Sorry, you need to enable JavaScript to visit this website.

ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് ബി. ജെ. പിയില്‍

ന്യൂദല്‍ഹി- ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റും മുന്‍ കാബിനറ്റ് മന്ത്രിയുമായ ഹര്‍ഷ് മഹാജന്‍ ബി. ജെ. പിയില്‍ ചേര്‍ന്നു. ഛംബ നിയമസഭാ മണ്ഡലത്തില്‍ നിന്ന് മൂന്ന് തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ച നേതാവാണ് മഹാജന്‍. 

കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍, ജനറല്‍ സെക്രട്ടറി വിനോദ് താവ്ഡെ എന്നിവരുടെ സാന്നിധ്യത്തില്‍ ദല്‍ഹി ബി. ജെ. പി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് അദ്ദേഹം ബി. ജെ. പി അംഗത്വം സ്വീകരിച്ചത്. കോണ്‍ഗ്രസിന് സംസ്ഥാനത്ത് ദിശാബോധം നഷ്ടപ്പെട്ടതായി അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്ത് പാര്‍ട്ടിക്ക് നേതാവും കാഴ്ച്ചപ്പാടുമില്ലെന്നും അടിത്തട്ടില്‍ പ്രവര്‍ത്തകരില്ല, കുടുംബാധിപത്യം മാത്രമാണുള്ളതെന്നും മഹാജന്‍ പറഞ്ഞു. 

മുന്‍ മന്ത്രിയും സ്പീക്കറുമായ രാജ് മഹാജന്റെ മകനാണ് ഹര്‍ഷ് മഹാജന്‍. 1972 മുതല്‍ കോണ്‍ഗ്രസ് അംഗമായ ഇദ്ദേഹത്തിന് സ്വദേശമായ ഛംബയില്‍ വലിയ സ്വാധീനമാണുള്ളത്. 1986 മുതല്‍ 1995 വരെ സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്നു. 1993, 1998, 2003 വര്‍ഷങ്ങളിലാണ് വിധാന്‍സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1998ല്‍ മൃഗസംരക്ഷണ വകുപ്പ് മന്ത്രിയായിരുന്നു.

Tags

Latest News