Sorry, you need to enable JavaScript to visit this website.

അമിത്ഷായുടെ സന്ദര്‍ശനത്തിനിടെ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മെഹ്ബൂബ മുഫ്തി

ശ്രീനഗര്‍- അമിത് ഷായുടെ കശ്മീര്‍ സന്ദര്‍ശനത്തിനിടെ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് വെളിപ്പെടുത്തി മുന്‍ മുഖ്യമന്ത്രിയും പി. ഡി. പി നേതാവുമായ മെഹ്ബൂബ മുഫ്തി. അമിത്ഷായുടെ കശ്മീര്‍ സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസമാണ് മെഹ്ബൂബയുടെ വെളിപ്പെടുത്തല്‍.

പാര്‍ട്ടി പ്രവര്‍ത്തകന്റെ വിവാഹ ചടങ്ങിന് പോകാന്‍ ഇറങ്ങുമ്പോഴാണ് ഗേറ്റ് പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയതെന്നും അവര്‍ പറഞ്ഞു. ഇതിന്റെ ചിത്രവും മെഹ്ബൂബ ട്വിറ്ററില്‍ പങ്കുവെച്ചു. ഒരു മുന്‍ മുഖ്യമന്ത്രിയുടെ മൗലികാവകാശത്തിന് വിലങ്ങിടാന്‍ ഇത്രയെളുപ്പത്തില്‍ ഭരണകൂടത്തിന് സാധിക്കുമെങ്കില്‍ സാധാരണക്കാരന്റെ കാര്യം കഷ്ടമായിരിക്കുമെന്നും അവര്‍ ട്വീറ്റ് ചെയ്തു. 

എന്നാല്‍ ശ്രീനഗര്‍ പോലീസ് ഇത് നിഷേധിക്കുകയും വിവാഹത്തിന് പോകാന്‍ മെഹ്ബൂബ നേരത്തെ തന്നെ അനുമതി തേടിയിരുന്നുവെന്നും അതിനാവശ്യമായ എല്ലാ നടപടികളും പോലീസ് സ്വീകരിച്ചിട്ടുണ്ടെന്നും അറിയിച്ചു. എന്നാല്‍ പട്ടാനിലെ ചടങ്ങിലേക്ക് പോകാന്‍ സാധിക്കില്ലെന്ന് കഴിഞ്ഞ ദിവസം രാത്രിയോടെ എസ്. പി അറിയിച്ചതായും അതിനു പിന്നാലെയാണ് ഗേറ്റ് അടച്ചതെന്നും മെഹബൂബ ട്വീറ്റ് ചെയ്തു. നിയമം പരിരക്ഷിക്കേണ്ടവര്‍ അവരുടെ ട്രാക്കുകള്‍ മറക്കാന്‍ വേണ്ടി ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നത് ഖേദകരമാണെന്നും അവര്‍ പറഞ്ഞു. മെഹ്ബൂബയുടെ മറുപടി ട്വീറ്റിന് വീണ്ടും പോലീസ് മറുപടി പോസ്റ്റ് ചെയ്തിട്ടുണ്ട്.

Tags

Latest News