Sorry, you need to enable JavaScript to visit this website.

റിയാദ് അന്താരാഷ്ട്ര പുസ്തക മേള ഉത്സവമാക്കാൻ ഡി.സി ബുക്‌സ്

റിയാദ്- ഈ മാസം 29ന് റിയാദ് വിമാനത്താവള റോഡിലെ റിയാദ് ഫ്രൻഡിൽ ആരംഭിക്കുന്ന റിയാദ് അന്താരാഷ്ട്ര പുസ്തകമേള മലയാളികളുടെ ഉത്സവമാക്കാൻ ഡി.സി ബുക്‌സ് രംഗത്ത്. കഴിഞ്ഞ വർഷത്തെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ വൈവിധ്യമാർന്ന പുസ്തകങ്ങളുടെ ശേഖരവുമായാണ് ഡി.സി ബുക്‌സ് ഇക്കുറി എത്തുന്നത്.
ലക്കി ഡ്രോ മത്സരങ്ങളും കുട്ടികൾക്കായി ചിത്രരചന മത്സരങ്ങളും പുസ്തക പ്രകാശനങ്ങളും മേളയോടനുബന്ധിച്ച് ഡി.സി ബുക്‌സ് സംഘടിപ്പിച്ചിട്ടുണ്ട്. 48-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പ്രസിദ്ധീകരിച്ച എല്ലാ പുസ്തകങ്ങളും ഇ 41-ാം സ്റ്റാളിൽ ലഭ്യമാകും.
കുട്ടികളുടെ ചിത്രരചന മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഈ മാസം 30 ന് മുമ്പ് ചിത്രങ്ങൾ ഡി.സി ബുക്‌സിന് [email protected] എന്ന വിലാസത്തിലോ 9946109449 എന്ന വാട്‌സാപ്പ് നമ്പറിലോ അയച്ചു നൽകണം. വിജയികൾക്ക് പുസ്തക മേളയിൽ 10 ശതമാനം വിലക്കുറവിൽ പുസ്തകങ്ങൾ ലഭിക്കും. 
നാലു മുതൽ 17 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് പങ്കെടുക്കാൻ അവസരമുള്ളത്. കുട്ടിയുടെ പേര്, വയസ്സ്, ക്ലാസ്, സ്ഥലം, രക്ഷിതാവിന്റെ ഫോൺ നമ്പർ എന്നിവ ചേർത്തിരിക്കണം.
കഥ, കവിത, നോവൽ, ജനപ്രിയ ഗ്രന്ഥങ്ങൾ, ക്ലാസിക്കുകൾ, റഫറൻസ് പുസ്തകങ്ങൾ, ബാലസാഹിത്യം, ഡിക് ഷ്ണറികൾ, മത്സരപരീക്ഷാ സഹായികൾ, ആധ്യാത്മിക ഗ്രന്ഥങ്ങൾ, പാചകം, യാത്രാവിവരണങ്ങൾ, ജീവചരിത്രം, ആത്മകഥ, ആരോഗ്യം തുടങ്ങി വിവിധ മേഖലകളുമായി സംവദിക്കുന്ന പുസ്തകങ്ങൾ ഡി.സി ബുക്‌സ് സ്റ്റാളിൽ ലഭ്യമാകും.
കഴിഞ്ഞ വർഷം അന്താരാഷ്ട്ര പുസ്തകമേളയിൽ കേരളത്തിൽ നിന്ന് ഡി.സി ബുക്‌സ് മാത്രമാണ് ഉണ്ടായിരുന്നത്. ഒക്ടോബർ എട്ടു വരെ നീണ്ടു നിൽക്കുന്ന മേളയിൽ എല്ലാ ദിവസവും രാവിലെ 11 മുതൽ രാത്രി 12 വരെയാണ് പ്രവേശനമുണ്ടാവുക. തുനീഷ്യയാണ് ഈ വർഷത്തെ അതിഥി രാജ്യം.
കേരളത്തിൽ നിന്ന് ഡി.സിക്ക് പുറമെ ഹരിതം, പൂർണ, ഒലിവ് എന്നിവരുടെ സ്റ്റാളുകളും മേളയിലുണ്ടാകും. ചിന്ത, പ്രഭാത് പ്രസാധകരുടെ പുസ്തകങ്ങളും ലഭ്യമാകും. ഡോ. എം.കെ മുനീർ, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, എൻ.പി ഹാഫിസ് മുഹമ്മദ്, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ തുടങ്ങിയവർ മേളയ്‌ക്കെത്തും.

Tags

Latest News