Sorry, you need to enable JavaScript to visit this website.

മാംസം കഴിക്കുന്ന പുരുഷന്മാര്‍ക്ക് സെക്‌സ് നിഷേധിക്കണമെന്ന് മൃഗസ്‌നേഹികളുടെ സംഘടന

വിര്‍ജീനിയ- മാംസാഹാരത്തിനെതിരായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി മൃഗസ്നേഹികളുടെ ആഗോള സംഘടനയായ പീപ്പിള്‍ ഫോര്‍ ദ എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് അനിമല്‍സ് (പെറ്റ). മാംസം കഴിക്കുന്ന പുരുഷന്‍മാര്‍ക്ക് സെക്സ് നിഷേധിക്കണമെന്ന് പെറ്റ സ്ത്രീകളോട് ആഹ്വാനം ചെയ്തു. മാംസാഹാരികള്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ തീവ്രത കൂട്ടുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് പെറ്റയുടെ ക്യാംപെയ്ന്‍.

ശാസ്ത്ര മാസികയായ 'പ്ലോസ് വണ്ണില്‍' പ്രസിദ്ധീകരിച്ച ഗവേഷണം സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്‍മാരാണ് കാലാവസ്ഥാ ദുരന്തത്തിന് സംഭാവന ചെയ്യുന്നതെന്ന് കണ്ടെത്തിയിരിക്കുന്നുവെന്നും പ്രധാനമായും മാംസം കഴിക്കുന്നതിലൂടെയാണിതെന്നും പറയുന്നു. പുരുഷന്‍മാരുടെ ഇറച്ചി തീറ്റ 41 ശതമാനം അധികം ഹരിത ഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനത്തിന് ഇടയാക്കുന്നതായും പെറ്റ പ്രസ്താവനയില്‍ പറഞ്ഞു. 

ഇറച്ചി ചുട്ട് കഴിക്കുന്ന ഗ്രാമീണ പുരുഷന്‍മാരെയാണ് പെറ്റ പ്രധാനമായും വിമര്‍ശിച്ചത്. ബിയര്‍ ബോട്ടില്‍ കൈയില്‍ പിടിച്ച് കൊടിലുകള്‍ കാണിച്ച് നഗരത്തിന് പുറത്ത് താമസിക്കുന്ന പുരുഷന്‍മാര്‍ മാംസം പാകം ചെയ്യുന്നു. ഇറച്ചി തിന്നുന്നതുകൊണ്ട് തങ്ങളുടെ പൗരുഷം തെളിയിക്കാനാകുമെന്നാണ് ഈ ബാര്‍ബെക്യൂ മാസ്റ്റര്‍മാരുടെ വിചാരം. ഇത് മൃഗങ്ങളെ മാത്രമല്ല, ഭൂലോകത്തെ തന്നെ ദോഷകരമായി ബാധിക്കുന്നുവെന്ന് പെറ്റ കുറ്റപ്പെടുത്തി. മാംസം കഴിക്കുന്ന ഭര്‍ത്താക്കന്‍മാര്‍ക്കും കാമുകന്‍മാര്‍ക്കും സെക്സ് നിഷേധിക്കണമെന്ന് തങ്ങള്‍ ജര്‍മനിയിലെ സ്ത്രീകളോട് ആവശ്യപ്പെടുകയാണെന്ന് പെറ്റയുടെ ജര്‍മന്‍ പ്രതിനിധി ഡോ. കാരിസ് ബെന്നറ്റ് ടൈംസ് റേഡിയോയിലൂടെ പ്രതികരിച്ചു.

പത്ത് വര്‍ഷത്തിനിടെ ബ്രിട്ടനില്‍ മാംസം കഴിക്കുന്നത് 17 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി കുറഞ്ഞു. പക്ഷെ, ലോകത്ത് നമ്മള്‍ ഇപ്പോഴും ഓരോ വര്‍ഷവും ശതകോടിക്കണക്കിന് കോഴികളേയും പശുക്കളേയും പന്നികളേയും കൊല്ലുന്നു. എല്ലാവരും സസ്യാഹാരികളാകണം. മാംസം കഴിക്കല്‍ നിര്‍ത്തുന്നത് കാലാവസ്ഥയെ സഹായിക്കും. വനനശീകരണണവും പകര്‍ച്ചവ്യാധികളും മലിനീകരണവും മറ്റ് പാരിസ്ഥിതിക ആഘാതങ്ങളും കുറയ്ക്കുമെന്നും പെറ്റ പ്രതിനിധി കൂട്ടിച്ചേര്‍ത്തു.

Latest News