Sorry, you need to enable JavaScript to visit this website.

രാജ്യത്തെ ഏറ്റവും മികച്ച സ്ത്രീ-പുരുഷ ലിംഗാനുപാതം കേരളത്തില്‍

ന്യൂദല്‍ഹി- രാജ്യത്തെ ഏറ്റവും മികച്ച സ്ത്രീ-പുരുഷ ലിംഗാനുപാതം കേരളത്തിലാണെന്ന് സാമ്പിള്‍ രജിസ്‌ട്രേഷന്‍ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കല്‍ റിപ്പോര്‍ട്ട്. ഏറ്റവും മോശമായ ലിംഗാനുപാതം ഉത്തരാഖണ്ഡില്‍. 2020 ലെ സാമ്പിള്‍ രജിസ്ട്രേഷന്‍ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം ഉള്ള കണക്കുകള്‍ ആണ് പുറത്തു വന്നിരിക്കുന്നത്. 1000:844 ( ആയിരം പുരുഷന്‍മാര്‍ക്ക് 844 സ്ത്രീകള്‍) ആണ് ഉത്തരാഖണ്ഡിലെ ലിംഗാനുപാതം. 974:1000 ആണ് കേരളത്തിലെ അനുപാതം. കഴിഞ്ഞ ദിവസമാണ് രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ (ആര്‍ജിഐ) റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
രാജ്യത്തെ മുഴുവന്‍ കണക്കനുസരിച്ച് 2017-19 കാലയളവിലെ ലിംഗാനുപാതമായ 904 ല്‍നിന്ന് 2018 -20 കാലയളവില്‍ മൂന്നു പോയിന്റ് വര്‍ധനയുണ്ടായിട്ടുണ്ട്. ഗ്രാമങ്ങളില്‍ ഇത് 907 ഉം നഗരങ്ങളില്‍ 910 ഉം ആയിരുന്നു. റിപ്പോര്‍ട്ട് അനുസരിച്ച് ദല്‍ഹിയില്‍ (860), ഹരിയാന (870), മഹാരാഷ്ട്ര(876), ഗുജറാത്ത് (876) , തെലങ്കാന (892) എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ ലിംഗാനുപാതം.
ജനന സമയത്ത് ഏറ്റവും ഉയര്‍ന്നതും താഴ്ന്നതുമായ ലിംഗാനുപാതം ഗ്രാമപ്രദേശങ്ങളില്‍ യഥാക്രമം കേരളം (973), ഉത്തരാഖണ്ഡ് (853 ) എന്നീ സംസ്ഥാനങ്ങളിലാണ്. നഗരപ്രദേശങ്ങളിലെ ജനന സമയത്തെ ലിംഗാനുപാതം കേരളത്തില്‍ 975 ഉം ഉത്തരാഖണ്ഡില്‍ 821 ഉം ആണ്. 2014-16-ല്‍ 850, 2015-17-ല്‍ 841, 2016-18-ല്‍ 840, 2017-2019-ല്‍ 848, 2018-2020-ല്‍ 844 എന്നിങ്ങനെയാണ് മലയോര മേഖലയിലെ ജനന സമയത്തുള്ള ലിംഗാനുപാതം. ലിംഗാനുപാതത്തോടൊപ്പം രാജ്യത്തെ ജനനത്തിന് മുന്‍പുള്ള ലിംഗനിര്‍ണ്ണയങ്ങളുടെയും പെണ്‍ ഭ്രൂണഹത്യകളുടെയും കേസുകളുടെ എണ്ണവും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. പെണ്‍ഭ്രൂണഹത്യകേസുകള്‍ക്ക് കുപ്രസിദ്ധമായ ഹരിയാനയില്‍ ഗ്രാമീണ ലിംഗാനുപാതം 868 ഉം നഗരങ്ങളില്‍ അത് 874 ഉം ആണ്.
അഞ്ചു തലമുറകള്‍ പിന്നിട്ടെങ്കിലും 70 % സ്ത്രീകള്‍ക്ക് ഇപ്പോഴും കുടുംബസമ്പത്തുകള്‍ക്കോ ഉന്നത വിദ്യാഭ്യാസത്തിനോ ശരിയായ ആരോഗ്യ വിഭവങ്ങള്‍ക്കോ ഉള്ള അവകാശം ഇല്ല. സ്വന്തം വീട്ടില്‍ തന്നെ രണ്ടാം തരം പൗരന്‍ ആയി ജീവിക്കാന്‍ അവരെ പാകപ്പെടുത്തി വെച്ചിരിക്കുകയാണ്. തീരുമാനങ്ങള്‍ എടുക്കാനും ഭയമില്ലാതെ സംസാരിക്കാനും ഉത്തരവാദിത്തമുള്ള ഉല്‍പ്പാദന ക്ഷമതയുള്ള ആഗോള പൗരനായി വളരാനുമുള്ള ശക്തി അവര്‍ക്ക് ലഭിക്കുന്നില്ലെന്നാണ് ഉത്തരാഖണ്ഡിലെ ലിംഗാനുപാതം ക്രമാതീതമായി മാറിയതിന് പിന്നിലെ കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്.

 

Latest News