Sorry, you need to enable JavaScript to visit this website.

ഒരു ലക്ഷം പൊതിച്ചോറും പാർപ്പിടവും ഉപരിപഠന സഹായവുമായി റിയാദ് കേളി

റിയാദ്- കേളി കലാ സാംസ്‌കാരിക വേദിയുടെ പതിനൊന്നാം കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായി മൂന്നു തീരുമാനങ്ങൾ സമ്മേളനം പ്രഖ്യാപിച്ചു. കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ഒരു ലക്ഷം പൊതിച്ചോറും, കേളി അംഗങ്ങളായ നിർധന കുടുംബത്തിനായി പാർപ്പിടവും, മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനായി പഠന സൗകര്യവും ഒരുക്കുന്ന പദ്ധതികൾക്കാണ് റിയാദ് കേളി കലാ സാംസ്‌കാരിക വേദി തുടക്കം കുറിക്കുന്നത്.
കേളി പതിനൊന്നാം കേന്ദ്ര സമ്മേളനത്തിൽ സി.പി.ഐ.എം സെക്രട്ടറിയേറ്റ് അംഗം പി.കെ.ബിജുവിന്റെ സാന്നിധ്യത്തിൽ കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം സാദിഖ് ആണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. പിന്നാലെ പതിനായിരം പൊതിച്ചോറുകൾ നൽകാൻ തയാറായി വിവിധ ഏരിയാ കമ്മറ്റികൾ മുന്നോട്ടു വന്നു. മലസ് ഏരിയ ഒലയ്യ യൂനിറ്റിൽ നിന്നു മാത്രം രണ്ടായിരത്തോളം പൊതിച്ചോറുകൾ നൽകാനായി പ്രവർത്തകർ മുന്നോട്ട് വന്നത് സമ്മേളനത്തിൽ ആവേശം പകർന്നു.
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ നിന്ന് തുടങ്ങി കേരളത്തിലെ സാധ്യമായ ഇടങ്ങളിലെ സർക്കാർ ആശുപത്രികളിലെ നിർധനരായ രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും കൂടാതെ സർക്കാർ അഗതി മന്ദിരങ്ങളിലെ അന്തേവാസികൾക്കും കേളിക്ക് കഴിയുന്ന രീതിയിൽ ഭക്ഷണമെത്തിക്കുന്ന പ്രവർത്തനം നടത്തുമെന്നും, ഇതിന്റെ ഭാഗമായി കേളിയുടെ പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന് മുൻപ് ഒരു ലക്ഷം പൊതിച്ചോറുകൾ കേരളത്തിൽ നൽകുമെന്നും ഭാരവാഹികൾ 
അറിയിച്ചു.
സ്വന്തമായി ഭൂമി ഉണ്ടായിട്ടും വിവിധ പ്രയാസങ്ങൾ കാരണം സ്വന്തമായൊരു വീടെന്നത് യാഥാർഥ്യമാക്കാൻ കഴിയാത്ത, കേളിയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന പ്രവർത്തകർക്ക് കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വീട് നിർമിച്ചു നൽകുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾക്ക്  കേളി ഭവന പദ്ധതി ആരംഭിക്കും. 
സാമ്പത്തികമായി വളരെയധികം പിന്നോക്കം നിൽക്കുന്ന, പഠന രംഗത്തു മികവ് തെളിയിക്കുന്ന, കേളിയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന പ്രവർത്തകരുടെ മക്കൾക്ക് സാമ്പത്തിക പ്രയാസം കാരണം പഠനം നിർത്തിവെക്കേണ്ട സാഹചര്യം വരികയാണെങ്കിൽ കേളിക്ക് കഴിയുന്ന രീതിയിൽ കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ അവരെ സഹായിക്കുന്നതിന് വിദ്യാഭ്യാസ സഹായ പദ്ധതി ആവിഷ്‌കരിക്കുമെന്നും സമ്മേളനത്തിൽ പ്രഖ്യാപിച്ചു. ഈ മൂന്നു പദ്ധതികളും സമയബന്ധിതമായി നടപ്പിൽ വരുത്തുന്നതിന്ന് സമ്മേളനം കേന്ദ്ര കമ്മിറ്റിയെ ചുമതലപ്പെടുത്തി.
 

Tags

Latest News