Sorry, you need to enable JavaScript to visit this website.

ബില്‍ക്കീസ് ബാനുവിന് ഐക്യദാര്‍ഢ്യം; സന്ദീപ് പാണ്ഡെയെ വിട്ടയച്ചു

ഗോധ്ര- ബില്‍ക്കിസ് ബാനുവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ആസൂത്രണം ചെയ്ത മാര്‍ച്ചിന് മുന്നോടിയായി കസ്റ്റഡിയിലായ സാമൂഹിക പ്രവര്‍ത്തകന്‍ സന്ദീപ് പാണ്ഡെയെ പോലീസ് വിട്ടയച്ചു. ഞായറാഴ്ച രാത്രിയാണ് സന്ദീപ് പാണ്ഡെയെയും മറ്റു മൂന്നുപേരെയും ഗോധ്ര പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് നടത്താനിരുന്ന റാലിക്ക് മുന്നോടിയായിട്ടായിരുന്നു മഗ്സസെ അവാര്‍ഡ് ജേതാവ് കൂടിയായ സന്ദീപ് പാണ്ഡെ അടക്കമുള്ളവര്‍ക്കെതിരായ പോലീസ് നടപടി. 

ഗുജറാത്ത് വംശഹത്യക്കിടയില്‍ ഏഴു കുടുംബാംഗങ്ങള്‍ കൊല്ലപ്പെടുകയും കൂട്ട ബലാത്സംഗത്തിനിരയാവുകയും ചെയ്ത ബില്‍കീസ് ബാനുവിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് റാലി നടത്താനായിരുന്നു ഹിന്ദു- മുസ്‌ലിം ഏകതാ സമിതിയുടെ തീരുമാനം. സമിതിയുടെ നേതൃത്വത്തില്‍ 'ബില്‍ക്കീസ് ബാനുവിനോട് മാപ്പ് പറയുന്നു' എന്ന ശീര്‍ഷകത്തില്‍ തിങ്കളാഴ്ച മുതല്‍ ഒക്ടോബര്‍ നാല് വരെയാണ് മാര്‍ച്ച് പ്രഖ്യാപിച്ചിരുന്നത്. പോലീസ് നടപടിയെ ഹിന്ദു- മുസ്‌ലിം ഏകതാ സമിതി അപലപിച്ചു. 

ജാഥ ബില്‍കീസ് ബാനുവിന്റെ സ്ഥലമായ ദാഹോദ് ജില്ലയിലെ രണ്‍ധിക്പൂരില്‍ നിന്ന് പുറപ്പെടാനായിരുന്നു പദ്ധതി. എന്നാല്‍, ഞായറാഴ്ച രാത്രി പത്തരയോടെ ഗോധ്രയില്‍ നിന്ന് സന്ദീപ് പാണ്ഡെയെയും മറ്റ് മൂന്ന് പേരെയും ഗുജറാത്ത് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബില്‍കീസിനോട് ക്ഷമ ചോദിക്കാന്‍ മാത്രമേ തങ്ങള്‍ ആഗ്രഹിക്കുന്നുള്ളൂവെന്നും ഗുജറാത്തില്‍ ഇത്തരം ഹീനമായ പ്രവൃത്തികള്‍ ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നുവെന്നും സംഘടന പ്രസ്താവനയില്‍ പറഞ്ഞു.

രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിച്ചതിന് പിന്നാലെയാണ് ബില്‍ക്കീസ് ബാനുവിനെ കൂട്ടബലാത്സംഗത്തിനിരയാക്കിയ 11 പേര്‍ ഗോദ്ര സബ് ജയിലില്‍ നിന്ന് ജാമ്യത്തിലിറങ്ങിയത്. സംസ്ഥാന ബി. ജെ. പി സര്‍ക്കാരാണ് ജാമ്യം അനുവദിച്ചത്. 2002ലെ ഗുജറാത്ത് കലാപത്തിനിടെ അഞ്ച് മാസം ഗര്‍ഭിണിയായ 19കാരിയെ കൂട്ടബലാത്സംഗം ചെയ്യുകയും കുഞ്ഞിനെയടക്കം കുടുംബത്തിലെ ഏഴ് പേരെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതികളെയാണ് വിട്ടയച്ചത്.

Tags

Latest News