Sorry, you need to enable JavaScript to visit this website.

കണ്ണൂർ ദസറ വീണ്ടുമെത്തുന്നു, ആഘോഷരാവിനൊരുങ്ങി നഗരം

കണ്ണൂർ-കണ്ണൂരിന് നിറങ്ങളുടെയും കാഴ്ചകളുടെയും സംഗീതത്തിന്റെയും വിരുന്നൊരുക്കി കണ്ണൂർ ദസറ ഇടവേളയ്ക്കു ശേഷം വീണ്ടുമെത്തുന്നു. ഒരു കാലത്ത് കണ്ണൂരിലെ ജനത പ്രൗഢിയോടെ നെഞ്ചിലേറ്റിയിരുന്ന രണ്ടാം ദസറ എന്നറിയപ്പെട്ടിരുന്ന നവരാത്രി ആഘോഷത്തിന് തിങ്കളാഴ്ച തുടക്കമാവുമെന്ന് കോർപ്പറേഷൻ മേയർ അഡ്വ.ടി.ഒ.മോഹനൻ അറിയിച്ചു.     
കണ്ണൂരിലെ വാണിജ്യ മേഖലയെ ഉത്തേജിപ്പിച്ചിരുന്ന വ്യാപാര ഉത്സവം കൂടിയായിരുന്ന കണ്ണൂർ ദസറയുടെ  ഗരിമ വീണ്ടെടുത്ത് എല്ലാ വിഭാഗം ജനങ്ങൾക്കും ഒത്തൊരുമിക്കാനുള്ള  വേദി സൃഷ്ടിക്കുകയാണ് ലക്ഷ്യം. നാടാകെ  പടരുന്ന ലഹരിവിപത്തിനെതിരെയായ സന്ദേശത്തിലൂന്നിയാണ്  ഇത്തവണത്തെ കണ്ണൂർ ദസറ സംഘടിപ്പിക്കുന്നത്. 'കളറാക്കാം ദസറ,  കളയാം ലഹരിക്കറ' എന്നാണ് മുദ്രാവാക്യം. ദസറവേദിയിൽ ലഹരി വിരുദ്ധ സന്ദേശങ്ങളടങ്ങിയ ഷോർട്ട് ഫിലിം പ്രദർശനവും മറ്റ് പരിപാടികളും ഉണ്ടായിരിക്കും. ലഹരി വിപത്തിനെതിരെ ശക്തമായ പ്രതിരോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഡി.ടി.പി.സി, കേരള ഫോക് ലോർ അക്കാദമി എന്നിവയുടെ സഹകരണവും പരിപാടികൾക്കുണ്ട്. സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 4 വരെ കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ എല്ലാ ദിവസവും വർണ്ണശബളമായ കലാപരിപാടികളും സാസ്‌കാരിക സമ്മേളനങ്ങളും നടക്കും. 
ജാതിമതവർണ്ണവർഗരാഷ്ട്രീയ അതിരുകളില്ലാത്ത  ബഹുജന പങ്കാളിത്തമാണ്  കണ്ണൂർ ദസറയിൽ പ്രതീക്ഷിക്കുന്നത്. കണ്ണൂർ ദസറ എല്ലാ വർഷവും നടത്തികൊണ്ട് സ്ഥിരം കലാവേദി എന്ന നിലയിലേക്കുയർത്തി ആഗോള ടൂറിസം ഭൂപടത്തിൽ ഇടം നേടാനും ഉദ്ദേശിക്കുന്നു.
കണ്ണൂർ ദസറയുടെ പ്രചാരണാർത്ഥം വ്‌ളോഗർമാരുടെയും സമൂഹമാധ്യമ പ്രവർത്തകരുടെയും കൂട്ടായ്മ ഇക്കഴിഞ്ഞ ദിവസം നടന്നു. വൻ ബഹുജന പങ്കാളിത്തത്തോടെ വിളംബരജാഥയും നടന്നു. ദസറയുടെ പ്രചരണാർത്ഥം വരും ദിവസങ്ങളിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫ്ലാഷ് മോബ് അരങ്ങേറും . കണ്ണൂരിലെ പത്രപ്രവർത്തകരുടെ പ്രസ്സ്‌ക്ലബ് ടീമും കൗൺസിലർമാരും ജീവനക്കാരുമടങ്ങിയ കോർപറേഷൻ ടീമൂം തമ്മിലുള്ള  സൗഹൃദ ഫുട്ബാൾ മത്സരവും നടക്കും. ദസറയ്ക്ക് മുന്നോടിയായി ബഹുജന പങ്കാളിത്തത്തോടെ കോർപറേഷൻ പരിധിയിൽ 'കളറാക്കാം ദസറ, ക്ലീനാക്കാം കണ്ണൂർ' എന്ന സന്ദേശമുയർത്തികൊണ്ട് ശുചീകരണ പരിപാടിയും നടക്കുമെന്നും മേയർ പറഞ്ഞു.

Latest News