Sorry, you need to enable JavaScript to visit this website.

കള്ളക്കളിയെന്ന് കാള്‍സന്‍, ചെസ് ലോകം നടുങ്ങി

ലണ്ടന്‍ - ദിവസങ്ങളായി കളിക്കാരും ആരാധകരും അടക്കം പറഞ്ഞിരുന്ന ആരോപണം ലോക ചാമ്പ്യന്‍ മാഗ്‌നസ് കാള്‍സന്‍ പരസ്യമായി പ്രഖ്യാപിച്ചതോടെ ചെസ് ലോകം നടുങ്ങി. അമേരിക്കക്കാരനായ പത്തൊമ്പതുകാരന്‍ ഹാന്‍സ് നീമാന്‍ സ്വയം സമ്മതിച്ചതിനെക്കാള്‍ അധികം തവണ കള്ളക്കളി കളിച്ചതായും സമീപകാല മത്സരങ്ങളില്‍ പോലും അങ്ങനെ സംഭവിച്ചിട്ടുണ്ടെന്നും എക്കാലത്തെയും മികച്ച കളിക്കാരനെന്നു കരുതുന്ന കാള്‍സന്‍ ട്വറ്ററില്‍ ആരോപിച്ചു. രണ്ടാഴ്ച മുമ്പ് സെയന്റ് ലൂയിയിലെ സിന്‍ക്വെഫീല്‍ഡ് കപ്പില്‍ കാള്‍സനെ നീമാന്‍ തോല്‍പിച്ചിരുന്നു. തുടര്‍ന്ന് ടൂര്‍ണമെന്റില്‍ നിന്ന് കാള്‍സന്‍ പിന്മാറി. കഴിഞ്ഞയാഴ്ച ജൂലിയസ് ബയര്‍ ജെനറേഷന്‍ കപ്പില്‍ നീമാനെതിരായ കളിയില്‍ ഒരു നീക്കം മാത്രം നടത്തി കാള്‍സന്‍ പിന്‍വാങ്ങി. 
നീമാന്റെ വളര്‍ച്ച അസാധാരണമാണെന്ന് കാള്‍സന്‍ പറഞ്ഞു. എനിക്കെതിരായ കളിയില്‍ നിര്‍ണായക ഘട്ടങ്ങളില്‍ പോലും അയാള്‍ കളിയില്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. എന്നിട്ടും കറുത്ത കരുക്കളുമായി എന്നെ തകര്‍ത്തു. വളരെ അപൂര്‍വം പേര്‍ക്കു മാത്രം സാധിക്കുന്ന കാര്യമാണ് അത് -ഒരു തെളിവും ഉന്നയിക്കാതെ കാള്‍സന്‍ ആരോപിച്ചു. ഇനിയുമൊരുപാട് കാര്യങ്ങള്‍ എനിക്ക് പറയാനുണ്ട്. എന്നാല്‍ ഈ ഘട്ടത്തില്‍ ഉറപ്പുള്ള കാര്യങ്ങള്‍ മാത്രം ഉന്നയിക്കുന്നു. നീമാനുമായി ഇനി കളിക്കില്ലെന്നും കാള്‍സന്‍ പ്രഖ്യാപിച്ചു. 
12-16 വയസ്സുള്ള സമയത്ത് ഓണ്‍ലൈന്‍ മത്സരങ്ങളില്‍ കള്ളക്കളി കളിച്ചിരുന്നതായി നീമാന്‍ സമ്മതിച്ചിരുന്നു. എന്നാല്‍ ഓഫ്‌ലൈന്‍ മത്സരങ്ങളില്‍ അങ്ങനെ ചെയ്തിരുന്നില്ലെന്നും താരം പറയുന്നു. 
കാള്‍സന്റെ ആരോപണം ഗുരുതരമാണെന്നും തെളിവുകള്‍ നല്‍കിയാല്‍ അന്വേഷിക്കാമെന്നും ഇന്റര്‍നാഷനല്‍ ചെസ് ഫെഡറേഷന്‍ പ്രസിഡന്റ് ആര്‍കാഡി ദോര്‍കോവിച് പറഞ്ഞിരുന്നു. എന്നാല്‍ കാള്‍സന്‍ ഒരു നീക്കത്തിനു ശേഷം പിന്മാറിയത് ഉചിതമായില്ല. ലോക ചാമ്പ്യനെന്ന നിലയില്‍ ചെസ്സിന്റെ ആഗോള അംബാസഡറാണ് കാള്‍സന്‍. ഇത്തരം നീക്കങ്ങള്‍ അന്തിമമായി ചെസ്സിന്റെ പ്രതിഛായയെ തന്നെ ബാധിക്കും. ഇത്തരം സാഹചര്യങ്ങള്‍ നേരിടാന്‍ കൂടുതല്‍ മെച്ചപ്പെട്ട വഴിയുണ്ട് -അദ്ദേഹം പറഞ്ഞു. കാള്‍സന്റെ ആരോപണത്തോട് നീമാന്‍ പ്രതികരിച്ചിട്ടില്ല. 

Latest News