Sorry, you need to enable JavaScript to visit this website.

കുനോ നാഷണല്‍ പാര്‍ക്കിലെ നമീബിയന്‍ ചീറ്റകള്‍ക്ക് ജര്‍മന്‍ ഷെപ്പേര്‍ഡിന്റെ കാവല്‍

ന്യൂദല്‍ഹി- കുനോ നാഷണല്‍ പാര്‍ക്കിലെത്തിയ നമീബിയന്‍ ചീറ്റകളെ സംരക്ഷിക്കാന്‍ ജര്‍മ്മന്‍ ഷെപ്പേര്‍ഡ് നായകള്‍. ചീറ്റകളെ വേട്ടക്കാരില്‍ നിന്ന് സംരക്ഷിക്കുകയെന്നതാണ് ജര്‍മ്മന്‍ ഷെപ്പേര്‍ഡുകളുടെ ചുമതല.

ഹരിയാനയിലെ പഞ്ച്കുളയിലുള്ള ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് സേനയുടെ നായകളുടെ പരിശീലന കേന്ദ്രത്തില്‍ ജര്‍മ്മന്‍ ഷെപ്പേര്‍ഡിനുള്ള പരിശീലനം തുടരുകയാണ്. ഏഴ് മാസത്തെ പരിശീലത്തിന് ശേഷം നായകള്‍ കുനോ നാഷണല്‍ പാര്‍ക്കിലെ കാവല്‍ക്കാരായെത്തും. ഡബ്ല്യു. ഡബ്ല്യു. എഫ് (വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ ഇന്ത്യ) ഇന്ത്യയുമായി സഹകരിച്ച് ഐ. ടി. ബി. പിയാണ് ഈ നായ്ക്കളെ പരിശീലിപ്പിക്കുന്നതെന്ന് പരിശീലന കേന്ദ്രത്തിന്റെ ചുമതലയുള്ള ഐ. ജി ഈശ്വര്‍ സിംഗ് ദുഹാന്‍ പറഞ്ഞു. 

ചീറ്റപ്പുലികള്‍ക്ക് പുതിയ സ്ഥലത്ത് സംരക്ഷണം നല്‍കുകയും അപകടം മണത്തറിയുകയും ചെയ്യുന്ന സ്‌ക്വാഡിന്റെ ഭാഗമാണ് നായകള്‍. ഇവയ്ക്ക് കടുവയുടെ തൊലി, അസ്ഥികള്‍, ആനക്കൊമ്പ്, രക്തചന്ദനം തുടങ്ങിയവയും മറ്റ് അനധികൃത വന്യജീവി ഉത്പന്നങ്ങളും കണ്ടെത്താനും പ്രത്യേക പരിശീലനം നല്‍കുന്നുണ്ട്. അനുസരണ ശീലം, മണം പിടിക്കല്‍, ട്രാക്കിംഗ് കഴിവുകള്‍ തുടങ്ങിയവ വളര്‍ത്താന്‍ സഹായിക്കുന്ന രീതിയിലാണ് ഏഴ് മാസത്തെ പരിശീലനം. അടുത്ത വര്‍ഷം ഏപ്രില്‍ മാസത്തിലാണ് പരിശീലനം പൂര്‍ത്തിയായി നായകള്‍ കുനോ നാഷണല്‍ പാര്‍ക്കിലെത്തുക. 

മോഡിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് നമീബിയയില്‍ നിന്നും ഏട്ട് ചീറ്റപ്പുലികളെയാണ് ഇന്ത്യയിലെത്തിച്ചത്. പ്രധാനമന്ത്രി തന്നെയായിരുന്നു പിറന്നാള്‍ ദിനത്തില്‍ കുനോ നാഷണല്‍ പാര്‍ക്കിലേക്ക് ചീറ്റകളെ തുറന്നു വിട്ടത്. 1952-ല്‍ ആണ് ഇന്ത്യയില്‍ ചീറ്റകള്‍ക്ക് വംശനാശം സംഭവിച്ചതായി കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പിന്നീട് 2009ല്‍ ചീറ്റകളെ ആഫ്രിക്കയില്‍ നിന്ന് എത്തിക്കാനുള്ള പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു.

Tags

Latest News