Sorry, you need to enable JavaScript to visit this website.

കാര്യവട്ടത്ത് മഴയോ, റണ്‍മഴയോ?


ഇന്ത്യ-ദക്ഷിണാഫ്രിക്ക
ഒന്നാം ട്വന്റി20
ബുധന്‍ വൈകു: 4.30

തിരുവനന്തപുരം - കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ മൂന്നാം ട്വന്റി20 മത്സരത്തിനാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ബുധനാഴ്ച പാഡണിയുക. ഇവിടെ നടന്ന രണ്ട് മത്സരങ്ങളിലൊന്ന് മഴ കാരണം എട്ടോവര്‍ വീതമായി ചുരുക്കേണ്ടി വന്നിരുന്നു. ഇത്തവണ മത്സരത്തിനു മുമ്പുള്ള ദിനങ്ങള്‍ ആവേശപ്പെരുമഴയുടേതായിരുന്നു. മത്സര ദിനം എല്ലാ കളിച്ചൂടും മഴയിലലിയുമോ? മഴ പെയ്‌തേക്കാമെന്നാണ് കാലാവസ്ഥാ പ്രവചനം. 
ട്വന്റി20 ലോകകപ്പിന് മുമ്പുള്ള അവസാന മൂന്നു മത്സരങ്ങളില്‍ ആദ്യത്തേതിലാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഇന്ന് കൊമ്പുകോര്‍ക്കുക. ഒരുപാട് കാര്യങ്ങള്‍ നേരെയാക്കാനുണ്ട്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഡെത്തോവര്‍ ബൗളിംഗിലെ റണ്ണൊഴുക്ക് നിയന്ത്രിക്കുന്നതിനാണ് മുന്‍ഗണന. ഏഷ്യാ കപ്പില്‍ നിര്‍ണായകമായ പത്തൊമ്പതാം ഓവര്‍ എറിഞ്ഞ ഭുവനേശ്വര്‍കുമാറിന് പിഴച്ചിരുന്നു. ഭുവനേശ്വറിനെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പരസ്യമായി പിന്തുണച്ചു. എങ്കിലും ഈ പരമ്പരയില്‍ ഭുവനേശ്വറിന് വിശ്രമമമാണ്. മറ്റൊരു ഡെത്തോവര്‍ സ്‌പെഷ്യലിസ്റ്റ് അര്‍ഷദീപ് സിംഗ് ടീമില്‍ തിരിച്ചെത്തി. 
ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ഡേവിഡ് മില്ലറാണ് താരം. ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ ചാമ്പ്യന്മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു താരം. മില്ലറെ കൈവിട്ട രാജസ്ഥാന്‍ റോയല്‍സ് നിരാശയില്‍ വിരല്‍ കടിച്ചു. ഐ.പി.എല്ലിനു ശേഷം രാജസ്ഥാന്‍ റോയല്‍സിന്റെ രണ്ട് വിദേശ ടീമുകളുടെ ക്യാപ്റ്റനായി മില്ലറെ ഫ്രാഞ്ചൈസി ഉടമകള്‍ നിയമിച്ചു.
ഹാര്‍ദിക് പാണ്ഡ്യയും ദീപക് ഹൂഡയും വിട്ടുനില്‍ക്കുന്നത് ടീമിന്റെ സന്തുലനം തെറ്റിക്കും. റിഷഭ് പന്തിനെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പെടുത്തിയേക്കും. ദിനേശ് കാര്‍ത്തിക് തന്നെയായിരിക്കും വിക്കറ്റ്കീപ്പര്‍. അക്ഷര്‍ പട്ടേല്‍, ദീപക് ചഹര്‍, അര്‍ഷദീപ്, ജസ്പ്രീത് ബുംറ, യുസവേന്ദ്ര ചഹല്‍ എന്നിവര്‍ക്കായിരിക്കും ബൗളിംഗ് ചുമതല.  
ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ തെംബ ബവൂമ പരിക്കിനു ശേഷം തിരിച്ചെത്തുകയാണ്. ബവൂമയുടെ അഭാവത്തില്‍ ഓപണറായി റീസ ഹെന്‍ഡ്രിക്‌സ് നാല് അര്‍ധ ശതകങ്ങള്‍ നേടി. ബവൂമയുടെ അസാന്നിധ്യത്തില്‍ റിലീ റൂസോ ആറു വര്‍ഷത്തിനു ശേഷം ദക്ഷിണാഫ്രിക്കന്‍ ടീമില്‍ തിരിച്ചെത്തി, ഇംഗ്ലണ്ടിനെതിരെ 55 പന്തില്‍ പുറത്താവാതെ 96 റണ്‍സടിക്കുകയും ചെയ്തു. ബവൂമ തിരിച്ചെത്തിയ സാഹചര്യത്തില്‍ റീസ മൂന്നാമനായി ഇറങ്ങിയേക്കും. ദക്ഷിണാഫ്രിക്ക എ ടീമിന്റെ ഭാഗമായി ബവൂമ ഇവിടെ കളിച്ചിട്ടുണ്ട്. വലിയ ഗ്രൗണ്ടായതിനാല്‍ കൂടുതല്‍ ഓടേണ്ടി വരുമെന്ന് ക്യാപ്റ്റന്‍ പറഞ്ഞു.

Latest News