Sorry, you need to enable JavaScript to visit this website.

ജ്വാലയില്‍ ലയിച്ച് കോടിയേരി

കണ്ണൂര്‍- സി. പി. എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടന്നു. ഇ. കെ. നായനാരുടെയും മുന്‍ സംസ്ഥാന സെക്രട്ടറി ചടയന്‍ ഗോവിന്ദന്റെയും കുടീരങ്ങള്‍ക്ക് നടുവിലായാണ് കോടിയേരിയുടെ അന്ത്യവിശ്രമം. 

മുഖ്യമന്ത്രി പിണറായി വിജയനും സി. പി. എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമാണ് കോടിയേരിയുടെ മൃതദേഹവും വഹിച്ച് കൊണ്ട് ഇരുവശങ്ങളിലുമുണ്ടായിരുന്നത്.സംസ്‌കാരത്തിന് ശേഷം നടക്കുന്ന അനുശോചനയോഗത്തില്‍ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, പിണറായി വിജയന്‍, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കും. 

തലശ്ശേരി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹം ഞായര്‍ രാത്രി പത്തോടെയാണ് വീട്ടിലേക്ക് എത്തിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും സി. പി. എമ്മിന്റെയും എല്‍. ഡി. എഫിന്റെയും നേതാക്കളും എം. എല്‍. എമാരും വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.

ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ശനിയാഴ്ച രാത്രി എട്ടു മണിയോടെ അന്തരിച്ച കോടിയേരിയുടെ മൃതദേഹം ഞായറാഴ്ച ഒരുമണിയോടെയാണ് എയര്‍ ആംബുലന്‍സില്‍ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിച്ചത്. വിമാനത്താവളത്തില്‍ നിന്നാരംഭിച്ച വിലാപയാത്ര കടന്നുപോയ വഴികളിലാകെ പതിനായിരക്കണക്കിനാളുകളാണ് പ്രിയനേതാവിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ എത്തിയത്. കോടിയേരിയോടുള്ള ആദരസൂചകമായി തലശ്ശേരി, ധര്‍മ്മടം, കണ്ണൂര്‍ മണ്ഡലങ്ങളില്‍ സ്ഥാപനങ്ങള്‍ അടച്ചിടും.

Latest News