Sorry, you need to enable JavaScript to visit this website.

കോടിക്കണക്കിന് ഡോളർ ഹൂത്തികൾ കൊള്ളയടിച്ചു

മുഅമ്മർ അൽഇർയാനി

റിയാദ് - യു.എൻ മേൽനോട്ടത്തിലുള്ള വെടിനിർത്തൽ പ്രാബല്യത്തിലുണ്ടായിരുന്ന ആറു മാസക്കാലത്ത് അൽഹുദൈദ തുറമുഖം വഴി ഇറക്കുമതി ചെയ്ത ഇന്ധന നികുതി ഇനത്തിലെ വരുമാനമായ കോടിക്കണക്കിന് ഡോളർ ഹൂത്തികൾ കൊള്ളയടിച്ചതായി യെമൻ ഇൻഫർമേഷൻ, സാംസ്‌കാരിക, ടൂറിസം മന്ത്രി മുഅമ്മർ അൽഇർയാനി പറഞ്ഞു. ആറു മാസത്തിനിടെ അൽഹുദൈദ തുറമുഖം വഴി 200 കോടി ഡോളർ വിലവരുന്ന 16,60,703 ടൺ ഇന്ധനങ്ങൾ ഇറക്കുമതി ചെയ്തിട്ടുണ്ട്. ഇതിലൂടെ ലഭിച്ച നികുതി, കസ്റ്റംസ് വരുമാനം ഹൂത്തി നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ സർക്കാർ ജീവനക്കാരുടെ വേതന വിതരണത്തിനും വിരമിച്ച ജീവനക്കാരുടെ പെൻഷൻ വിതരണത്തിനും പര്യപ്തമായിരുന്നു. 
അൽഹുദൈദ തുറമുഖം വഴി ഇറക്കുമതി ചെയ്യുന്ന ഇന്ധന ഇനത്തിലെ നികുതി വരുമാനം ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ സർക്കാർ ജീവനക്കാരുടെ വേതന വിതരണത്തിനും ജനങ്ങളുടെ ജീവിതം നിലവാരം മെച്ചപ്പെടുത്താനും മാറ്റിവെക്കണമെന്ന് വെടിനിർത്തൽ കരാർ അനുശാസിച്ചിരുന്നു. എന്നാൽ കുട്ടികൾ അടക്കമുള്ളവരെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യാനും സൈനിക പ്രകടനങ്ങൾ സംഘടിപ്പിക്കാനും ആയുധവൽക്കരണത്തിനുമാണ് ഈ വരുമാനം ഹൂത്തികൾ ഉപയോഗപ്പെടുത്തിയത്. അൽഹുദൈ തുറമുഖം വഴി ഇന്ധനം ഇറക്കുമതി ചെയ്യുന്ന വകയിലെ വരുമാനം അൽഹുദൈദയിൽ സെൻട്രൽ ബാങ്ക് അക്കൗണ്ടിൽ അടക്കണമെന്നും ഇത് സർക്കാർ ജീവനക്കാരുടെ വേതന വിതരണത്തിന് ഉപയോഗപ്പെടുത്തണമെന്നുമായിരുന്നു യു.എൻ നിർദേശം. എന്നാൽ ഈ അക്കൗണ്ടിൽ വന്ന 7,000 കോടി റിയാൽ കൊള്ളയടിച്ച് ഹൂത്തികൾ യു.എൻ നിർദേശത്തിന് പ്രതിബന്ധം സൃഷ്ടിക്കുകയായിരുന്നെന്നും മുഅമ്മർ അൽഇർയാനി പറഞ്ഞു. 
വെടിനിർത്തലിനെ രാഷ്ട്രീയ പോരാട്ടം എന്നോണമാണ് ഹൂത്തികൾ നോക്കിക്കാണുന്നതെന്ന് യെമൻ വൈസ് പ്രസിഡന്റ് അബ്ദുല്ല അൽഅലീമി പറഞ്ഞു. സമാധാന പ്രക്രിയയിൽ പങ്കാളിത്തം വഹിക്കാൻ ഹൂത്തികൾക്ക് ഒരിക്കലും കഴിയില്ല. യെമൻ ജനതയുടെ ദുരിതം ലഘൂകരിക്കാനുള്ള അവസരമായി വെടിനിർത്തലിനെ ഹൂത്തികൾ പ്രയോജനപ്പെടുത്തിയിരുന്നില്ല. 
യെമൻ ജനതയുടെ ദുരിതങ്ങൾ തീർത്തും അവഗണിച്ച ഹൂത്തികൾ വെടിനിർത്തൽ ബ്ലാക്ക്‌മെയിലിംഗിനുള്ള അവസരമായി ഉപയോഗിച്ചു. യെമൻ ജനതയുടെ താൽപര്യങ്ങൾക്ക് ഉപരി ഇറാൻ ഗവൺമെന്റിന്റെ താൽപര്യങ്ങൾ നടപ്പാക്കുന്ന ഉപകരണം എന്നോണമാണ് ഹൂത്തികൾ പ്രവർത്തിക്കുന്നത്. വെടിനിർത്തൽ, തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ സർക്കാർ ജീവനക്കാരുടെ വേതന വിതരണം, സൻആ എയർപോർട്ടിൽ നിന്ന് കൂടുതൽ വിമാന സർവീസുകൾ, എണ്ണ ഉൽപന്നങ്ങളുടെ സ്വതന്ത്രമായ ഇറക്കുമതി എന്നിവ അടങ്ങിയ വെടിനിർത്തൽ കരാർ നിർദേശം ഹൂത്തികൾ നിരാകരിക്കുകയായിരുന്നു. 
സർക്കാറിന്റെ ഭീതികളെല്ലാം അവഗണിച്ചിട്ടും യു.എൻ ദൂതൻ മുന്നോട്ടുവെച്ച വെടിനിർത്തൽ ദീർഘിപ്പിക്കൽ നിർദേശം വലിയ വിട്ടുവീഴ്ചകൾ കാണിച്ച് ഗവൺമെന്റ് അംഗീകരിച്ചു. വെടിനിർത്തൽ തുടരാനും സമാധാനത്തിന് ശ്രമിച്ചുമായിരുന്നു ഇത്. തഇസ് ഉപരോധം തുടരുമെന്ന കടുംപിടുത്തത്തിൽ ഹൂത്തികൾ ഉറച്ചുനിൽക്കുകയാണ്. മാരിബിനും സൻആക്കും ഇടയിലെയും മറ്റു നഗരങ്ങൾക്കിടയിലെയും പ്രധാന റോഡുകൾ തുറക്കാനും ഹൂത്തികൾ കൂട്ടാക്കുന്നില്ലെന്ന് യെമൻ വൈസ് പ്രസിഡന്റ് പറഞ്ഞു.

Tags

Latest News