Sorry, you need to enable JavaScript to visit this website.

മോട്ടോജി.പി ഇന്ത്യയിലേക്കും, ലോക ചാമ്പ്യന്‍ഷിപ് സൗദിയില്‍

ബുരിരാം (തായ്‌ലന്റ്) - ഇരുചക്ര വാഹനങ്ങളുടെ വേഗപ്പോരാട്ടമായ മോട്ടോജി.പിക്ക് ചരിത്രത്തിലാദ്യമായി ഇന്ത്യ അടുത്ത വര്‍ഷം ആതിഥ്യമരുളും. ഉത്തര്‍പ്രദേശിലെ നോയ്ഡയിലെ ബുദ്ധ് ഇന്റര്‍നാഷനല്‍ സര്‍ക്യൂട്ടിലാണ് 2023 സെപ്റ്റംബര്‍ 22-24 തിയ്യതികളിലായി മത്സരം നടക്കുക. 2011 ലും 2013 ലും ഈ സര്‍ക്യൂട്ടില്‍ ഫോര്‍മുല വണ്‍ കാറോട്ട മത്സരം അരങ്ങേറിയിരുന്നു. ഇന്ത്യയില്‍ മോട്ടോര്‍ സ്‌പോര്‍ട്‌സിന് വലിയ ആരാധകവൃന്ദമുണ്ടെന്ന് മോട്ടോജി.പി ചീഫ് എക്‌സിക്യൂട്ടിവ് കാര്‍മിലൊ എസ്പിലേറ്റ പറഞ്ഞു. 20 കോടി മോട്ടോര്‍സൈക്കിളുകളുള്ള ഇന്ത്യ ഇരുചക്ര വാഹനങ്ങളുടെ പ്രധാന മാര്‍ക്കറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോക ചാമ്പ്യന്‍ഷിപ്പിന്റെ റൗണ്ടുകളിലൊന്ന് സൗദി അറേബ്യയില്‍ സംഘടിപ്പിക്കാനുള്ള ധാരണാപത്രത്തിലും മോട്ടോജി.പി ഒപ്പിട്ടു. എപ്പോഴാണ് മത്സരമെന്നോ സൗദിയില്‍ എവിടെ വെച്ചാണെന്നോ വ്യക്തമാക്കിയിട്ടില്ല. 
തീരുമാനം സ്‌പോര്‍ട്‌സ് മന്ത്രി അനുരാഗ് താക്കൂറും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും സ്വാഗതം ചെയ്തു. ഇന്ത്യയില്‍ മത്സരം നടക്കുന്നതില്‍ മത്സരാര്‍ഥികളും സന്തോഷം പ്രകടിപ്പിച്ചു. മനോഹരമായ സര്‍ക്യൂട്ടാണ് ബുദ്ധ് ഇന്റര്‍നാഷനലിലേതെന്ന് നിലവിലെ ചാമ്പ്യന്‍ ഫാബിയൊ ക്വാര്‍ടറാറൊ പറഞ്ഞു.  അടുത്ത വര്‍ഷം കസാഖിസ്ഥാനും മോട്ടോജി.പിയില്‍ അരങ്ങേറും. 
അടുത്ത വര്‍ഷം മുതല്‍ രണ്ടിനങ്ങളില്‍ മത്സരമുണ്ടാവും. ശനിയാഴ്ച ദിവസങ്ങളില്‍ സ്പ്രിന്റും ഞായറാഴ്ച ഗ്രാന്റ്പ്രിയും. യൂറോപ്പില്‍ ആരാധകര്‍ കുറയുന്ന സാഹചര്യത്തിലാണ് മോട്ടോജി.പി പുതിയ കമ്പോളങ്ങള്‍ തേടുന്നത്. 
മാര്‍ച്ച് 24 ന് പോര്‍ചുഗലില്‍ തുടങ്ങുന്ന അടുത്ത സീസണ്‍ നവംബര്‍ 24 ന് സ്‌പെയിനിലെ വലന്‍സിയയില്‍ അവസാനിക്കും. 21 റെയ്‌സുകളുണ്ടാവും. 

Latest News