Sorry, you need to enable JavaScript to visit this website.

പാര്‍ലമെന്ററി സമിതി അധ്യക്ഷ സ്ഥാനത്തു നിന്നും പ്രതിപക്ഷ പാര്‍ട്ടികളെ ഒഴിവാക്കി മോദി ഭരണം

ന്യൂദല്‍ഹി- ആഭ്യന്തരവും ഐ. ടിയും ഉള്‍പ്പെടെയുള്ള സുപ്രധാന പാര്‍ലമെന്ററി സമിതികളുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് പ്രതിപക്ഷ നേതാക്കളെ ഒഴിവാക്കി മോദി സര്‍ക്കാര്‍. പാര്‍ലമെന്ററി സമിതികളെ പുനഃസംഘടിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയപ്പോള്‍ കോണ്‍ഗ്രസിന് ഒരു പാര്‍ലമെന്ററി സമിതിയുടെ മാത്രം അധ്യക്ഷ പദമാണ് ലഭിച്ചത്. പ്രതിപക്ഷത്തെ രണ്ടാമത്തെ വലിയ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസിന് ഒരു പാര്‍ലമെന്ററി സമിതിയുടെയും അധ്യക്ഷ പദം ഇല്ലാതായി. 

ആഭ്യന്തരം, ധനം, പ്രതിരോധം, ഐ. ടി, വിദേശകാര്യം എന്നീ സമിതികളുടെ അധ്യക്ഷ സ്ഥാനത്ത് നിന്നാണ് പ്രതിപക്ഷ നേതാക്കളെ നീക്കം ചെയ്തിരിക്കുന്നത്. ഏകാധിപത്യ കാലത്ത് പ്രതീക്ഷിച്ച നടപടിയെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ പ്രതികരിച്ചത്. ആഭ്യന്തര പാര്‍ലമെന്ററി സമിതിയുടെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് കോണ്‍ഗ്രസ് എം. പി മനു അഭിഷേക് സിങ്വിയെ മാറ്റി ബി. ജെ. പി എം. പിയും വിരമിച്ച ഐ. പി. എസ് ഉദ്യോഗസ്ഥനുമായ ബ്രിജ് ലാലിനെ നിയമിച്ചു. മുമ്പ് ആനന്ദ് ശര്‍മയായിരുന്നു ഈ സമിതിയുടെ അധ്യക്ഷന്‍. 

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരായിരുന്നു ഐ. ടി കാര്യ പാര്‍ലമെന്ററി സമിതിയുടെ അധ്യക്ഷന്‍. ഇദ്ദേഹത്തെ മാറ്റി മഹാരാഷ്ട്രയിലെ ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിലെ അംഗമായ പ്രതാപ്റാവു ജാദവിനെ നിയമിച്ചു. 

'ലോക്സഭയിലെ മൂന്നാമത്തെ ഏറ്റവും വലിയ പാര്‍ട്ടിക്ക് ഒരു ചെയര്‍മാന്‍ പദവി പോലുമില്ല. രണ്ടമത്തെ വലിയ പാര്‍ട്ടിയുടെ ഉള്ള രണ്ട് പദവികളും എടുത്ത് കളഞ്ഞു, ഇത് പുതിയ ഇന്ത്യയുടെ യാഥാര്‍ഥ്യം'- തൃണമൂല്‍ രാജ്യസഭാ നേതാവ് ഡെറിക് ഒബ്രിയാന്‍ പറഞ്ഞു. ഇതാണ് മോദി ഇന്ത്യയെന്ന് തൃണമൂല്‍ നേതാവിനെ പിന്തുണച്ച് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശും ട്വീറ്റ് ചെയ്തു.

Tags

Latest News