Sorry, you need to enable JavaScript to visit this website.

മില്ലറുടെ സെഞ്ചുറി വിഫലം, ഇന്ത്യക്ക് പരമ്പര

ഗുവാഹത്തി - ബൗളര്‍മാര്‍ അരങ്ങുവാണ തിരുവനന്തപുരത്തെ ആദ്യ മത്സരത്തിനു ശേഷം ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ട്വന്റി20യില്‍ ഇന്ത്യയുടെ റണ്‍ മഴ. 51 റണ്‍സ് ജയത്തോടെ മൂന്നു മത്സര പരമ്പരയില്‍ ഇന്ത്യ അജയ്യമായ 2-0 ലീഡ് നേടി. സൂര്യകുമാര്‍ യാദവ് 22 പന്തില്‍ 61 റണ്‍സടിച്ചതോടെ മൂന്നിന് 237 എന്ന വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയ ഇന്ത്യക്കെതിരെ ക്വിന്റന്‍ ഡികോക്കും (48 പന്തില്‍ 69 നോട്ടൗട്ട്) ഡേവിഡ് മില്ലറും (47 പന്തില്‍ 106 നോട്ടൗട്ട്) തമ്മിലുള്ള സെഞ്ചുറി കൂട്ടുകെട്ടിനും പ്രോട്ടിയേഴ്‌സിനെ രക്ഷിക്കാനായില്ല. അവസാന ഓവറില്‍ തുടര്‍ച്ചയായ രണ്ട് സിക്‌സറോടെയാണ് മില്ലര്‍ സെഞ്ചുറിയിലെത്തിയത്. 
അര്‍ഷദീപ് സിംഗ് ആദ്യ ഓവറില്‍ തന്നെ ഇത്തവണയും അവര്‍ക്ക് പ്രഹരമേല്‍പിച്ചു. തന്റെ നാനൂറാം ട്വന്റി20 മത്സരത്തില്‍ ടീമിന് വിജയം സമ്മാനിക്കാന്‍ രോഹിത് ശര്‍മക്കു കഴിഞ്ഞു. സ്‌കോര്‍: ഇന്ത്യ മൂന്നിന് 237, ദക്ഷിണാഫ്രിക്ക മൂന്നിന് 221. 
ഗുവാഹതി ബരസപാറ സ്റ്റേഡിയത്തില്‍ ടോസ് നേടി ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രികക്കക്ക് തൊട്ടതെല്ലാം പിഴച്ചു. ബാറ്റെടുത്ത ഇന്ത്യന്‍ കളിക്കാരെല്ലാം കത്തിക്കയറി. അവസാന അഞ്ചോവറില്‍ 80 റണ്‍സൊഴുകി. ബൗണ്ടറികളിലൂടെ മാത്രം ഇന്ത്യ 100 റണ്‍സ് നേടി. ഇരട്ട സിക്‌സറോടെ ദിനേശ് കാര്‍ത്തിക് (7 പന്തില്‍ 17 നോട്ടൗട്ട്) ഇന്നിംഗ്‌സ് അവസാനിപ്പിച്ചു. 
കെ.എല്‍ രാഹുലും (28 പന്തില്‍ 57) ക്യാപ്റ്റന്‍ രോഹിത് ശര്‍മയും (37 പന്തില്‍ 43) പത്തോവര്‍ പിന്നിടുംമുമ്പെ 96 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. അയ്ദന്‍ മാര്‍ക്‌റമിനെ സിക്‌സറിനുയര്‍ത്തി രാഹുല്‍ 24 പന്തിലാണ് അര്‍ധ ശതകം തികച്ചത്. രോഹിതും രാഹുലും പത്ത് പന്തിനിടെ പുറത്തായ ശേഷം വിരാട് കോലിയും (28 പന്തില്‍ 49 നോട്ടൗട്ട്) സൂര്യകുമാറും കടിഞ്ഞാണേറ്റെടുത്തു. 28 പന്തില്‍ അര്‍ധ ശതകം തികച്ച സൂര്യകുമാര്‍ പത്തൊമ്പതാം ഓവറിലെ ആദ്യ പന്തില്‍ റണ്ണൗട്ടാവുകയായിരുന്നു. ദക്ഷിണാഫ്രിക്കന്‍ ഓപണിംഗ് ബൗളര്‍മാരായ കഗീസൊ റബാദയും (4-0-57-0) വെയ്ന്‍ പാര്‍ണലും (4-0-54-0) കനത്ത ശിക്ഷ വാങ്ങി. പെയ്‌സ്ബൗളര്‍മാരായ ലുന്‍ഗി എന്‍ഗിഡി (4-0-49-0) അയ്ന്റ നോകിയ (3-0-41-0) എന്നിവര്‍ക്കും കണക്കിനു കിട്ടി. സ്പിന്നര്‍മാരായ കേശവ് മഹാരാജും (4-0-23-2) മാര്‍ക്‌റമുമാണ് (1-0-9-0) നിയന്ത്രണം പാലിച്ചത്. 
ഇത്തവണയും ദക്ഷിണാഫ്രിക്കക്ക് തുടക്കം പാളി. മെയ്ഡനായ ആദ്യ ഓവറിനു ശേഷം അര്‍ഷദീപ് ഇരട്ട വിക്കറ്റോടെ തുടങ്ങി. തന്റെ രണ്ടാമത്തെ പന്തില്‍ എതിര്‍ നായകന്‍ തെംബ ബവൂമയെ (0) പറഞ്ഞുവിട്ട അര്‍ഷദീപ് രണ്ടു പന്തിനു ശേഷം റിലീ റൂസോയെ (0) പുറത്താക്കി. നാല് ബൗണ്ടറിയും ഒരു സിക്‌സറുമായി മാര്‍ക്‌റം (19 പന്തില്‍ 33) തിരിച്ചടിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അക്ഷര്‍ പട്ടേലിന്റെ സ്പിന്നില്‍ മാര്‍ക്‌റമിന്റെ സ്റ്റമ്പ് തെറിച്ചു. 
ഏഴാം ഓവറില്‍ മൂന്നിന 47 ല്‍ ഒത്തുചേര്‍ന്ന ഡികോക്കും മില്ലറുമാണ് കനത്ത പരാജയത്തില്‍ നിന്ന് സന്ദര്‍ശകരെ സഹായിച്ചത്. മൂന്നു സിക്‌സറും മൂന്നു ബൗണ്ടറിയുമായി 25 പന്തില്‍ മില്ലര്‍ അര്‍ധ ശതകം തികച്ചു. ക്രമേണ താളം കണ്ട ഡികോക്ക് 39 പന്തില്‍ അര്‍ധ ശതകം കടന്നു. പതിനഞ്ചോവറില്‍ സ്‌കോര്‍ 150 ലെത്തി. അര്‍ഷദീപിന്റെ അവസാന ഓവറില്‍ ഇരുവരും 26 റണ്‍സ് അടിച്ചെടുത്തിട്ടും ഇരുപതാം ഓവറില്‍ ജയിക്കാന്‍ 37 റണ്‍സ് വേണമായിരുന്നു.മില്ലര്‍ 93 ലെത്തിയിരുന്നു. അക്ഷറിനെ മില്ലര്‍ അവസാന ഓവറില്‍ രണ്ട് സിക്‌സറിനുയര്‍ത്തി. അവസാന പന്ത് ഡികോക്കും ഗാലറിയിലേക്കു പറത്തി. എന്നിട്ടും ഇന്ത്യ 16 റണ്‍സിന് ജയിച്ചു. 

Latest News