങ്കവും തടവും അനുഭവിക്കേണ്ടിവരും. അതിനാൽ, അന്തസ്സും സാമൂഹികവും കുടുംബ സ്വീകാര്യതയും അംഗീകാരവും നിഷേധിക്കുന്നത് കുട്ടിയുടെ വേദന വർധിപ്പിക്കും. ഇത് വലിയ അനീതിയിലേക്ക് നയിക്കുമെന്ന് ഊന്നിപ്പറഞ്ഞ കോടതി, ഗർഭം അവസാനിപ്പിക്കാൻ അനുവദിക്കുന്നത് കൂടുതൽ വിവേകത്തോടെയാണെന്നും വിധിയിൽ ചൂണ്ടിക്കാട്ടി.
 പ്രായപൂർത്തിയാകാത്ത പെൺകുട്ടി സ്വന്തം ആവശ്യത്തിനായി മാതാപിതാക്കളെ ആശ്രയിക്കുന്നതിനാൽ, പ്രസവിക്കേണ്ട സാഹചര്യത്തിൽ കുട്ടിയെ പരിപാലിക്കാനുള്ള സാഹചര്യമില്ലെന്നും ഹരജിക്കാരുടെ അഭിഭാഷകൻ വാദിച്ചു. വിഷയത്തിന്റെ വസ്തുതകളും സാഹചര്യങ്ങളും പരിഗണിച്ച ജഡ്ജ് ജസ്റ്റിസ് വിനോദ് എസ് ഭരദ്വാജ്, ബന്ധപ്പെട്ട മെഡിക്കൽ ബോർഡിന്റെ അഭിപ്രായങ്ങൾകൂടി വിശ്വാസത്തിലെടുത്ത് നിയമാനുസൃതമായി ഗർഭം അവസാനിപ്പിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ മെഡിക്കൽ കോളേജ് ഡയറക്ടർക്ക് നിർദ്ദേശം നൽകുകയായിരുന്നു.

Latest News