Sorry, you need to enable JavaScript to visit this website.

അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടി ഒക്ടോബര്‍ 17 മുതല്‍ 19 വരെ മര്‍ക്കസ് നോളജ് സിറ്റിയില്‍

കോഴിക്കോട്- അന്താരാഷ്ട്ര സര്‍വകലാശാല മേധാവികളുടെ ആഗോള കാലാവസ്ഥാ ഉച്ചകോടിക്ക് മര്‍ക്കസ് നോളജ് സിറ്റി വേദിയാകുന്നു. കെയ്‌റോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റീസ് ലീഗും കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജാമിഅ മര്‍ക്കസും സംയുക്തമായാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. കാലാവസ്ഥാ വ്യതിയാന പ്രശ്‌നങ്ങള്‍ ലഘൂകരിക്കുന്നതില്‍ അന്താരാഷ്ട്ര പങ്കാളിത്തം എന്നതാണ് ഉച്ചകോടിയുടെ പ്രമേയം.

ഒക്ടോബര്‍ 17 മുതല്‍ 19 വരെ കോഴിക്കോട് മര്‍ക്കസ് നോളജ് സിറ്റി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ നാല്‍പത് രാജ്യങ്ങളില്‍ നിന്നുള്ള ഇരുപതിലധികം സര്‍വകലാശാലകളെ പ്രതിനിധീകരിച്ച് ഇരുന്നൂറിലേറെ പേര്‍ പങ്കെടുക്കും. മൂന്നു ദിവസങ്ങളില്‍ എട്ടു സെഷനുകളിലായി നടക്കുന്ന സമ്മേളനത്തില്‍ വിവിധ സര്‍വകലാശാലകളുടെ മേധാവികള്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. അക്കാദമിക ചര്‍ച്ചകള്‍ക്ക് പുറമേ കാലാവസ്ഥാ വ്യതിയാന പ്രശ്നങ്ങള്‍ ലഘൂകരിക്കുന്നതിന് സഹായിക്കുന്ന കണ്ടുപിടുത്തങ്ങള്‍, ഉത്പന്നങ്ങള്‍, ഉപകരണങ്ങള്‍, പ്രൊജക്ടുകള്‍, പദ്ധതികള്‍ തുടങ്ങിയവയുടെ എക്സിബിഷനും ഉണ്ടാകും. 

കാലാവസ്ഥാ വ്യതിയാനം ആഗോളതലത്തിലും പ്രാദേശിക തലത്തിലും നിര്‍ണായക വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഏഷ്യ, അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക വന്‍കരകളില്‍ നിന്നുള്ള ഇരുന്നൂറിലധികം സര്‍വകലാശാലകള്‍ക്ക് അംഗത്വമുള്ള പ്രബലമായ അക്കാദമിക കൂട്ടായ്മ എന്ന നിലയില്‍ ഇസ്ലാമിക് യൂണിവേഴ്സിറ്റി ലീഗിന്റെ നിലപാടുകളെ അന്താരാഷ്ട്ര നയരൂപീകരണ വേദികള്‍ ഗൗരവത്തോടെയാണ് കാണുന്നത്. ആദ്യമായാണ് അറബ് ഇസ്ലാമിക് രാജ്യങ്ങള്‍ക്ക് പുറത്ത് യൂണിവേഴ്സിറ്റി ലീഗിന്റെ ഇത്തരമൊരു ഉച്ചകോടി നടക്കുന്നത്. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച സുപ്രധാന നിലപാടുകള്‍ പ്രഖ്യാപിക്കന്ന മലബാര്‍ ക്ലൈമറ്റ് ഡിക്ലറേഷനും ഉച്ചകോടി പുറത്തിറക്കും. ഈ പ്രഖ്യാപനം കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ആഗോള സമൂഹം സ്വീകരിക്കേണ്ട നടപടികള്‍ക്കുള്ള മാര്‍ഗ്ഗരേഖയായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ശാസ്ത്രജ്ഞര്‍, സര്‍വകലാശാല മേധാവികള്‍, വ്യവസായ പ്രമുഖര്‍, ഗവേഷകര്‍, സന്നദ്ധ സംഘടനാ മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന വിപുലമായ സംഗമത്തിന് കേരളം ആദ്യമായാണ് വേദിയാകുന്നത്. സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകള്‍ക്ക് അന്താരാഷ്ട്ര സര്‍വകലാശാലകളുമായുള്ള അക്കാദമിക് ധാരണാപത്രങ്ങള്‍ രൂപീകരിക്കുന്നതിനും മര്‍കസ് നോളജ് സിറ്റി വേദിയാകുന്നതാണ്. വര്‍ക്ക്ഷോപ്പുകള്‍, വിവിധ പരിസ്ഥിതി ബോധവത്ക്കരണ പരിപാടികള്‍, കലാപരിപാടികള്‍ തുടങ്ങിവയും ഉച്ചകോടിക്ക് മുന്നോടിയായി നടക്കും.

Latest News