Sorry, you need to enable JavaScript to visit this website.

ക്രിക്കറ്റ് ലഹരിയില്‍ തലസ്ഥാന നഗരി

തിരുവനന്തപുരം-  ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം കാര്യവട്ടം സ്പോര്‍്ട്സ് ഹബ്ബില്‍ നടക്കും. ഇന്ത്യന്‍ സമയം 28 നാ  ണവകുന്നേരം ഏഴിനാണ് മത്സരം തുടങ്ങുക.
ഞായറാഴ്ച തിരുവനന്തപുരത്തെത്തിയ ദക്ഷിണാഫ്രിക്കന്‍ ടീം കാര്യവട്ടം സ്റ്റേഡിയത്തിലെത്തി പരിശീലനം നടത്തി. ഹൈദരാബാദില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ വൈകുന്നേരം തിരുവനന്തപുരത്തെത്തിയ ഇന്ത്യന്‍ ടീം പൂര്‍ണമായും വിശ്രമത്തിനായി ചിലവഴിച്ചു. 27 നാ വൈകുന്നേരം ഇന്ത്യന്‍ സംഘം പരിശീലനത്തിനിറങ്ങും.  ഇരുടീമുകളും  കോവളം ലീലാ ഹോട്ടലിലാണ് താമസം.
സ്റ്റേഡിയത്തിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മത്സരത്തിനായി മൂന്നു പിച്ചുകളും  പരിശീലനത്തിനായി ആറു പിച്ചുകളുമാണ് ക്രമീകരിച്ചിട്ടുള്ളത്. മികച്ച ബാറ്റിംഗ് പിച്ചാണ് തയാറാക്കിയതെന്നാണ് ക്യുറേറ്റര്‍മാരുടെ അഭിപ്രായം. രാത്രി ഒന്‍പതിനുശേഷം ചെറിയതോതില്‍ മഞ്ഞു വീഴാന്‍ സാധ്യത ഉള്ളതിനാല്‍ രണ്ടാമത് ബൗളിംഗ് പ്രയാസമാവും. ടോസ് നിര്‍ണായകമാണ്.  
ക്യാപ്ടന്‍ തെംബ ബവൂമയുടെ നേതൃത്വത്തില്‍ വൈകുന്നേരം അഞ്ചിന് സ്റ്റേഡിയത്തില്‍ പരശീലനത്തിനിറങ്ങിയ ദക്ഷിണാഫ്രിക്കന്‍ ടീം മൂന്നു മണിക്കൂറോളം അവിടെ ചെലവിട്ടു. ക്വിന്റണ്‍ ഡി കോക്ക്, ഡേവിഡ് മില്ലര്‍, ലുംഗി എന്‍ഗിഡി, ആന്റ നോകിയ, മാര്‍ക്കോ യാന്‍സണ്‍, ഹെന്‍ റിഷ് ക്ലാസണ്‍, കഗീസോ റബാദ, തബരീസ് ഷംസി തുടങ്ങിയവര്‍ പരിശീലനത്തിനുണ്ടായിരുന്നു. 
പത്രസമ്മേളനത്തില്‍ സ്റ്റേഡിയത്തെക്കുറിച്ച് ഷംസി മതിപ്പ് പ്രകടിപ്പിച്ചു. ടി20 ലോകകപ്പിനു മുന്നോടിയായുള്ള പരമ്പര എന്ന നിലയില്‍ ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നത്. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കെതിരെ പന്തെറിയുക പ്രയാസമാണ്. എന്നാല്‍ ഇന്ത്യന്‍ പിച്ചുകളില്‍ സ്പിന്നര്‍മാര്‍ മികച്ച പ്രകടനമാണ് നടത്താറുള്ളത്. ആ സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തും -ഷംസി പറഞ്ഞു.
വൈകുന്നേരം തിരുവനന്തപുരത്തെത്തിയ ഇന്ത്യന്‍ സംഘത്തെ  കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍  സ്വീകരിച്ചു. താരങ്ങളെ ഒരു നോക്കു കാണാന്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് ആരാധകരായിരുന്നു വിമാനത്താവളത്തില്‍ തടിച്ചുകൂടിയത്. സുരക്ഷാ വലയത്തില്‍ താരങ്ങള്‍ കോവളത്തെ സ്വകാര്യ ഹോട്ടലിലേക്ക് പോയി. 

Latest News