Sorry, you need to enable JavaScript to visit this website.

തനിക്കെതിരെ കൂടുതല്‍ സംസാരിക്കുന്നത് കേരളത്തിലെ നേതാക്കള്‍: ശശി തരൂര്‍

തിരുവനന്തപുരം- തനിക്കെതിരെ കൂടുതലായി സംസാരിക്കുന്നത് കേരളത്തിലെ നേതാക്കളാണെന്ന് എ ഐ സി സി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂര്‍ ആരോപിച്ചു. താന്‍ പാര്‍ട്ടിയില്‍ ആരോടും എതിര്‍ത്ത് സംസാരിച്ചിട്ടില്ലെങ്കിലും കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ തനിക്കെതിരെ കൂടുതലായി സംസാരിക്കുകയാണ്. ആരെയും താഴ്ത്താന്‍ ശ്രമിച്ചോ വേറെയാര്‍ക്കും വിഷം കൊടുത്തോ അല്ല താന്‍ മുന്നിലെത്തിയതെന്നും അസൂയ ചെറിയ മനുഷ്യന്റെ മനസിലാണെന്നും പറഞ്ഞ തരൂര്‍ മറ്റൊരാളെ ഇകഴ്ത്തി നേടുന്ന നേട്ടത്തിന് അര്‍ഥമില്ലെന്നും കൂട്ടിച്ചേര്‍ത്തു. 

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ തനിക്കെതിരെ മത്സരിക്കുന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെയോട് എതിര്‍പ്പില്ലെന്ന് ശശി തരൂര്‍ വ്യക്തമാക്കി. ഖാര്‍ഗെയെ ബഹുമാനിക്കുന്നു. അദ്ദേഹവുമായി അടുത്ത ബന്ധമാണ്. എന്നാല്‍ പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വത്തിന്റെ ആവശ്യമെന്താണെന്നും പാര്‍ട്ടിയില്‍ എന്ത് മാറ്റമാണ് കൊണ്ടുവരാന്‍ കഴിയുകയെന്നു തരൂര്‍ ചോദിച്ചു. 

പാര്‍ട്ടി തനിക്കൊന്നും സംഭാവനയായി നല്‍കിയിട്ടില്ല. പ്രവര്‍ത്തകരുടെ അസ്വസ്ഥത മനസിലാക്കിയാണ് സ്ഥാനാര്‍ഥിത്വവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതെന്ന് വ്യക്തമാക്കിയ തരൂര്‍ എല്ലാവരും വോട്ട് ചെയ്യുമെന്ന് കരുതുന്നില്ലെന്നും പറഞ്ഞു. വളരെ ദൂരം യാത്ര ചെയ്ത് വേണം പല വോട്ടര്‍മാരും പോളിങ് കേന്ദ്രത്തിലെത്താന്‍. അതിനാല്‍ മുഴുവന്‍ വോട്ടും പോള്‍ ചെയ്യപ്പെടുമെന്ന് കരുതാനാകില്ല. ബാലറ്റ് പേപ്പര്‍ നോക്കിയാല്‍ ആരുടെ വോട്ടാണെന്ന് കണ്ടെത്താനാകില്ല. വോട്ടിന്റെ രഹസ്യാത്മകത ഉറപ്പാക്കിയിട്ടുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു. 

അധ്യക്ഷ തെരഞ്ഞെടുപ്പ് വന്ന ശേഷം കഴിഞ്ഞ പത്ത് വര്‍ഷമായി ലഭിക്കാത്ത ശ്രദ്ധ ഇപ്പോള്‍ പാര്‍ട്ടിക്ക് ലഭിക്കുന്നുണ്ട്. പാര്‍ട്ടിയുടെ ഭാവിക്ക് വേണ്ടിയാണ് വോട്ടെന്നും അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി സംവിധാനം വികേന്ദ്രീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബുത്ത് തലം മുതല്‍ പാര്‍ട്ടിയെ പുനസംഘടിപ്പിക്കും. പി. സി. സി അധ്യക്ഷന്മാര്‍ക്ക് പൂര്‍ണ അധികാരം നല്‍കുമെന്നും തരൂര്‍ പറഞ്ഞു.

Latest News