Sorry, you need to enable JavaScript to visit this website.

വർഗീയത ഏതു കോണിൽനിന്നു വന്നാലും ചെറുത്തു തോൽപിക്കും -രാഹുൽ ഗാന്ധി

തൃശൂർ- രാജ്യത്ത് വർഗീയത ഏതു കോണിൽ നിന്നു വന്നാലും ശക്തമായി ചെറുത്തു തോൽപിക്കുമെന്ന് രാഹുൽ ഗാന്ധി. ഈ പോരാട്ടത്തിൽ ജനങ്ങളെല്ലാം കൂടെയുണ്ടാകണമെന്നും അദ്ദേഹം അഭ്യർഥിച്ചു. 
തൃശൂർ തെക്കേ ഗോപുരനടയിൽ ഭാരത് ജോഡോ യാത്രയ്ക്ക് നൽകിയ സ്വീകരണ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഭജിക്കുന്ന രാഷ്ട്രീയത്തോടും രാജ്യത്തെ ദുർബലമാക്കുന്ന വിലക്കയറ്റം, തൊഴിലില്ലായ്മ, കോർപറേറ്റ് വത്കരണം എന്നിവയോടും വിട്ടുവീഴ്ച ചെയ്യാനാവില്ല. ഇവയ്‌ക്കെതിരായ പോരാട്ടത്തിൽ ജാതിമത ഭേദമന്യേ രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കുകയാണ് ഭാരത് ജോഡോ യാത്രയുടെ പ്രഖ്യാപിത ലക്ഷ്യം. കേരളത്തിൽ അഭ്യസ്ഥ വിദ്യരായവരുടെ തൊഴിലില്ലായ്മ രൂക്ഷമാണ്. അതുപോലെ തന്നെ ഉന്നത വിദ്യാഭ്യാസത്തിനും സംസ്ഥാനത്ത് വേണ്ടത്ര കേന്ദ്രങ്ങളില്ല. യാത്രയിൽ ഞാൻ കണ്ടുമുട്ടിയ യുവജനങ്ങളിൽ നിന്നാണ് കാര്യങ്ങൾ മനസിലാക്കിയത്. ഉന്നത വിദ്യാഭ്യാസത്തിനും മികച്ച തൊഴിലവസരത്തിനുമായി നാടു വിടേണ്ട ഗതികേടിലാണ് കേരളത്തിലെ യുവജനങ്ങൾ. 
ഇതു പരിഹരിക്കാനായി കേരള സർക്കാർ ശക്തമായ ഇടപെടൽ നടത്തണം. മുഖ്യമന്ത്രിയും സർക്കാരും പരിഹാര മാർഗങ്ങൾ കണ്ടെത്തുന്നതിനായി ഉന്നത വിദ്യാഭ്യാസ രംഗത്തെയും സർവകലാശാലകളിലെ വിദഗ്ധരുടെയും അഭിപ്രായങ്ങൾ സമന്വയിപ്പിക്കണം. ഭാരത് ജോഡോ യാത്രയിൽ തനിക്കും പാർട്ടിക്കും ഊർജം പകർന്നു നൽകുന്ന ജനങ്ങളോട് അതിയായ നന്ദിയുണ്ട്. 
തൃശൂരിന്റെ മണ്ണിലെത്തുമ്പോൾ കേരളത്തിന്റെ വികസനത്തിന് ഏറെ സംഭാവനകൾ നൽകിയ മഹാനായ ലീഡർ കെ.കരുണാകരനെ ഓർത്തു പോവുകയാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി വേണുഗോപാൽ, താരിഖ് അൻവർ, ജാഥാ കോഡിനേറ്റർ കൊടിക്കുന്നിൽ സുരേഷ് എം.പി, കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, രമേശ് ചെന്നിത്തല എം.എൽ.എ, എം.പിമാരായ കെ.മുരളീധരൻ, ബെന്നി ബഹനാൻ, രമ്യ ഹരിദാസ്, യു.ഡി.എഫ് കൺവീനർ എം.എം ഹസ്സൻ, മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ, കെ.പി.സി.സി എക്‌സിക്യൂട്ടീവ് മെമ്പർ പത്മജ വേണുഗോപാൽ, പി.സി വിഷ്ണുനാഥ് എം.എൽ.എ, വി.ടി ബൽറാം, അനിൽ അക്കര എന്നിവർ സംസാരിച്ചു. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ സ്വാഗതവും ടി.എൻ പ്രതാപൻ എം.പി നന്ദിയും പറഞ്ഞു.

Latest News